പത്തനംതിട്ട – ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടിയ പുസ്തകം മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ ആഹ്ലാദത്തിലാണ് മൂന്നാം ക്ലാസ് വിദ്യാർത്ഥിനി സെറാ മേരി സാജൻ. പത്തനംതിട്ട മാമൂട് സ്വദേശിയാണ്. പള്ളിയിൽ നിന്നും ഇടുക്കി അണക്കെട്ട് സന്ദർശിക്കാൻ അച്ഛനും അമ്മയ്ക്കും ഒപ്പം പോയ സെറാ തിരികെയെത്തി എഴുതിയ ഓർമ്മക്കുറിപ്പുകൾ കണ്ട മാതാപിതാക്കളാണ് മകളുടെ യാത്രാ കുറിപ്പ് പ്രസിദ്ധീകരിക്കുവാൻ തീരുമാനിച്ചത്. വിവരണത്തോടൊപ്പം വരകളും ഉൾപ്പെട്ട യാത്രാകുറിപ്പ് ‘ദ (മിസ്) അഡ്വെഞ്ചേർസ് ഓഫ് നിള’ എന്ന പേരിലാണ് പുസ്തകമാക്കിയത്. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികവുമായി ബന്ധപ്പെട്ട് ഇലന്തൂർ പെട്രാസ് കൺവൻഷൻ സെന്ററിൽ നടന്ന ജില്ലാതല യോഗത്തിലാണ് സെറാ മുഖ്യമന്ത്രിക്ക് പുസ്തകം നൽകിയത്. മകളുടെ എഴുത്തിനും വരയ്ക്കും പ്രോത്സാഹനം നൽകി അമ്മ മെർലിനും അച്ഛൻ സാജനും ഒപ്പം ഉണ്ട്. കവിതാ രചനയും ഇഷ്ടമുള്ള സാറായ്ക്ക് ഭാവിയിൽ എഴുത്തുകാരി ആകണമെന്നാണ് ആഗ്രഹമെന്ന് അച്ഛൻ സാജൻ പറഞ്ഞു.



