പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്ത പ്രതിയെ 43 വർഷം കഠിനതടവിനും 3,25, 000 രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അതിവേഗ സ്‌പെഷ്യൽ കോടതി. തിരുവല്ല കോട്ടത്തോട് ആദിത്യൻ എന്ന് വിളിക്കുന്ന കെ എസ് സരുണി(20)നെയാണ് സ്‌പെഷ്യൽ കോടതി ജഡ്ജി ഡോണി തോമസ് വർഗീസ് ശിക്ഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് റോഷൻ തോമസ് ഹാജരായി. കോടതി നടപടികളിൽ എ എസ് ഐ ഹസീന പങ്കാളിയായി.
2023 നവംബർ 30 നാണ് കുട്ടി പീഡനത്തിന് ഇരയായത്. തിരുവല്ല മാഞ്ഞാടിയിലെ കമ്പ്യൂട്ടർ സെന്ററിൽ വച്ച് പരിചയപ്പെട്ട് പെൺകുട്ടിയുമായി സൗഹൃദത്തിലായ പ്രതി സംഭവദിവസം സ്‌കൂട്ടറിൽ മാഞ്ഞാടിയിൽ നിന്നും കയറ്റിക്കൊണ്ടുപോയി ഇയാളുടെ വാടകവീട്ടിലെത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട്, ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വിവരമറിഞ്ഞ് തിരുവല്ല പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തു. അന്നത്തെ എസ്‌ഐ അനീഷ് എബ്രഹാം ആണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതും, പ്രതിയെ ഉടനടി പിടികൂടിയതും.
തുടർന്ന് അന്വേഷണം ഏറ്റെടുത്ത അന്നത്തെ പോലീസ് ഇൻസ്‌പെക്ടർ ബി കെ സുനിൽ കൃഷ്ണൻ, അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കുട്ടിയെ കടത്തിക്കൊണ്ടുപോയതിനു 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചപ്പോൾ, പോക്‌സോ നിയമത്തിലെ വകുപ്പുകൾ 6, 5 പ്രകാരം 30 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. പോക്‌സോ നിയമത്തിലെ 12, 11 വകുപ്പുകളനുസരിച്ച് 3 വർഷത്തെ കഠിനതടവും 25,000 രൂപ പിഴയും വിധിച്ചു. പിഴത്തുക കുട്ടിക്ക് നൽകണമെന്നും തുകയടച്ചില്ലെങ്കിൽ 10 മാസം കഠിന തടവ് കൂടി അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു.
What do you feel about this post?
Like
Love
Happy
Haha
Sad

