അഭിരാമിന് കണ്ണീരോടെ വിട നൽകി ജന്മനാടും കൂട്ടുകാരും

Kerala Pathanamthitta
Print Friendly, PDF & Email

അടൂർ – എക്കോ ടൂറിസത്തിന്റെ ഭാഗമായുള്ള കോന്നി ആനക്കൂട്ടിൽ കോൺക്രീറ്റ് തുൺ ദേഹത്തേക്ക് വീണു മരിച്ച നാലു വയസുകാരൻ അഭിരാമിന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. ഇന്നലെ രാവിലെ ഒമ്പതിന് അഭിരാം പഠിച്ച ഗണേശ വിലാസം ഗവ.എൽ പി സ്‌കൂളിൽ പൊതു ദർശനത്തിനു വച്ച ചേതനയറ്റ ശരീരം കണ്ട് അദ്ധ്യാപകർ പൊട്ടിക്കരഞ്ഞു. ഇവിടെ പ്രീ പ്രൈമറി വിദ്യാർഥിയായിരുന്നു അഭിരാം. കൂട്ടുകാർക്കൊപ്പം ആർത്തുല്ലസിച്ച് കളിച്ച പാട്ടും ഡാൻസുമെല്ലാം ഓർമയാക്കിയാണ് കൊച്ചു മിടുക്കൻ കടന്നു പോയത്. ഉച്ചയ്ക്ക് ഒരു മണിയോടെ വീട്ടുവളപ്പിൽ സംസ്‌കാരം നടന്നു.

ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ,ആന്റോ ആന്റണി എം.പി, ജില്ലാ പഞ്ചായത്തംഗം സി. കൃഷ്ണകുമാർ, കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ്, വൈസ് പ്രസിഡന്റ് എസ്. രാധാകൃഷ്ണൻ, പഞ്ചായത്തംഗം ചിത്ര രഞ്ജിത്ത്, ഡിസിസി വൈസ് പ്രസിഡന്റ് എം.ജി.കണ്ണൻ, പഴകുളം ശിവദാസൻ, റെജി മാമ്മൻ, ഷാബു ജോൺ, എ.ആർ.അജീഷ് കുമാർ, സി പി എം ജില്ലാ സെക്രട്ടറി രാജു എബ്രഹാം,കെ പി ഉദയഭാനു തുടങ്ങിയവർ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.

ദുഖവെള്ളി ദിവസമാണ് കോന്നി ആനക്കൂട്ടിലുണ്ടായ അപകടത്തിൽ അഭിരാം മരിച്ചത്. അഞ്ചു വർഷത്തെ കാത്തിരിപ്പിനൊടുവിൽ കടമ്പനാട് തോയിപ്പാട്ട് വീട്ടിൽ അജി – ശാരി ദമ്പതികൾക്ക് ഉണ്ടായ കുട്ടിയാണ് അഭിരാം. ഇക്കോ ടൂറിസത്തിന്റെ ഭാഗമായി സ്ഥാപിച്ച തൂണിന്റെ ബലക്ഷയമാണ് അപകട കാരണം. ഫോട്ടോയ്ക്ക് വേണ്ടി തൂണിൽ പിടിച്ച് പോസ് ചെയ്യുന്നതിനിടെ കുട്ടിയുടെ ശരീരത്തിലേക്ക് വീഴുകയായിരുന്നു.

മരണം ആന്തരിക രക്തസ്രാവത്തെ തുടർന്നെന്നാണ് പോസ്റ്റ്‌മോർട്ടം പ്രാഥമിക റിപ്പോർട്ട്. കുട്ടി നിലത്ത് വീണപ്പോൾ നെറ്റിയുടെ മുകളിലും, തലയ്ക്ക് പുറകിലും ആഴത്തിൽ മുറിവേറ്റുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ ആനക്കൂട്ടിലെ ജീവനക്കാരെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇക്കോ ടൂറിസത്തിന്റെ ചുമതലയുള്ള സെക്ഷൻ ഓഫീസർ ആർ. അനിൽ കുമാറിനെയാണ് ദക്ഷിണ മേഖല സിസിഎഫ് ആർ. കമലാഹർ സസ്‌പെൻഡ് ചെയ്തത്. ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സലിം, സതീഷ്, സജിനി, സുമയ്യ ഷാജി എന്നിവരെയും സസ്‌പെൻഡ് ചെയ്യാൻ നിർദേശമുണ്ട്. ഡിഎഫ്ഓ, റേഞ്ച് ഫോറസ്റ്റ് ഓഫീസർ എന്നിവരെ സ്ഥലം മാറ്റാനും സാദ്ധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *