ആറന്മുളയിലെ ബാംഗ്ലൂർ റോഡ് പുരസ്‌കാര നിറവിൽ
ആറന്മുള – മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി പന്തളം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള 5 ഗ്രാമ പഞ്ചായത്തുകളിൽ നിന്നും ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവച്ച ആറന്മുള ഗ്രാമ പഞ്ചായത്തിനുള്ള അവാർഡ് ബഹുമാനപ്പെട്ട ആരോഗ്യ വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി ശ്രീമതി വീണ ജോർജ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷീജ ടി റ്റോജിയ്ക്ക് സമ്മാനിച്ചപ്പോൾ..!!
മുതിർന്ന മാധ്യമ പ്രവർത്തകനായ ശ്രീ. മുരളീകൃഷ്‌ണൻ എഴുതുന്നത്…
എന്റെ ഗ്രാമത്തിലെ ‘ ബാംഗ്ലൂർ റോഡ്’ ന് മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി പന്തളം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ഏറ്റവും ശുചിത്വത്തോടെ പരിപാലിക്കുന്ന മികച്ച പൊതു ഇടത്തിനുള്ള വൃത്തി -2025 പുരസ്കാരം ലഭിച്ചു. അതി മനോഹരമായി ഈ പ്രദേശം സംരക്ഷിയ്ക്കുന്ന നാട്ടുകാരുടെ കൂട്ടായ്മയായ ‘ബാംഗ്ലൂർ റോഡ് സംരക്ഷണ സമിതി’ യെ സംബന്ധിച്ചോളം ഇത് അഭിമാനകരമാണ്. പന്തളം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ഇന്ന് നടന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിച്ചു.
ഒരു വർഷം മുൻപ് വരെ സാമൂഹ്യ വിരുദ്ധർ മാലിന്യ നിക്ഷേപിക്കുന്ന ഇടം ആയിരുന്നു ഇത്. ഇവിടെ ആറന്മുള പഞ്ചായത്ത് സ്ഥാപിച്ച MCF ന് ചുറ്റും മാലിന്യങ്ങൾ തള്ളുന്നതായിരുന്നു പതിവ് കാഴ്ച്ച. രാത്രിയുടെ മറവിൽ ലോറിയിൽ കെട്ടിട വേസ്റ്റ്, അറവു മാടിന്റെ അവശിഷ്ടങ്ങൾ, ബാർബർ ഷോപ്പിലെ മുടി, മദ്യക്കുപ്പികൾ … തുടങ്ങി എല്ലാമുണ്ടായിരുന്ന ഒരു സ്ഥലം. പ്രഭാത നടത്തക്കാരടക്കമുള്ള വഴി യാത്രികർക്ക് മൂക്ക് പൊത്തി നടക്കേണ്ട അവസ്ഥ. ആ സ്ഥിതിയിൽ നിന്ന് മാറി ഇപ്പോൾ പന്തളം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ആറന്മുള , കുളനട , മെഴുവേലി, പന്തളം തെക്കേക്കര, തുമ്പമൺ പഞ്ചായത്തുകളിൽ ഏറ്റവും മികച്ച പൊതുവിടമായി ബാംഗ്ലൂർ റോഡ് തെരഞ്ഞെടുക്കപെട്ടപ്പോൾ അതിന് പകിട്ടേറെയുണ്ട്. ഇത് ഈ ഗ്രാമീണ കൂട്ടായ്മയുടെ വിജയമാണ്. രാഷ്ട്രീയ- പ്രാദേശിക ചിന്തകൾക്കതീതമായി നീർവിളാകം , കുറിച്ചിമുട്ടം പ്രദേശത്തെ നാട്ടുകാർ ഒന്നിച്ചപ്പോൾ ഉണ്ടായ അഭിമാനകരമായ നേട്ടമാണ് ഈ പുരസ്‌കാര ലഭ്യത.


ഇനിയും ഒട്ടേറെ കാര്യങ്ങൾ ഈ മനോഹര ഇടത്ത് ഉണ്ടാകേണ്ടതുണ്ട്. അതിനായുള്ള പരിശ്രമങ്ങൾ തുടരുകയാണ്.
നീർവിളാകം ചിറവാൽ വയൽക്കാറ്റ് മുതൽ കുറിച്ചിമുട്ടം കാണിക്ക വഞ്ചി വരെ ഉള്ള പ്രദേശം കണ്ട് വിലയിരുത്തി ഇവിടെ ടൂറിസം വികസനത്തിനായി വിശദമായ പദ്ധതി സമർപ്പിക്കാൻ കഴിഞ്ഞ ദിവസം ബാംഗ്ലൂർ റോഡ് – വയൽക്കാറ്റ് പ്രദേശങ്ങൾ സന്ദർശിച്ച ബഹു മന്ത്രി വീണാ ജോർജ്ജ് നിർദ്ദേശം നൽകിയിട്ടുണ്ട്. മാധ്യമ വാർത്തകളിലൂടെയും സന്ദർശകരുടെ റീലുകളിലൂടെയും എല്ലാം ഈ പ്രദേശം ഇപ്പോൾ കൂടുതൽ പ്രസിദ്ധിയിലേക്ക് വളരുകയാണ്. എത്തുന്നവരെല്ലാം ഈ പ്രദേശം വൃത്തിയോടെ പരിപാലിച്ച് പോകണമെന്ന് അഭ്യർത്ഥിക്കുന്നു 🙏
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി എ അനീഷ് മോൻ, വൈസ് പ്രസി അശ്വതി വിനോജ്, സെക്രട്ടറി എ സനൽകുമാർ, ആറന്മുള ഗ്രാമ പഞ്ചായത്ത് പ്രസി ഷിജ ടി ടോജി, സെക്രട്ടറി ആർ രാജേഷ്, ബ്ലോക്ക് / ഗ്രാമ പഞ്ചായത്തംഗങ്ങൾ .. തുടങ്ങി എല്ലാവർക്കും നന്ദി.❤️🙏
What do you feel about this post?
Like
Love
Happy
Haha
Sad

