കോന്നി – വനിതകൾക്ക് സൗജന്യ യോഗ പരിശീലന ഒരുക്കി കോന്നി ഗ്രാമപഞ്ചായത്ത്. ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് യോഗാ പരിശീലനം. തിങ്കൾ മുതൽ ശനി വരെ പഞ്ചായത്ത് ഹാളിൽ രാവിലെ 8.30ന് ക്ലാസ് ആരംഭിക്കും. ആറുമാസം ദൈർഘ്യം. ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. എസ് പി അർച്ചനയ്ക്കാണ് മേൽനോട്ടം.
പി എസ് ദിലീപാണ് പരിശീലകൻ. 19 വർഷമായി യോഗ പരിശീലകനാണ്. ജീവിത ശൈലി രോഗങ്ങളെ പ്രതിരോധിക്കാൻ യോഗ സഹായിക്കുമെന്ന് ദിലീപ് പറഞ്ഞു. 20- 60 വയസുള്ള 35 അംഗങ്ങളാണ് ഉള്ളത്. യൂണിഫോമും ഇവർക്കുണ്ട്. അംഗങ്ങൾക്ക് ഡോക്ടറുടെ പരിശോധന നിർബന്ധം. പഞ്ചായത്ത് വനിതാ കലോത്സവത്തിലും യോഗ പ്രദർശിപ്പിച്ചു.

ജി എൽ പി എസ് കോന്നി, കൈതക്കുന്ന്, പേരൂർകുളം, പൈനാമൺ യു പി സ്‌കൂൾ കുട്ടികൾക്കും ദിലീപിന്റെ കീഴിൽ യോഗ പരിശീലനം നൽകുന്നു. 80 കുട്ടികളുണ്ട്. സ്‌കൂൾ ദിനങ്ങളിൽ രാവിലെയാണ് പരിശീലനം.
വനിതകളുടെ മുന്നേറ്റത്തിനായി ജൻഡർ റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിലാണ് പ്രവർത്തനം. ഇതിന്റെ ഭാഗമായാണ് യോഗ പരിശീലനം. വനിതകൾക്കായി കൂടുതൽ പദ്ധതികൾ ഗ്രാമപഞ്ചായത്ത് ആരംഭിക്കുമെന്ന് പ്രസിഡന്റ് ആനി സാബു തോമസ് പറഞ്ഞു.


