തിരുവല്ല: കാരയ്ക്കലിൽ അടച്ചിട്ടിരുന്ന വീട് കുത്തിത്തുടർന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന ഒരു പവനോളം തൂക്കം വരുന്ന സ്വർണാഭരണങ്ങളും 5000 രൂപയും മോഷടിച്ചു. പെരിങ്ങര പഞ്ചായത്ത് ഒമ്പതാം വാർഡിൽ കാരയ്ക്കൽ ശ്രീമാധവത്തിൽ മുരളീധരൻ പിള്ളയുടെ വീട്ടിലാണ് മോഷണം നടന്നത്.
ശനിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ വീട്ടിലെ ചെടികൾക്ക് വെള്ളം ഒഴിക്കാനായി അയൽവാസി എത്തി ഗേറ്റ് തുറന്നപ്പോഴാണ് വീടിന്റെ മുൻ വാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസിൽ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് രണ്ട് കിടപ്പുമുറകളുടെയും അലമാരകൾ കുത്തിത്തുറന്ന് സാധന സാമഗ്രികൾ എല്ലാം വാരി വലിച്ചിട്ട് നിലയിൽ കാണപ്പെട്ടത്.
വീട്ടുടമസ്ഥനായ മുരളീധരൻ പിള്ളയും ഭാര്യയും കഴിഞ്ഞ മാസം 30 ന് കാനഡയിൽ ഉള്ള മകനെയും ഭാര്യയും സന്ദർശിക്കുവാൻ പോയിരിക്കുകയാണ്. മുരളീധരൻ പിള്ളയുടെ സഹോദരൻ നൽകിയ പരാതിയിൽ സമീപ വീടുകളിലെ സിസിടിവി കാമറകൾ അടക്കം കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.


