വെള്ളം നിലച്ചപ്പോൾ കനാലിൽ വീണ നിലയിൽ കാർ കണ്ടെത്തി ; കാറിനുള്ളിൽ മൂന്ന് മൃതദേഹങ്ങൾ

India
Print Friendly, PDF & Email

ബംഗളൂരു – മൈസൂർ മാണ്ഡ്യ ജില്ലയിലെ വിശ്വേശരയ്യ കനാലിൽ വെള്ളം നിലച്ചപ്പോൾ നാട്ടുകാർ കാർ കണ്ടെത്തി. പോലീസിനെ അറിയിച്ചതിനെത്തുടർന്ന് അവരെത്തി പരിശോധിച്ചപ്പോൾ കാറിനുള്ളിൽ മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തി. അച്ഛനെയും രണ്ട് മക്കളെയുമാണ് കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൈസൂരു ജില്ലയിലെ കെ.ആർ. നഗർ താലൂക്കിലെ ഹെബ്ബാൽ ഗ്രാമത്തിലെ കുമാരസ്വാമി (38), മക്കളായ അദ്വൈത് (8), അക്ഷത (3) എന്നിവരാണ് മരിച്ചത്.

ശ്രീരംഗപട്ടണ താലൂക്കിലെ കൃഷ്ണരാജ സാഗർ അണക്കെട്ടിന്റെ വടക്കേ കരയ്‌ക്ക് സമീപമുള്ള വിശ്വേശ്വരയ്യ കനാലിൽ കുടുങ്ങിക്കിടക്കുകയായിരുന്നു കാർ. ഏപ്രിൽ 16 ന് കുമാരസ്വാമി ബാംഗ്ലൂരിൽ നിന്ന് കുട്ടികളോടൊപ്പം കാറിൽ കെ.ആർ. നഗറിലേക്ക് പോകുകയായിരുന്നു. പക്ഷേ അതിനുശേഷം അവരെക്കുറിച്ചുള്ള ഒരു സൂചനയും ലഭിച്ചില്ല. ഇതിനെത്തുടർന്ന് ഏപ്രിൽ 19 ന് കെആർ നഗർ പോലീസ് സ്റ്റേഷനിൽ കുടുംബം പരാതി നൽകിയിരുന്നു. പരാതിപ്രകാരം ഒരു മിസ്സിംഗ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

കാറും മൃതദേഹങ്ങളും കനാലിൽ നിന്ന് പോലീസ് പുറത്തെടുത്തു. കാർ കനാലിലേക്ക് വീണതിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. വീണപ്പോൾ കനാലിലെ ജലനിരപ്പ് കൂടുതലായിരുന്നതിനാൽ കാർ കാണാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, ചൊവ്വാഴ്ച ജലനിരപ്പ് നിലച്ചപ്പോൾ, നാട്ടുകാരായ ആളുകൾ കാർ കാണുകയും ഉടൻ തന്നെ പോലീസിൽ അറിയിക്കുകയുമായിരുന്നു. മാണ്ഡ്യ എസ്പി മല്ലികാർജുന ബാലദണ്ടി സംഭവസ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. കെ.ആർ.എസ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *