പത്തനംതിട്ട – ജില്ലയിലെ മലയോര മേഖലയിലെ രൂക്ഷമായ വന്യമൃഗ ശല്യം പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വന്യമൃഗങ്ങൾക്ക് വനത്തിനുള്ളിൽ തന്നെ വെള്ളം ലഭ്യമാകുന്നതിന് അവിടെയുള്ള ജലസ്രോതസ് ശക്തമാക്കും. ഭക്ഷ്യയോഗ്യമായ സസ്യങ്ങൾ വനത്തിൽ വളർത്തും. വന്യമൃഗങ്ങൾ നാട്ടിലെത്താതിരിക്കാൻ വനം വകുപ്പ് വഴി തടസം സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് ഇലന്തൂർ തൂക്കുപാലം പെട്രാസ് കൺവൻഷൻ സെന്ററിൽ നടന്ന സംവാദത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം, പി എസ് സതീഷ് കുമാർ, അഡ്വ. മണ്ണടി മോഹൻ എന്നിവർ ഉന്നയിച്ച വിഷയത്തിൽ മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.

വന്യമൃഗ ശല്യം മൂലം കർഷകരുടെ ജീവനും സ്വത്തിനും ഭീഷണി ഉണ്ടാകുന്നു. മലയോര മേഖലയ്ക്ക് പുറമെ ജില്ലയിലെ അടൂർ, പന്തളം ഭാഗങ്ങളിലും വന്യമൃഗ ആക്രമണം നേരിടുന്നുണ്ട്. കർഷകർക്ക് വേണ്ടി സമഗ്രമായ ഒരു പദ്ധതി നടപ്പാക്കുന്നതിന് സർക്കാർ മുൻകൈ എടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഭ്യർഥിച്ചു. വനമേഖലയോട് ചേർന്ന് കിടക്കുന്ന വില്ലേജുകളിൽ തേക്ക് ഉൾപ്പെടെയുള്ള മരങ്ങൾ വെട്ടുന്നതിന് അനുവാദം ലഭിച്ചിട്ടില്ല. പട്ടയ ഭൂമിയിലെ മരങ്ങൾ വെട്ടാനോ, വെട്ടിയിട്ട മരങ്ങൾ നീക്കം ചെയ്യാനോ ഉള്ള അനുമതി കിട്ടുന്നില്ല. കച്ചവടക്കർ മരങ്ങൾ വാങ്ങിയാലും കർഷകർക്ക് ഭീമമായ നഷ്ടമാണ് ഉണ്ടാകുന്നത്. ഇതിനു സർക്കാരിൽ നിന്നും ഇടപെടൽ ഉണ്ടാകണമെന്ന് ജോർജ് എബ്രഹാമിന്റെ ആവശ്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വനമേഖലയോട് ചേർന്നുള്ള ഇടങ്ങളിൽ മരങ്ങൾ മുറിക്കുന്നത് സംബന്ധിച്ചുള്ള തടസം എന്തെന്ന് പരിശോധിച്ച നടപടി സ്വീകരിക്കും. പട്ടയത്തിൽ ആശങ്ക വേണ്ടന്നും പട്ടയ നടപടികൾ വേഗത്തിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് വേഗത്തിലാക്കണമെന്ന് പാസ്റ്റർ ഷിബു നെടുവേലി പുല്ലാട്, ഫാദർ വി വൈ ജസിൽ എന്നിവരുടെ ആവശ്യത്തോട് കമ്മീഷൻ റിപ്പോർട്ട് പ്രാവർത്തികമാക്കാനുള്ള ശ്രമത്തിലാണ് സർക്കാരെന്ന് മുഖ്യമന്ത്രി പറഞ്ഞു. കമ്മീഷൻ റിപ്പോർട്ട് പഠനം അവസാന ഘട്ടത്തിലാണ്. 152 ശുപാർശകൾ നടപ്പിലാക്കി. 12 എണ്ണം മന്ത്രിസഭയുടെ പരിഗണനയിലാണ്. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ പദ്ധതി പഠിക്കുന്നതിനായി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. മന്ത്രിസഭാ പരിഗണനയ്ക്ക് വിടേണ്ടവ, കേന്ദ്രസർക്കാരുമായി ചർച്ച ചെയ്യേണ്ടവ എന്നിവയ്ക്ക് പുറമെ നടപ്പാക്കാൻ പറ്റാത്ത ശുപാർശകളും ഉണ്ട്. ഇവ തരംതിരിച്ച് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സെക്രട്ടറിമാരുടെ യോഗം ചേർന്ന് ക്രോഡീകരിച്ച പട്ടിക തയ്യാറാക്കും. മറ്റ് വിഷയങ്ങളിൽ കേന്ദ്രവുമായി ബന്ധപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു



