സന്നിധാനം – മകരവിളക്ക് മഹോത്സവത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി വലിയ നടപ്പന്തൽ ശുചീകരിച്ചു. ഉച്ചപൂജ കഴിഞ്ഞ് നടയടച്ചതിന് ശേഷമായിരുന്നു ഡ്യൂട്ടി മജിസ്ട്രേറ്റ് സുമീതൻ പിള്ളയുടെ നേതൃത്വത്തിൽ ശുചീകരണം നടന്നത്. ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാവാതിരിക്കാൻ പോലീസ് സഹകരണത്തോടെ ഘട്ടം ഘട്ടമായായിരുന്നു ശുചീകരണ പ്രവർത്തനം.
സന്നിധാനത്ത് തീർത്ഥാടകർ പ്രധാനമായും വിരിവെക്കുന്ന വലിയ നടപ്പന്തലിലെ ശുചീകരണത്തോടെ കൂടുതൽ വൃത്തിയുള്ള അന്തരീക്ഷത്തിൽ വിരിവെക്കാനുള്ള സൗകര്യമാണ് ഒരുങ്ങിയത്. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് പി. വിജയകുമാർ, സാനിറ്റേഷൻ സൂപ്രവൈസർമാരായ കെ.വി ജിജു, സന്തോഷ് കേശവ്, ജയകൃഷ്ണൻ, രാഹുൽ, ദിലീപ്, അമ്പതിലേറെ വിശുദ്ധി സേനാംഗങ്ങൾ എന്നിവർ ശുചീകരണത്തിൽ പങ്കാളികളായി. വേർതിരിച്ച മാലിന്യങ്ങൾ ട്രാക്‌ടറിൽ നീക്കം ചെയ്തു.

മാളികപ്പുറത്ത് ഫയർഫോഴ്സിന്റെ നേതൃത്വത്തിലും ശുചീകരണം നടന്നിരുന്നു. അടുത്ത ദിവസവും ഉച്ചയ്ക്ക് നട അടച്ചതിനുശേഷം ശുചീകരണം തുടരും.


