ശബരിമലയിൽ വിഷുക്കണി ദർശനം ഏപ്രിൽ 14 ന്; വിപുലമായ മുന്നൊരുക്കങ്ങൾ.

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – മേടമാസത്തിലെ വിഷു മഹോത്സവത്തിനായി ശബരിമലയിൽ ഏപ്രിൽ 2ന് കൊടിയേറ്റ്. രാവിലെ 9.45നും 10.45നും മധ്യേ തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ കാർമികത്വത്തിൽ കൊടിയേറും.ഏപ്രിൽ 3 മുതൽ 10 വരെ ദിവസവും ഉച്ചപൂജയ്ക്കു ശേഷം ഉത്സവബലിയും വൈകിട്ട് ശ്രീഭൂതബലിയും ഉണ്ടാകും. പടിപൂജ, മുളപൂജ എന്നിവയും ഉണ്ട്.അഞ്ചാം ഉത്സവമായ 6 മുതൽ 10 വരെ രാത്രി ശ്രീഭൂതബലിക്കൊപ്പം വിളക്കിനെഴുന്നള്ളിപ്പും ഉണ്ട്.

10ന് രാത്രി വിളക്കിനെഴുന്നള്ളിപ്പും പൂർത്തിയാക്കി പള്ളിവേട്ടയ്ക്കായി ശരംകുത്തിയിലേക്ക് എഴുന്നള്ളും. പള്ളിവേട്ടയ്ക്കു ശേഷം മടങ്ങിയെത്തി ശ്രീകോവിലിനു പുറത്ത് പ്രത്യേകം തയാറാക്കുന്ന അറയിലാണ് ദേവന്റെ പള്ളിയുറക്കം.ഉത്സവത്തിനു സമാപനം കുറിച്ച് 11ന് ഉച്ചയ്ക്ക് പമ്പയിൽ ആറാട്ട് നടക്കും. രാവിലെ 9ന് ആറാട്ട് ഘോഷയാത്ര സന്നിധാനത്തുനിന്നു പമ്പയിലേക്ക് പുറപ്പെടും. ശരംകുത്തി, മരക്കൂട്ടം, ശബരിപീഠം, അപ്പാച്ചിമേട്, നീലിമല വഴിയാണ് ആറാട്ട് ഘോഷയാത്ര പമ്പയിൽ എത്തുക.

പമ്പ ഗണപതികോവിലിൽ ഇറക്കിയാണ് ആറാട്ട് കടവിലേക്ക് ദേവനെ എഴുന്നള്ളിക്കുന്നത്..ആറാട്ടിനു ശേഷം 3 വരെ പമ്പ ഗണപതികോവിലിൽ ദേവനെ എഴുന്നള്ളിച്ചിരുത്തും. ഈ സമയം ഭക്തർക്ക് പറ വഴിപാട് സമർപ്പണത്തിനുള്ള സൗകര്യവും ഉണ്ട്.വിഷു പൂജകൾക്കായി അയ്യപ്പ ക്ഷേത്രനട ഏപ്രിൽ ഒന്നിന് വൈകിട്ട് 5ന് തുറക്കും. വിഷു പൂജകൾ കൂടി പൂർത്തിയാക്കി 18നാണ് നട അടയ്ക്കുന്നത്.

18 ദിവസം ദർശനത്തിന് അവസരം ലഭിക്കും. ഇത്തവണത്തെ വിഷുക്കണി ദർശനം ഏപ്രിൽ 14ന് പുലർച്ചെ 4 മുതൽ 7 വരെയാണ്.ദർശനത്തിനുള്ള വെർച്വൽ ക്യു ബുക്കിങ് ദേവസ്വം ബോർഡ് തുടങ്ങി. വെർച്വൽ ക്യു ഇല്ലാത്തവർക്ക് പമ്പ ഗണപതികോവിൽനിന്ന് പാസ് എടുത്ത് സന്നിധാനത്തേക്ക് പോകാം. തിരക്ക് കൂടുമ്പോൾ മേൽപാലത്തിലൂടെയും തിരക്ക് കുറയുമ്പോൾ ബലിക്കൽ പുര വഴിയും കടത്തി വിടുന്ന ഹൈബ്രിഡ് ദർശന രീതിയാണ് ഏപ്രിൽ ഒന്ന് മുതൽ നടപ്പാക്കുന്നത്.

ശബരിമല മേടം വിഷു മഹോത്സവത്തിന്റെ ഒരുക്കങ്ങൾ ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണന്റെ നേതൃത്വത്തിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വിലയിരുത്തി. സന്നിധാനത്ത് സുരക്ഷിതവും സുഗമവുമായ തീർഥാടനം ഉറപ്പാക്കും. നിലയ്ക്കൽ ബേസ് ക്യാമ്പ് പാർക്കിംഗിലും ഹിൽ ടോപ്പിലും ചക്കു പാലത്തും പോലീസ് സുരക്ഷയുണ്ടാകും. പാർക്കിങ് ഗ്രൗണ്ടുകളിൽ സുരക്ഷാ കാമറ, ഉച്ചഭാഷിണി മുന്നറിയിപ്പ് സംവിധാനം ഏർപ്പെടുത്തും. അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങളും ചില്ലകളും മുറിച്ചു മാറ്റും . വനപാതകളിൽ മുഖാവരണങ്ങൾ നിക്ഷേപിക്കുന്നതിന് ബിന്നുകളുണ്ടാകും. വിവിധ ഭാഷകളിൽ പ്ലാസ്റ്റിക് നിരോധന ജാഗ്രതാ ബോർഡുകൾ, അപകട സാധ്യതയുള്ള കടവുകളിൽ ബാരിക്കേഡുകൾ, ളാഹ മുതൽ പമ്പ വരെയുള്ള 23 ആനത്താരകളിൽ മുന്നറിയിപ്പ് ബോർഡുകൾ എന്നിവ സ്ഥാപിക്കും. പമ്പ- നിലയ്ക്കൽ കെ എസ് ആർ ടി സി ചെയിൻ സർവീസും പമ്പ, എരുമേലി, പന്തളം എന്നിവിടങ്ങളിലേക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ബസ് സർവീസും ഏർപ്പെടുത്തും. സന്നിധാനം, പമ്പ , നിലയ്ക്കൽ ബേസ് ക്യാമ്പ്, പത്തനംതിട്ട, റാന്നി , റാന്നി-പെരുനാട് എന്നിവിടങ്ങളിലെ ആശുപത്രികൾ പൂർണ സജ്ജമാക്കും. ആന്റിവെനം ആശുപത്രികളിൽ ലഭ്യമാക്കും. പമ്പയിലും സന്നിധാനത്തും ആയുർവേദ, ഹോമിയോ താത്കാലിക ഡിസ്‌പെൻസറികളുണ്ടാകും. സബ് കലക്ടർ സുമിത് കുമാർ ഠാക്കൂർ, ഡെപ്യൂട്ടി കലക്ടർ ആർ രാജലക്ഷ്മി, വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *