ഓൺലൈൻ വായ്പയും ട്രേഡിങും റമ്മികളിയും : പോലീസുകാരന്റെ ഭാര്യയ്ക്ക് ബാദ്ധ്യത അരക്കോടിയോളം: പണയം വയ്ക്കാൻ സ്വർണ്ണം കൊടുക്കാത്തതിന് ആശാപ്രവർത്തകയെ സുമയ്യ തീകൊളുത്തി ; പ്രതി റിമാൻഡിൽ

Crime
Print Friendly, PDF & Email

മല്ലപ്പള്ളി – ആശാ പ്രവർത്തകയെ തീവച്ച് പൊള്ളലേൽപ്പിച്ച ശേഷം പോലീസുകാരന്റെ ഭാര്യ പണവും സ്വർണവും കവർന്നത് കനത്ത കടബാധ്യതയെ തുടർന്നെന്ന് പോലീസ്. 40 ശതമാനത്തിലധികം പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ കഴിയുന്ന കീഴ്‌വായ്പൂര് പുളിമല വീട്ടിൽ ലതാകുമാരി (61) യുടെ നില അതീവ ഗുരുതരമായി തുടരുന്നു. അറസ്റ്റിലായ പ്രതി കീഴ്‌വായ്പൂർ പോലീസ് ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന കോയിപ്രം പോലീസ് സ്‌റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ഇർഷാദിന്റെ ഭാര്യ സുമയ്യ(35) സുബൈറുമായി പോലീസ് സംഘം തെളിവെടുപ്പ് നടത്തി. കഴിഞ്ഞ ഒമ്പതിന് വെകിട്ട നാലരയോടെയാണ് സംഭവം.

ഓൺലൈൻ ലോൺ, ട്രേഡിങ് ആപ്പുകൾ വഴി അരക്കോടിയോളം രൂപയുടെ ബാധ്യത സുമയ്യ വരുത്തി വച്ചിരുന്നു. ഇത് വീട്ടാൻ വേണ്ടി അടുത്ത സുഹൃത്തും അയൽവാസിയുമായ ലതാകുമാരിയോട് ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. തന്റെ പക്കൽ പണമില്ലെന്ന് പറഞ്ഞപ്പോൾ പണയം വയ്ക്കാൻ സ്വർണം ചോദിച്ചു. ഇതൊന്നും കിട്ടാതെ വന്നപ്പോഴാണ് വ്യാഴാഴ്ച സുമയ്യ വീട്ടിൽ അതിക്രമിച്ച് കയറി ലതയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയത്. ലതയുടെ ഭർത്താവ് രാമൻകുട്ടി ഈ സമയം വീട്ടിൽ ഇല്ലായിരുന്നു. കഴുത്തിൽ ഷാൾ ഇട്ട് മുറുക്കുകയും ചെയ്തു. കുതറി മാറാനുള്ള ശ്രമത്തിനിടെ കത്തി കൊണ്ട് ലതയുടെ മുഖത്തും കഴുത്തിലും മുറിവേറ്റിട്ടുണ്ട്. കിടക്കയ്ക്ക് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയതിനെ തുടർന്ന് മുറി മുഴുവൻ കത്തി നശിച്ചു. ലതയ്ക്ക് ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തു. നെഞ്ച്, വയർ, ഇടുപ്പു ഭാഗം എന്നിവിടങ്ങളിലാണ് പൊള്ളൽ.

ലതയുടെ മൊഴി പ്രകാരം തുടക്കം മുതൽ സുമയ്യയെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടു പോയിരുന്നത്. തിരുവല്ല ഡിവൈ.എസ്.പി എസ്. നന്ദകുമാർ, കീഴ്‌വായ്പൂർ എസ്.എച്ച്.ഓ വിപിൻ ഗോപിനാഥ് എന്നിവരുടെ നേതൃത്വത്തിൽ പഴുതടച്ച അന്വേഷണമാണ് നടന്നത്. ആദ്യമൊക്കെ ചോദ്യങ്ങൾക്ക് മുന്നിൽ പിടിച്ചു നിന്ന സുമയ്യ പിന്നീട് നടന്ന കാര്യങ്ങൾ പറയുകയായിരുന്നു. ഇവരുടെ ഫോണിൽ നിരവധി ട്രേഡിങ്, വായ്പ, ഗേയിമിങ് ആപ്പുകൾ കണ്ടെത്തി. ഫോൺ പോലീസ് പിടിച്ചെടുത്തു. ഇത് വിശദമായ പരിശോധന നടത്തും.

പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി. ലതാകുമാരിയുടെ വീടിനടുത്തുള്ള പോലീസ് ക്വാട്ടേഴ്‌സിലാണ് സുമയ്യ താമസിച്ചിരുന്നത്. മോഷണംപോയ സ്വർണ്ണാഭരണങ്ങൾ സുമയ്യയുടെ വീട്ടിലെ ശുചിമുറിയിലെ ഫ്‌ളഷ് ടാങ്കിൽ നിന്നും പോലീസ് കണ്ടെടുത്തു. ലതാകുമാരി നൽകിയ മൊഴിയിൽ വീടിനു തീപിടിക്കാൻ കാരണം സുമയ്യ ആണെന്നു പറഞ്ഞിരുന്നു. ഇരുവീട്ടുകാരും തമ്മിൽ സൗഹൃദത്തിലായിരുന്നതായി നാട്ടുകാർ പറയുന്നു. ലതയുടെ യു.കെ. യിലുള്ള ഏകമകൾ താരാദ്രൗപതി നാട്ടിലെത്തിയിട്ടുണ്ട്.

ഭവനഭേദനം ,വധശ്രമം, മോഷണം, കുറ്റകൃത്യം മറച്ചുവെയ്ക്കൽ,തീവയ്പ് തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. പ്രതിയെ തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *