സന്നിധാനം – ശബരിമലയിലേക്ക് അഭൂതപൂർവ്വമായ ഭക്തജന പ്രവാഹം. തിരക്ക് നിയന്ത്രിക്കാനാവാതെ പൊലീസ് ബുദ്ധിമുട്ടുന്നു. തിരക്ക് നിയന്ത്രണാതീതമായതോടെ കാര്യങ്ങൾ കൈവിട്ടു. സന്നിധാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേടുകൾ അടക്കം തകർത്ത് തീർത്ഥാടകർ കൂട്ടത്തോടെ പതിനെട്ടാം പടിക്ക് സമീപത്തേക്ക് തള്ളി കയറി.
തിരക്ക് വദ്ധിച്ചതോടെ വെള്ളിയാഴ്ച രാത്രി 10 മണി മുതൽ പത്തനംതിട്ടയിലും നിലക്കലിലും കെ.എസ്.ആർ.ടി.സി ബസുകൾ അടക്കമുള്ള വാഹനങ്ങൾ മണിക്കൂറുകൾ പിടിച്ചിട്ടു. വാഹനങ്ങളുടെ നിയന്ത്രണം ഇപ്പോഴും തുടരുകയാണ്. വെള്ളിയാഴ്ച നെയ്യഭിഷേകം ചെയ്യാൻ സാധിക്കാതെ വന്ന പതിനായിരക്കണക്കിന് ഭക്തർ സന്നിധാനത്ത് തമ്പടിച്ചു. ഇതും തിരക്ക് വർദ്ധിക്കാൻ കാരണമായി. തിരക്ക് നിയന്ത്രിക്കാൻ ആവാതെ വന്നതോടെ സന്നിധാനത്തിന്റെ പല ഭാഗങ്ങളിലും ഭക്തരും പൊലീസുകാരും തമ്മിൽ വാക്കേറ്റവും ഉന്തുതള്ളും വരെ ഉണ്ടായി.
കാനനപാതകൾ കൂടി സജീവമായതോടെ ജനസാഗരമായിരുന്നു സന്നിധാനത്ത് അനുഭവപ്പെത്. നടപ്പന്തലും സന്നിധാനത്തേക്ക് പ്രവേശിക്കുന്ന എല്ലാ ഭാഗങ്ങളും ഭക്തരെ കൊണ്ട് നിറഞ്ഞു. ഇന്നും അഭൂതപൂർവ്വമായ തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്ക് നിയന്ത്രിക്കാൻ സന്നിധാനത്തേക്ക് എത്തുന്ന അയ്യപ്പന്മാരുടെ എണ്ണത്തിൽ നിയന്ത്രണം ഉണ്ടാകണമെന്ന ആവിശ്യം ശക്തമാണ്. വാഹനങ്ങൾ നിലക്കൽ നിന്നും നിയന്ത്രിക്കുന്നതിലൂടെ കുറച്ചൊക്കെ സാദ്ധ്യമാണെങ്കിലും കാനനപാതകളിൽ കൂടി വരുന്ന അയ്യപ്പന്മാരുടെ എണ്ണത്തിൽ യാതൊരു നിയന്ത്രണവുമില്ല.
12 മണിക്കൂറിലേറെ കാത്തുനിൽക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. സ്ത്രീകളും കുട്ടികളും അടക്കമുള്ള ഭക്തജങ്ങളാണ് ഇങ്ങനെ ബുദ്ധിമുട്ടുന്നത്തി. പമ്പയിലെ സ്‌പോട്ട് ബുക്കിംഗ് സംവിധാനം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. അതേസമയം ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കാൻ മന്ത്രി കെ. രാധാകൃഷ്ണൻ നിർദ്ദേശം നൽകി.
ദർശനത്തിന് ക്യൂ നിൽക്കുന്നവരെ വേഗത്തിൽ കയറ്റിവിടാൻ പൊലീസിനും ദേവസ്വം അധികൃതർക്കും മന്ത്രി നിർദ്ദേശം നൽകി. തീർത്ഥാടകർക്കായി കൂടുതൽ ആരോഗ്യ സംവിധാനങ്ങളും ആംബുലൻസും ക്രമീകരിക്കാനും ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശിച്ചു. മന്ദിരയുടെ നിർദ്ദേശപ്രകാരം സ്‌പെഷൽ റെസ്‌ക്യു ആംബുലൻസ് സന്നിധാനത്തെത്തി.. നിലവിൽ പമ്പയിലുള്ള ആംബുലൻസ് അപ്പാച്ചിമേട്ടിലെത്തിക്കും. അപ്പാച്ചിമേട് മുതൽ സന്നിധാനം വരെയുള്ള ഭാഗങ്ങളിൽ മരുന്നുകളും ചികിത്സാ ഉപകരണങ്ങളും എത്തിക്കാനായി ആംബുലൻസ് പ്രവർത്തിക്കും. ആംബുലൻസിൽ അടിയന്തര സഹായത്തിനുള്ള മരുന്നുകളും ഉപകരണങ്ങളും സജ്ജമാണന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു.
What do you feel about this post?
Like
Love
Happy
Haha
Sad

