പന്തളം: കുരമ്പാല പുത്തൻകാവിൽ ഭഗവതി ക്ഷേത്രത്തിൽ ഏപ്രിൽ 12ന് നടക്കുന്ന അത്തമഹോത്സവത്തിനു ഒരുക്കങ്ങളായി. മുപ്പതോളം കെട്ടുരുപ്പടികൾ പണിപ്പുരയിലാണ്. തടിയിൽ തീർത്ത ശിൽപങ്ങളുടെ ചാരുതയാണ് പുത്തൻകാവിലെ കെട്ടുകാഴ്ചയുടെ പ്രത്യേകത. ക്ഷേത്രത്തിലെ കോലപ്രതിഷ്ഠാദിനമായ മീനമാസത്തിലെ അത്തം നാളിലാണ് കരക്കാർ കെട്ടുകാഴ്ചകളുമായി തിരുമുമ്പിലെത്തുന്നത്. ഒറ്റക്കാള, ഭീമൻ, ഹനുമാൻ, വള്ളം, ഗണേശൻ, കെട്ടുകുതിര, അർജുനൻ, നരസിംഹം, ഹംസം, ഇരട്ടക്കാളകൾ, ചെറിയ വഴിപാട് കെട്ടുരുപ്പടികൾ എന്നിവയാണ് ക്ഷേത്രമുറ്റത്ത് നിരക്കുന്നത്. ജീവതയിലേറി എഴുന്നെള്ളുന്ന ദേവി, കരക്കാരൊരുക്കുന്ന കാഴ്ചകൾ കണ്ട് സംപ്രീതയാകുമെന്നാണ് വിശ്വാസം.

കുരമ്പാല വടക്കുകിഴക്കുഭാഗത്തിന്റെ ഹനുമാൻ അത്തക്കാഴ്ചയിലെ ആകർഷണമായി അൻപതാം വർഷമാണ് എത്തുന്നത്. 23 അടി പൊക്കമുള്ള ഹനുമാനെ ഒരുക്കിയത് കുരമ്പാല വിളയിൽ വീട്ടിൽ വാസുദേവൻ ആചാരിയാണ്. അൻപതാം വരവിന് കരക്കാർ വലിയ സ്വീകരണമാണ് ഒരുക്കിയിട്ടുള്ളത്. കെട്ടുരുപ്പടിയുടെ അറ്റകുറ്റപ്പണികളും പെയിന്റിംഗും തുടങ്ങി. ജന്മനാ വലം കൈയില്ലാത്ത ചിത്രകാരൻ മനു ഇടംകൈയിൽ ബ്രഷ് പിടിച്ചാണ് ഹനുമാനെ ഇത്തവണ ഒരുക്കുന്നത്.

കുരമ്പാല ഇടഭാഗത്തിന്റെ വലിയകാളയും അൻപത് വർഷം ആഘോഷിക്കുകയാണ്. ഒറ്റത്തടിയിൽ തീർത്ത കാളയുടെ തല പണിതതും വിളയിൽ വാസുദേവൻ ആചാരിയാണ്. വിഷ്ണു പ്രത്യങ്കരി, നന്ദു എഴുമറ്റൂർ എന്നിവർ ചേർന്നാണ് വലിയകാളത്തലയ്ക്ക് നിറം പകരുന്നത്. ഏപ്രിൽ പതിനൊന്നിന് ക്ഷേത്രസന്നിധിയിൽ സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സാംസ്‌കാരിക സമ്മേളനം നടക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്യും.
What do you feel about this post?
Like
Love
Happy
Haha
Sad

