ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ അഭിഷിക്തനായി

World
Print Friendly, PDF & Email

ബെയ്‌റൂട്ട് – പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തോടുള്ള അചഞ്ചല വിശ്വാസ പ്രഖ്യാപനമായി മാറിയ ചടങ്ങിൽ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ബാവായായി മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാർ ഗ്രിഗോറിയോസിനെ ആഗോള സിറിയൻ ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ അഭിഷക്തനായി. യാക്കോബായ സുറിയാനി സഭയുടെ ഉന്നത സ്‌ഥാനത്തേക്കുയർത്തപ്പെട്ട അദ്ദേഹം, ഇനി ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ എന്ന നാമധേയത്തിൽ അറിയപ്പെടും.

സന്ധ്യാപ്രാർഥനയോടെയാണ് സ്ഥാനാഭിഷേക ശുശ്രൂഷ ആരംഭിച്ചത്. പരിശുദ്ധ പാത്രിയർക്കീസിനോടും പരിശുദ്ധ സിംഹാസനത്തോടും ഭക്തിയും ബഹുമാനവും വിധേയത്വവും പ്രഖ്യാപിച്ചുകൊണ്ടു നൽകിയ ശൽമോസ (ഉടമ്പടി) സ്വീകരിച്ച പാത്രിയർക്കീസ് തിരികെ ‘സുസ്‌ഥാത്തിക്കോൻ’ (അധികാരപത്രം) നൽകി. മദ്ബഹായിൽ ഭക്തജനങ്ങൾക്ക് അഭിമുഖമായി പീഠത്തിലിരുത്തിയ ശ്രേഷ്ഠ കാതോലിക്കായെ മെത്രാപ്പോലീത്തമാർ ചേർന്ന് ഉയർത്തിയപ്പോൾ ‘ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് ജോസഫ് പ്രഥമൻ യോഗ്യനും വാഴ്ത്തപ്പെട്ടവനുമാകുന്നു’ എന്നു മുഖ്യ കാർമികൻ പ്രഖ്യാപിച്ചു.

തുടർന്ന് ‘അവൻ യോഗ്യൻ തന്നെ’ എന്നർഥമുള്ള ‘ഓക്‌സിയോസ്’ പാത്രിയർക്കീസ് ബാവാ മുഴക്കിയപ്പോൾ മെത്രാപ്പോലീത്തമാരും വൈദികരും ഭക്ത്യാദരങ്ങളോടെ മൂന്നുതവണ അത് ഏറ്റുചൊല്ലി. സ്‌ഥാനചിഹ്നങ്ങളായ മൂന്നു മാലകളും അംശവടിയും മുഖ്യകാർമികൻ ശ്രേഷ്ഠ കാതോലിക്കാ ബാവായ്ക്കു കൈമാറി. യാക്കോബായ സഭയുടേതടക്കം സിറിയൻ ഓർത്തഡോക്സ് സഭയിലെ മെത്രാപ്പൊലീത്തമാരും അഭിഷേക ശുശ്രൂഷയിൽ പങ്കാളികളായി.

കേരളത്തിൽ നിന്ന് മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ക്ലീമീസ് കാതോലിക്കാ ബാവാ, മാർത്തോമ്മാ സഭയുടെ ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത എന്നിവരെത്തി. ലബനൻ പ്രസിഡന്റ് ജോസഫ് ഓനിന്റെ പ്രതിനിധിയും ലബനനിലെ ഇന്ത്യൻ സ്ഥാനപതി നൂർ റഹ്മാൻ ഷെയ്ഖും സന്നിഹിതരായിരുന്നു. മന്ത്രി പി.രാജീവ്, എംഎൽഎമാരായ അനൂപ് ജേക്കബ്, ഇ.പി.ടൈസൻ, എൽദോസ് പി.കുന്നപ്പിള്ളി, ജോബ് മൈക്കിൾ, പി.വി.ശ്രീനിജൻ, പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് എന്നിവർ കേരള സർക്കാരിന്റെയും ബെന്നി ബഹനാൻ എംപി, വി.മുരളീധരൻ, അൽഫോൻസ് കണ്ണന്താനം, ഷോൺ ജോർജ് എന്നിവർ കേന്ദ്രസർക്കാരിന്റെയും പ്രതിനിധികളായെത്തി. യാക്കോബായ സഭയുടെ, കേരളത്തിലെയും പുറംനാടുകളിലെയും പള്ളികളിൽനിന്ന് വൈദികരും സഭാംഗങ്ങളുമായി എഴുനൂറിലേറെപ്പേർ അഭിഷേകത്തിനു സാക്ഷികളായി.

Leave a Reply

Your email address will not be published. Required fields are marked *