പത്തനംതിട്ട – സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി പത്തനംതിട്ട മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ മികച്ച സേവന സ്റ്റാളിനുള്ള പുരസ്‌കാരം സ്വന്തമാക്കി ആരോഗ്യവകുപ്പ്. എന്റെ കേരളം പ്രദര്‍ശന വിപണന മേള യോടനുബന്ധിച്ച് നടന്ന സമാപന സമ്മേളനത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറില്‍ നിന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എല്‍ അനിത കുമാരിയും, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ് ശ്രീകുമാറും, ആരോഗ്യവകുപ്പ് ജില്ലാ മാസ് മീഡിയ ഓഫീസര്‍ റ്റി.കെ അശോക് കുമാറും ,ആരോഗ്യപ്രവര്‍ത്തകരും ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. സര്‍ക്കാരിന്റെ നൂറു ദിന കര്‍മ്മപരിപാടികളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ മാതൃകയിലാണ് ആരോഗ്യവകുപ്പ് സ്റ്റാളൊരുക്കിയത്.
അനീമിയ മുക്തകേരളം ലക്ഷ്യമിട്ടുള്ള വിവ ക്യാമ്പയിന്റെ ഭാഗമായി 15 മുതല്‍ 59 വരെയുള്ള സ്ത്രീകളില്‍ ഹീമോഗ്ലോബിന്‍ പരിശോധയും സ്റ്റാളില്‍ ഉള്‍പ്പെടുത്തിയിരുന്നു . കോന്നി മെഡിക്കല്‍ കോളജില്‍ നിന്നെത്തിച്ച മനുഷ്യ ശരീരത്തിലെ ആന്തരികാവയകളുടെയും ഭ്രൂണത്തിന്റേയും മാതൃകകളും ജീവിതശൈലീരോഗനിര്‍ണയവും , ആരോഗ്യ ജാഗ്രത ബോധവല്‍ക്കരണവും ഇ -ഹെല്‍ത്ത് സേവനങ്ങളും സ്റ്റാളില്‍ സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരുന്നു . സ്റ്റാളിലെത്തുന്ന സന്ദര്‍ശകര്‍ക്ക് ഇ-ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുള്ള സംവിധാനവുമുണ്ടായിരുന്നു . മേളയുടെ ഭാഗമായി മെഡിക്കല്‍ ടീമിന്റെ സേവനവും ആരോഗ്യവകുപ്പ് ഏര്‍പ്പെടുത്തിയിരുന്നു.


