പത്തനംതിട്ട – ജില്ലയിലെ ചലച്ചിത്ര കലാകാരന്മാരുടെ സ്മരണകൾ നിലനിർത്താനുള്ള ഒരു സ്ഥാപനം സ്ഥാപിക്കണമെന്ന് ചലചിത്ര സംവിധായകൻ കവിയൂർ ശിവ പ്രസാദ് നിർദേശിച്ചു. കലാകാരന്മാരുടെ ഓർമകൾ നിലനിർത്തുന്നതിനുള്ള സ്മാരകങ്ങൾ നിർമ്മിക്കുന്നതിനുള്ള പ്രവർത്തനം വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളം ക്ഷീരമേഖലയിൽ സ്വയം പര്യാപ്തയിലേക്ക് അടുത്തു വരികയാണ്. ക്ഷീരകർഷകർ സംസ്ഥാനത്ത് കൂടി വരികയാണെന്ന് മലയാലപ്പുഴ ശശിധരൻ നായരുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറഞ്ഞു.

പൊതു വിദ്യാലങ്ങളിൽ സ്കിൽ ഡവലപ്മെന്റ്, ക്രിട്ടിക്കൽ തിങ്കിങ്, എ ഐ, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പഠനങ്ങൾക്ക് അവസരം ഒരുക്കണം.വിദ്യാലയങ്ങളിൽ സ്റ്റാർട്ട് അപ്പുകൾ ആരംഭിക്കുവാൻ ശ്രമിക്കണം. ലഹരിക്കെതിരെ കുട്ടികളെ അണിനിരത്തി കേഡറ്റുകൾ രൂപികരിക്കുന്നത് പരിശോധിക്കണമെന്നും സാബു പുല്ലാട്ട് (അധ്യാപകൻ) അഭ്യർഥിച്ചു. വിദ്യാലയങ്ങളിൽ വിജ്ഞാന കേരളത്തിന്റെ നേതൃത്വത്തിൽ സ്കിൽ ഡവലപ്മെന്റ് പദ്ധതി നടപ്പിലാക്കും. ഓരോ കുട്ടികളുടെയും ഇഷ്ടങ്ങൾ തിരിച്ചറിഞ്ഞ് പരിശീലനം നൽകും. ലഹരിക്ക് എതിരെ എല്ലാവരുടെയും പങ്കാളിത്തത്തൊടെ പ്രതിരോധ പ്രവർത്തനങ്ങൾ സർക്കാരിന്റെ ഭാഗത്തു നിന്നും നടപ്പിലാക്കി വരുന്നു .വിദ്യാഭ്യാസ മേഖലയും ഇതിനായി സജ്ജമാണ്. കുട്ടികൾക്ക് പാഠഭാഗങ്ങളിൽ ആവശ്യമായവ ഉൾപ്പെടുത്തുവാനും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അധ്യാപകർക്ക് കൗൺസിലിംഗ് പരിശീലനവും മാതാപിതാക്കൾക്ക് കൗൺസിലിങ്ങും നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംരംഭം ആരംഭിക്കുന്നതിന് ലൈസെൻസ് എടുക്കുന്നതിലുള്ള ബുദ്ധിമുട്ടുകൾക്ക് പരിഹാരം കണ്ടെത്തണമെന്ന് അഷ്റഫ് അലങ്കാർ (സൂപ്പർ മാർക്കറ്റ് വെൽഫയർ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്) ആവശ്യപ്പെട്ടു. ഓൺലൈൻ മുഖേന രേഖകൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം,ഫയർ ആൻഡ് സേഫ്റ്റി എൻ ഒ സി ലഭ്യമാക്കുന്നതിനുള്ള കാല താമസം ഉൾപ്പെടയുള്ള പ്രയാസങ്ങൾ ദുരീകരിക്കണമെന്ന് അഷ്റഫ് അലങ്കാർ അഭ്യർഥിച്ചു. വ്യവസായ സൗഹൃദ സംസ്ഥാനമാണ് കേരളം. മേഖലയിലെ എൻ ഒ സിക്ക് ഉണ്ടാകുന്ന കാലതാമസത്തിന് പരിഹാരത്തിന് സർക്കാർ ശ്രദ്ധ പുലർത്തും . സംരംഭകരോടുള്ള സമൂഹത്തിന്റെ മനോഭാവത്തിൽ ഇന്ന് മാറ്റം വന്നിട്ടുണ്ട്. വ്യവസായം നാടിന് നൽകുന്ന സേവനം ഇന്ന് ജനം തിരിച്ച് അറിയുന്നുണ്ടെന്നും ഓരോ സംരംഭകർക്കും പ്രോത്സാഹനം നൽകുകയാണ് വേണ്ടത് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.



