2025 – 26 പത്തനംതിട്ട നഗരസഭാ ബജറ്റ് അവതരണ ആമുഖ പ്രഖ്യാപനം

Kerala Pathanamthitta
Print Friendly, PDF & Email

മാന്യരെ,

നിലവിലെ നഗരസഭ ഭരണസമിതിയുടെ അവസാന വർഷ ബഡ്‌ജറ്റ് ആണ് ഡെപ്യൂട്ടി ചെയർപേഴ്‌സൺ ഇന്ന് കൗൺസിൽ മുമ്പാകെ അവതരിപ്പിക്കുന്നത്. അഭിമാനകരമായ ഒട്ടേറെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഭരണസമിതി വരും കാല പ്രവർത്തനങ്ങൾക്കുള്ള മാർഗ്ഗരേഖ ചമയ്ക്കുക കൂടിയാണ്. ഈ സാമ്പത്തിക വർഷം തന്നെ അധികാരം ഏറ്റെടുക്കുന്ന പുതിയ ഭരണസമിതിക്ക് വ്യക്തമായ ദിശാബോധം നൽകുന്ന രേഖയായി മാറും ഈ ബഡ്‌ജറ്റ്. ഭരണസമിതിക്ക് സമർത്ഥമായി നേതൃത്വം നൽകിയിരുന്ന പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി ഇന്ദിരാമണിയമ്മയുടെ ആകസ്‌മിക വേർപാടിന്റെ പശ്ചാത്തലത്തിലാണ് ഈ വർഷത്തെ ബഡ്‌ജറ്റ് അവതരിപ്പിക്കുന്നത്.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയിലാണ് പത്തനംതിട്ട നഗരസഭയുടെ ഭരണസാരഥ്യം 2020 ഡിസംബർ 28 ന് ഇന്നത്തെ ഭരണസമിതി ഏറ്റെടുത്തത്. തുടർന്നുണ്ടായ മികച്ച ധനകാര്യ മാനേജ്മെന്റിന്റെ സാക്ഷ്യപത്രമാണ് ഇന്ന് നാട് കാണുന്ന എല്ലാ വികസന പ്രവർത്തനങ്ങളും.

നഗരവികസനത്തിൻ്റെ മുന്നുപാധിയാണ് ആസൂത്രിതവികസന രേഖ, നമ്മുടെ നഗരം ഏറെനാളായി കാത്തിരിക്കുന്ന പത്തനംതിട്ട മാസ്റ്റർ പ്ലാൻ യാഥാർത്ഥ്യമാവുകയാണ്. മാസ്റ്റർ പ്ലാനിൻ്റെ ഭാഗമായുള്ള 5 വിശദ നഗരാസൂത്രണ പദ്ധതികളിൽ കുമ്പഴ സ്‌കീമിൻ്റെ അന്തിമ വിജ്ഞാപനത്തിന് നഗരസഭ കൗൺസിൽ അനുമതി നൽകി. മറ്റ് നാല് സ്‌കീമുകളുടേയും കരട് വിജ്ഞാപനം ഇതിനകം പുറപ്പെടുവിച്ചു കഴിഞ്ഞു. വിശദ നഗരാസൂത്രണ പദ്ധതികൾക്ക് പുറമേയുള്ള പ്രദേശങ്ങളെ ഉൾക്കൊള്ളുന്ന മാസ്റ്റർ പ്ലാനും പൂർത്തിയായി കഴിഞ്ഞു. ശുദ്ധമായ വായുവും സുഖകരവും സമാധാനപരവുമായ ജീവിതവും ഉറപ്പുനൽകുന്ന നമ്മുടെ നഗരത്തെ ഏവരും സ്ഥിരതാമസത്തിനായി തിരഞ്ഞെടുക്കുന്ന പ്രദേശങ്ങളിൽ മുൻഗണനാ നഗരമാക്കി മാറ്റുകയാണ് ലക്ഷ്യം. സമ്പന്ന, അർധ സമ്പന്ന രാജ്യങ്ങളിലെ ജനങ്ങളുടെ ജീവിത നിലവാരത്തിന് സമാനമായി കേരളത്തെ മാറ്റി തീർക്കാനുള്ള സംസ്ഥാന സർക്കാരിൻ്റെ നവ കേരള പദ്ധതിക്കൊപ്പം നഗരസഭമുന്നോട്ടുവയ്ക്കുന്ന ആശയമാണ് ഗ്രേറ്റർ പത്തനംതിട്ട. പ്രകൃതിയെ സംരക്ഷിച്ചും എന്നാൽ പതിറ്റാണ്ടുകളായി നഗരാതിർത്തിയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിലനിൽക്കുന്ന നിയന്ത്രണങ്ങൾ ലഘൂകരിച്ചും ജില്ലാ കേന്ദ്രത്തെ ഏറ്റവും മനോഹരവും സാമ്പത്തിക പ്രവർത്തനങ്ങളുടെ കേന്ദ്രവുമാക്കി മാറ്റിയെടുക്കാനാണ് മാസ്റ്റർ പ്ലാൻ വിഭാവനം ചെയ്യുന്നത്.

