പത്തനംതിട്ടക്കാരിയുടെ വിസ തട്ടിപ്പിൽ ഇരയായത് കൂടുതലും സ്ത്രീകൾ ; ടേക്ക് ഓഫ് ഓവർസീസ് എജ്യൂക്കേഷണൽ കൺസൾട്ടൻസി’ ഉടമ കാർത്തിക പ്രദീപ് അറസ്റ്റിൽ

Crime
Print Friendly, PDF & Email

കൊച്ചി: പത്തനംതിട്ട സ്വദേശിനിയുടെ വിദേശ തൊഴിൽതട്ടിപ്പിനിരയായവരിൽ ഏറെയും സ്ത്രീകളാണ്. അതും അഭ്യസ്ത വിദ്യരായ സ്ത്രീകൾ. പത്തനംതിട്ടക്കാരിയും കൊച്ചി പുല്ലേപ്പടിക്ക് സമീപത്തെ ‘ടേക്ക് ഓഫ് ഓവർസീസ് എജ്യൂക്കേഷണൽ കൺസൾട്ടൻസി’ ഉടമയുമായ കാർത്തിക പ്രദീപാണ് വിദേശത്ത് ജോലിയും, വിസയും വാഗ്ദാനം ചെയ്ത് ഒട്ടേറെ സ്ത്രീകളെ കബളിപ്പിച്ചത്. ഇവരിൽനിന്ന് ലക്ഷക്കണക്കിന് രൂപയും യുവതി തട്ടിയെടുത്തതായും പോലീസ് പറഞ്ഞു.

യുകെയിൽ ജോലി വാഗ്ദാനം ചെയ്ത് തൃശ്ശൂർ സ്വദേശിനിയിൽനിന്ന് 5.23 ലക്ഷം രൂപ തട്ടിയെന്ന കേസിലാണ് കാർത്തിക പ്രദീപിനെ എറണാകുളം സെൻട്രൽ പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. യുകെയിൽ സോഷ്യൽവർക്കർ ജോലി ശരിയാക്കിനൽകാമെന്നായിരുന്നു കാർത്തികയുടെ വാഗ്ദാനം. ഇതിനായി പലതവണകളായി 5.23 ലക്ഷം രൂപ യുവതിയിൽനിന്ന് കൈപ്പറ്റി. ബാങ്ക് അക്കൗണ്ട് വഴിയും ഓൺലൈൻ യുപിഐ ഇടപാടുകളിലൂടെയുമാണ് പണം കൈമാറിയത്. എന്നാൽ, ജോലി ലഭിക്കാതിരിക്കുകയും സംഭവം തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടതോടെയുമാണ് ഇവർ പോലീസിൽ പരാതി നൽകിയത്.

ഡോക്ടറാണെന്ന് സ്വയം അവകാശപ്പെട്ടാണ് കാർത്തിക പ്രദീപ് പലരുമായും പരിചയം സ്ഥാപിച്ചിരുന്നത്. കൊച്ചി പുല്ലേപ്പടിക്ക് സമീപത്തായിരുന്നു കാർത്തികയുടെ ‘ടേക്ക് ഓഫ് ഓവർസീസ്’ എന്ന റിക്രൂട്ടിങ് ഏജൻസി പ്രവർത്തിച്ചിരുന്നത്. ഓസ്‌ട്രേലിയ, ജർമനി, യുകെ, യുക്രൈൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് വിവിധ ജോലികൾ തരപ്പെടുത്തി നൽകാമെന്നായിരുന്നു ഇവരുടെ വാഗ്ദാനം. ഇത്തരം ജോലിവാഗ്ദാനങ്ങളുമായി സാമൂഹിക മാധ്യമങ്ങളിലൂടെയും പാതയോരങ്ങളിൽ വലിയ ബോർഡുകൾ സ്ഥാപിച്ചും പരസ്യം ചെയ്തിരുന്നു.

വിദേശരാജ്യങ്ങളിലെ സൂപ്പർമാർക്കറ്റുകളിൽ തൊഴിലവസരമുണ്ടെന്നായിരുന്നു കാർത്തികയുടെ സ്ഥാപനത്തിന്റെ പ്രധാന വാഗ്ദാനം. സോഷ്യൽവർക്കർ ഉൾപ്പെടെയുള്ള ജോലികളും വാഗ്ദാനം ചെയ്തിരുന്നു. ഉദ്യോഗാർഥികളിൽനിന്ന് മൂന്നുമുതൽ എട്ടുലക്ഷം രൂപ വരെയാണ് പ്രതി കൈക്കലാക്കിയിരുന്നത്. ഇവരുടെ കെണിയിൽവീണവരിൽ ഏറെയും സ്ത്രീകളായിരുന്നു. തട്ടിയെടുത്ത പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുകയാണ് പ്രതി ചെയ്തതെന്നും ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.

കാർത്തിക വിദേശത്ത് എംബിബിഎസ് പഠനം പൂർത്തീകരിച്ചതായി പോലീസിന്റെ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ചില ആശുപത്രികളിലും യുവതി ജോലിചെയ്തിരുന്നു. സാമ്പത്തികതട്ടിപ്പിൽ കേസെടുത്തതിന് പിന്നാലെ ഒളിവിൽപോയ കാർത്തികയെ കഴിഞ്ഞദിവസം രാത്രി കോഴിക്കോട്ടുനിന്നാണ് എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം സെൻട്രൽ സ്‌റ്റേഷന് പുറമേ കോഴിക്കോട്, വടകര, തൃശ്ശൂർ എന്നിവിടങ്ങളിലെ പോലീസ് സ്‌റ്റേഷനുകളിലും യുവതിക്കെതിരേ കേസുകളുണ്ട്. സംഭവത്തിൽ പോലീസിന്റെ വിശദമായ അന്വേഷണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *