പത്തനംതിട്ട: ജില്ലയിൽ നഷ്ടമായ തദ്ദേശസ്ഥാപനങ്ങൾ തിരിച്ചു പിടിക്കുന്നത് യുഡിഎഫ് തുടരുന്നു. നാടകീയ നീക്കങ്ങൾക്കൊടുവിൽ കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരണമാണ് ഏറ്റവും അവസാനമായി പിടിച്ചെടുത്തിരിക്കുന്നത്.
ഇന്ന് രാവിലെ 11 മണിയോടെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നാലിനെതിരെ ആറ് വോട്ടുകൾ നേടി യുഡിഎഫിലെ സാലി ഫിലിപ്പ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഇടതു മുന്നണിയിൽ നിന്ന് എൻസിപി അംഗം യു ഡി എഫിനൊപ്പം ചേർന്നപ്പോൾ, പ്രസിഡന്റ് സ്ഥാനാർത്ഥിയുടെ വോട്ട് അസാധുവായത് ഇടത് മുന്നണിക്ക് ഇരട്ട പ്രഹരമായി.
ആർക്കും ഭൂരിപക്ഷമില്ലാതിരുന്ന കോഴഞ്ചേരി പഞ്ചായത്ത് ഭരണസമിതിയിൽ തുടക്കം മുതലെ അസ്ഥിരതയാണ് നിലനിന്നിരുന്നത്. 13 അംഗ ഗ്രാമ പഞ്ചായത്തിൽ സിപിഎമ്മിന് രണ്ടും ഘടകകക്ഷികളായ സിപിഐ, ജനതാദൾ, എ സിപി എന്നിവർക്ക് ഓരോന്നും അടക്കം എൽ ഡി എഫിന് അഞ്ചും കോൺഗ്രസിന് മൂന്നും കേരളാ കോൺഗ്രസിന് രണ്ടും അടക്കം യുഡിഎഫിന് അഞ്ചും ബിജെപിക്ക് രണ്ടും സീറ്റുകൾ ലഭിച്ചപ്പോൾ യുഡിഎഫ് സ്വതന്ത്രനായ കെകെ വാസുവിന്റെ നിലപാട് നിർണായകമായി. ആദ്യം നറുക്കെടുപ്പിലൂടെ യു ഡിഎഫിന് ലഭിച്ച പഞ്ചായത്ത് പിന്നീട് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം അംഗമായ റോയി ഫിലിപ്പ് വിമത സ്വരമുയർത്തുകയും ഇരു വിഭാഗങ്ങളുടെയും പിൻതുണയോടെ പ്രസിഡന്റാവുകയുമായിരുന്നു. അതിനിടെ കേരളാ കോൺഗ്രസിലെ മറ്റൊരു അംഗമായ സാലീഫിലിപ്പ് യുഡി എഫിനൊപ്പം ചേർന്നതോടെ റോയി ഫിലിപ്പ് രാജിവയ്ക്കുകയായിരുന്നു.

ഈ ഒഴിവിലേക്ക് ഇന്ന് നടന്ന തെരഞ്ഞെടുപ്പിലാണ് കോഴഞ്ചേരി തെക്കേമല ടൗൺ 12-ാം വാർഡിലെ അംഗമായ സാലി ഫിലിപ്പ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടു ബിജെപി അംഗങ്ങൾ വിട്ടുനിന്ന തെരഞ്ഞെടുപ്പിൽ ആകെ 11 അംഗങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്. കോൺഗ്രസ് വിമതനായ കെ.കെ.വാസുവിനെ തങ്ങൾക്കൊപ്പം ചേർത്ത് വിജയമുറപ്പിച്ചിരുന്ന എൽഡിഎഫിനെ ഞെട്ടിച്ചു കൊണ്ട് എൻസിപി അംഗം മേരിക്കുട്ടി യുഡിഎഫിനൊപ്പം ചേർന്നു. ഇതിന് പുറമേ കൂനിൻമ്മേൽ കുരു എന്ന പോലെ ഇടതു പ്രസിഡന്റ് സ്ഥാനാർത്ഥിയായ സോണി കൊച്ചുതുണ്ടിലിന്റെ വൊട്ട് അസാധു ആവുകയും ചെയ്തു. ബാലറ്റ് പേപ്പറിന്റെ മറുപുറത്ത് ഒപ്പിടാൻ മറന്ന് പോയതാണ് വോട്ട് അസാധുവാകാൻ കാരണമായത്. മേരിക്കുട്ടിയെ യുഡിഎഫിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയാക്കും. കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു, ഡി സി സി വൈസ്പ്രസിഡന്റ് അഡ്വ. കെ സുരേഷ് കുമാർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജെറി സാം, മണ്ഡലം പ്രസിഡന്റ് ജോമോൻ പുത്തൻ പറമ്പിൽ ഡി സി സി നിർവ്വാഹക സമിതി അംഗം അഡ്വ. രാമചന്ദ്രൻനായർ തുടങ്ങിയ നേതാക്കൾ സാലി ഫിലിപ്പിനെ അഭിനന്ദിച്ചു.