ഭരണ നേതൃത്വത്തിൻ്റെ പ്രഖ്യാപനങ്ങൾ സമയബന്ധിതമായി പൂർത്തീകരിച്ച് നാടിന് സമർപ്പിക്കാൻ കഴിഞ്ഞു എന്നതാണ് നിലവിലെ ഭരണസമിതിയുടെ പ്രവർത്തന മുഖമുദ്ര. നഗരജീവിതത്തിൻ്റെ ഒഴിച്ചുകൂടാൻ ആകാത്ത സൗകര്യങ്ങളിൽ ഒന്നാണ് സാമൂഹ്യഇടങ്ങൾ. പുത്തൻ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ വേലിയേറ്റങ്ങളിൽ നഷ്‌ടമായിക്കൊണ്ടിരിക്കുന്ന സാമൂഹ്യ കൂട്ടായ്‌മകളും വർദ്ധിച്ചുവരുന്ന ഒറ്റപ്പെടലുകളും സമൂഹത്തെ വർഗീയമായി ഭിന്നിപ്പിക്കുന്നതിനുള്ള അവസരങ്ങളായി ചില ശക്തികൾ കേരളത്തിൽ ഉപയോഗിക്കുകയാണ്. സാമൂഹ്യവും സാംസ്‌കാരികവും രാഷ്ട്രീയവുമായ ചെറുത്തുനിൽപ്പുകൾക്ക് ഇടം ഒരുക്കി കൊടുക്കേണ്ടത് വർത്തമാനകാല അരുതായ്‌കൾക്കെതിരെ ഭാവിയെ കരുതുന്ന ഏത് ഭരണകൂടത്തിന്റെയും ഉത്തരവാദിത്വമാണ്. ഈ ധർമ്മമാണ് പത്തനംതിട്ട നഗരത്തിൻ്റെ “ടൗൺ സ്ക്വയർ”എന്ന അഭിമാന പദ്ധതിയിലൂടെ യാഥാർത്ഥ്യമാക്കിയത്. പത്തനംതിട്ട നഗരത്തിൻ്റെ വികസനഏടുകളിൽ പുതിയ കാഴ്ച്‌ചപ്പാടുകളെ അടയാളപ്പെടുത്തുകയാണ് സാമൂഹ്യ സാംസ്‌കാരിക കേന്ദ്രമായ ടൗൺ സ്ക്വയർ.

