സുസ്ഥിര വികസനം വിരൽത്തുമ്പിൽ ; ഡിജിറ്റൽ മാപ്പിംഗ് ഡ്രോൺ സർവേയുമായി ഇരവിപേരൂർ

Pathanamthitta
Print Friendly, PDF & Email

ഇരവിപേരൂർ – ഗ്രാമപഞ്ചായത്തിൽ സുസ്ഥിരവികസനം ലക്ഷ്യമാക്കി ജി.ഐ.എസ് മാപ്പിങ് പദ്ധതിക്ക് തുടക്കം. പഞ്ചായത്ത് പരിധിയിലെ സ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങൾ ഒറ്റ ക്ലിക്കിൽ ലഭ്യം. നൂതന സാങ്കേതികവിദ്യയോടെ പഞ്ചായത്തിലെ മുഴുവൻ മനുഷ്യ, പ്രകൃതിവിഭവ വിവരങ്ങളും ശേഖരിച്ച് ആവശ്യാനുസരണം ലഭ്യമാക്കുകയാണ് ലക്ഷ്യം.

വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഏഴ് ലക്ഷം രൂപ ആദ്യ ഘട്ടത്തിൽ വിലയിരുത്തി. ജനക്ഷേമ പദ്ധതിക്ക് ആവശ്യമായവ ശേഖരിക്കുകയാണ് ലക്ഷ്യം. മുഴുവൻ വിവരങ്ങളും കണ്ടെത്തി ആസൂത്രണം, പദ്ധതി വിഭാവന നിർവഹണം എന്നിവയ്ക്കായി വെബ് പോർട്ടൽ തയ്യാറാക്കും. ജലസ്രോതസ്, പാതകൾ , കെട്ടിടം, തെരുവ് വിളക്കുകൾ, കുടിവെള്ള പൈപ്പുകൾ, തോടുകൾ, കിണറുകൾ, പാലം, കലുങ്കുകൾ എന്നിവയുടെ വിവരശേഖരണം ഡ്രോൺ ഉപയോഗിച്ച് നടത്തും. ജീവനക്കാർക്ക് സ്ഥലത്ത് നേരിട്ട് എത്താതെ കൃത്യതയോടെ പദ്ധതി ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനുമാകും.

മുഴുവൻ കെട്ടിടങ്ങളുടെയും ചിത്രം ഉൾപ്പടെ വിവരങ്ങൾ ഉൾപ്പെടുത്തി രൂപരേഖ ഒരുക്കുന്നതോടൊപ്പം പാത, സ്ഥല അടയാളം, തണ്ണീർത്തടങ്ങൾ, സൂക്ഷ്മതല ഭൂവിനിയോഗ സ്ഥലനിർണയം എന്നിവ വെബ്‌പോർട്ടലിൽ ആവശ്യാനുസരണം പരിശോധിക്കാനാകും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് ചുമതല.
കെട്ടിട വിസ്തീർണം, കുടുംബ വിവരങ്ങൾ, വികസന റിപ്പോർട്ട്, വാർഡ് വിവരങ്ങൾ, ഹരിത കർമ സേന ഡേറ്റാ ബാങ്ക് എന്നിവയും സർവേയിൽ ഉൾപ്പെടുന്നു. പഞ്ചായത്തിലെ എല്ലാ വിവരങ്ങളും ഡിജിറ്റലൈസ് ആക്കാനാണ് ശ്രമമെന്ന് പ്രസിഡന്റ് കെ ബി ശശിധരൻ പിള്ള പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *