കണ്ണൂർ – കൈതപ്രത്തെ ബിജെപി പ്രാദേശിക നേതാവിനെ വെടിവെച്ച് കൊന്ന വിവാദമായ കേസിൽ ഭാര്യ അറസ്റ്റിൽ. കെ കെ രാധാകൃഷ്ണൻ എന്ന പ്രാദേശിക നേതാവ് കൊല്ലപ്പെട്ട സംഭവത്തിലാണ് ഭാര്യ വി വി മിനി നമ്പ്യാരെ പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ഉച്ചയോടെ ചോദ്യം ചെയ്യാനായി മിനി നമ്പ്യാരെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ചോദ്യം ചെയ്യലിൽ അവർക്കും ഗൂഡാലോചനയിൽ പങ്കുണ്ടന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പയ്യന്നൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു.
ബിജെപിയുടെ പ്രാദേശിക നേതാവായ രാധാകൃഷ്ണനെ വെടിവച്ചുകൊന്ന എൻ കെ സന്തോഷ് നേരത്തേ അറസ്‌റ്റിലായിരുന്നു. ബിജെപി മുൻ ജില്ലാ കമ്മിറ്റി അംഗമാണ് ഇപ്പോൾ അറസ്റ്റിലായ മിനി നമ്പ്യാർ. രാധാകൃഷ്ണന്റെ കൊലപാതകത്തിനു പിന്നിലെ ഗൂഢാലോചനയിൽ മിനി നമ്പ്യാർക്ക് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇതോടെയാണ് യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ദീർഘകാലമായി മിനി നമ്പ്യാർ ഇയാളുമായി അടുപ്പത്തിലായിരുന്നു. ഇരുവരും തമ്മിലുള്ള വാട്സാപ് സന്ദേശങ്ങളും ഫോൺ രേഖകളും പൊലീസ് വിശദമായി പരിശോധിച്ചിരുന്നു.
കൊല നടന്നശേഷവും ഇരുവരും ബന്ധപ്പെട്ടുവെന്ന നിഗമനത്തിലാണ് പൊലീസ്. രാധാകൃഷ്ണൻ പുതുതായി നിർമിക്കുന്ന വീട്ടിലാണ് കൊല നടന്നത്. മാതമംഗലത്തെ വീട്ടിൽനിന്ന് കൊലപാതകം നടന്ന ദിവസം മിനി അടുത്തുതന്നെയുള്ള അമ്മയുടെ വീട്ടിൽ എത്തിയിരുന്നു. വെടിയൊച്ച കേട്ടിട്ടും കൊലപാതകം നടന്ന വീട്ടിലേക്ക് മിനി നമ്പ്യാർ വന്നില്ല എന്നതും പൊലീസിന്റെ സംശയം ബലപ്പെടുത്തുകയായിരുന്നു.
What do you feel about this post?
Like
Love
Happy
Haha
Sad