പത്തനംതിട്ട ജന്മം നൽകിയ മഹത് വ്യക്തിത്വങ്ങളോട് നീതി പുലർത്തിയ ഭരണസമിതിയാണ് നിലവിലുള്ളത്. ജില്ലയുടെ പിതാവ് ശ്രീ. കെ കെ നായർ എക്സ് എം.എൽ എയ്ക്കും, രാജ്യത്തെ പരമോന്നത നീതിപീഠത്തിലെ ആദ്യ വനിത ന്യായാധിപയായ ജസ്റ്റിസ് ഫാത്തിമ ബീവിക്കും ഉചിതമായ സ്‌മാരകമാണ് ടൗൺ സ്ക്വയറിൽ ഉയർന്നത്. പത്തനംതിട്ട പഞ്ചായത്തിൻ്റെ ആദ്യ വൈസ്പ്രസിഡന്റ് കെ ആർ ബാലകൃഷ്‌ണ പിള്ളയുടെ സ്‌മരണാർത്ഥം അഴൂരിലെ ആയുർവേദ ഡിസ്പെൻസറിക്ക് അദ്ദേഹത്തിൻ്റെ പേര് നൽകി. ഈ ആരോഗ്യ സ്ഥാപനത്തെ ആശുപത്രിയുടെ നിലവാരത്തിലേക്ക് ഉയർത്താൻ കൗൺസിൽ നടത്തിവരുന്ന പ്രവർത്തനങ്ങൾ പ്രത്യേക പരാമർശം അർഹിക്കുന്നു. ഇന്നത്തെ പത്തനംതിട്ടയെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കു വഹിച്ച മറ്റ് വ്യക്തിത്വങ്ങൾക്കും ഉചിതമായ സ്‌മാരകങ്ങൾ നിർമ്മിക്കും.

പ്രഥമ നഗരപിതാവ് ഹാജി സി മീരാസാഹിബിൻറെ ഓർമ്മകളെ നിലനിർത്തുന്ന നഗരസഭാ ബസ് സ്റ്റാൻഡിലെ നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായും മാതൃകാപരമായും പൂർത്തീകരിക്കാനായത് ഭരണസമിതി യുടെ നേട്ടങ്ങളിൽ പ്രധാനമാണ്. ബസ് സ്റ്റാൻഡ് എന്ന ഇടത്തെ പരമ്പരാഗത കാഴ്ച്‌ചപ്പാടുകളിൽ നിന്നും മോചിപ്പിച്ച് വിനോദവിശ്രമ ഹബ്ബാക്കി മാറ്റുകയാണ് നിലവിലെ ഭരണസമിതി. നഗര ജീവിതത്തിൻ്റെ അവിഭാജ്യ ഭാഗമായി മാറിക്കഴിഞ്ഞ നൈറ്റ് ലൈഫിന് ബസ് സ്റ്റാൻഡിലെ ഹാപ്പിനസ് പാർക്ക് വേദി ഒരുക്കുകയാണ്. വിശാലമായ പാർക്കിംഗ് സംവിധാനവും ടേക്ക് എ ബ്രേക്ക് സൗകര്യങ്ങളും മനോഹരമായ നടപ്പാതകളും ബസ് സ്റ്റാൻഡിൻ്റെ പ്രധാന ആകർഷണ കേന്ദ്രങ്ങളാണ്.

