ന്യൂഡൽഹി – യെമനിലെ ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു കഴിയുന്ന മലയാളിയായ നിമിഷപ്രിയയെ ജയിലിലെത്തി സന്ദർശിച്ച് അമ്മ പ്രേമകുമാരി. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർക്കൊപ്പമായിരുന്നു സന്ദർശനം. പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷമാണ് പ്രേമകുമാരി മകളെ കണ്ടത്. കൊല്ലപ്പെട്ട യമൻ പൗരൻ തലാൽ അബ്ദു മഹ്ദിയുടെ കുടുംബത്തെ നാളെ നേരിട്ട് കണ്ട് ബ്ലഡ്മണി അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാനാണ് ശ്രമം.
ഇന്ത്യൻ സമയം ഒന്നരയോടെയാണ് പ്രേമകുമാരിയും ഒപ്പം ഇന്ത്യയിൽ നിന്ന് പോയ ആക്ഷൻ കൗൺസിൽ അംഗം അഡ്വ സാമുവൽ ജെറോമും സനായിലെ ഇന്ത്യൻ എംബസിയിലെത്തിയത്. തുടർന്ന് പ്രേമകുമാരി എംബസി അധികൃതർക്കൊപ്പം സനായിലെ ജയിലിലെത്തി നിമിഷപ്രിയയെ കണ്ടു.
കൊല്ലപ്പെട്ട യമൻ പൗരൻ തലാൽ അബ്ദു മഹ്ദിയുടെ കുടുംബം ബ്ലഡ് മണി സ്വീകരിച്ചാൽ മാത്രം നിമിഷപ്രിയയുടെ മോചനമാകാമെന്ന അപ്പീൽ കോടതിയുടെ വിധിയിലെ സാദ്ധ്യത ഉപയോഗപ്പെടുത്തിയാണ് ചർച്ച നടക്കുന്നത്. 2017 ജൂൺ 25നായിരുന്നു വധശിക്ഷയ്ക്ക് ആധാരമായ കൊലപാതകം നടന്നത്. യെമൻ പൗരനായ തലാൽ അബ്ദു മഹ്ദിയെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി വാട്ടർ ടാങ്കിൽ മറവ് ചെയ്തു എന്നതാണ് കേസ്. യെമനിലെ പരമോന്നത കോടതിയായ സുപ്രീം ജുഡീഷ്യൽ കൗൺസിൽ നിമിഷപ്രിയയുടെ വധശിക്ഷ കഴിഞ്ഞ നവംബറിൽ ശരിവെച്ചു. ഡൽഹി ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണ് പ്രേമകുമാരിക്കും സംഘത്തിനും യെമനിലേക്ക് യാത്രചെയ്യാൻ കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചത്.
What do you feel about this post?
Like
Love
Happy
Haha
Sad