ചരിത്രപ്രസിദ്ധമായ വൈക്കം സത്യാഗ്രഹത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കേരളത്തിലെത്തിയ രാഷ്ട്രപിതാവ് ഗാന്ധിജിയുടെ കേരള സന്ദർശനത്തിന്റെ നൂറാം വാർഷികത്തിലൂടെയാണ് നാം കടന്നു പോകുന്നത്.
ഗാന്ധിജി മാർച്ച് എട്ടിന് കൊച്ചിയിൽ ഇങ്ങനെ പ്രസ്‌താവിച്ചു. “No municipality in India can be considered to be complete until that municipality had identi-fied itself with the lowest of its citizens” അതിദാരിദ്ര്യത്തെ സമൂഹത്തിൽ നിന്ന് നിർമ്മാർജ്ജനം ചെയ്യാൻ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന മഹത്തരമായ പദ്ധതിക്കൊപ്പം ദൃഢമായ ചുവടുവെപ്പുകൾ നടത്തുകയാണ് നഗരസഭ കൗൺസിൽ.സമൂഹത്തിന്റെ പിന്നണിയിലുള്ള വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് എത്തിക്കാൻ നിരവധി പ്രവർത്തനങ്ങൾ ഇക്കാലയളവിൽ കൗൺസിൽ നടപ്പാക്കി. ആശ്രയ, ലൈഫ്, തൊഴിലുറപ്പ് പദ്ധതികൾ ഇവയിൽ ചിലതുമാത്രമാണ്. ക്രിയാത്മകമായ കൂടുതൽ ഇടപെടലുകൾക്ക് ഈ ബഡ്‌ജറ്റ് അടിത്തറയാകും. നഗരത്തെ വെടിപ്പോടെയും വൃത്തിയോടെയും സൂക്ഷിക്കാൻ പകലന്തിയോളം പണിയെടുക്കുന്ന ശുചീകരണ തൊഴിലാളികളെ വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം സ്ഥിരപ്പെടുത്താനായത് അഭിമാനത്തോടെയാണ് കൗൺസിൽ കാണുന്നത്. പി എം എ വൈ, അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതികളിൽ കഴിഞ്ഞ നാല് വർഷങ്ങളിലും ഏറ്റവും അധികം തൊഴിൽ ദിനങ്ങൾപ്രദാനം ചെയ്യാൻ കഴിഞ്ഞു. 2024-2025 സാമ്പത്തിക വർഷം അനുവദിക്കപ്പെട്ട ഒരു കോടി 22 ലക്ഷം രൂപയും ഇതിനകം ചിലവഴിച്ചു എന്നത് ഏറെ സന്തോഷകരമാണ്. കേന്ദ്രസർക്കാർ വിഹിതം ലഭ്യമാകുന്നതിൽ കാലതാമസം ഉണ്ടാകുന്ന ഘട്ടങ്ങളിലെല്ലാം നഗരസഭ തനതു ഫണ്ടിലൂടെ തൊഴിലാളികളുടെ വേതനം നൽകാനായത് ഭരണസമിതിയുടെ തൊഴിലാളി പക്ഷ നിലപാടിനെയാണ് സാക്ഷ്യപ്പെടുത്തിയത്.

ആരോഗ്യ മേഖലയിലെ മികവാർന്ന പ്രവർത്തനങ്ങൾക്കാണ് കടന്നുപോയ നാല് വർഷങ്ങൾ സാക്ഷ്യം വഹിച്ചത്. കുമ്പഴയിലെ അർബൻ ആരോഗ്യ കേന്ദ്രവും നഗരത്തിലെ വെൽനസ് സെൻ്ററുകളും നഗരവാസികൾക്ക് ഏറെ പ്രയോജനകരമായ നിലയിൽ പ്രവർത്തിക്കുന്നു. വിദഗ്‌ധ ചികിത്സ നൽകാൻ കഴിയുന്ന പോളി ക്ലിനിക്കിൻ്റെ പ്രവർത്തനം ഉടൻ ആരംഭിക്കും. നഗരസഭാ അതിർത്തിക്കുള്ളിൽ പ്രവർത്തിക്കുന്ന ജനറൽ ആശുപത്രിയിൽ ഓക്‌സിജൻ പ്ലാന്റ് സ്ഥാപിച്ചതും, പേ വാർഡ് ആധുനിക സംവിധാനങ്ങളോടെ പുനർനിർമ്മിച്ചതും നഗരസഭ കൗൺസിലിൻ്റെ ആരോഗ്യരംഗത്തെ മികച്ച ഇടപെടലുകളാണ്.

മാലിന്യ സംസ്കരണ രംഗത്തെ ഗൗരവപൂർണമായ ഇടപെടലുകൾ ക്കാണ് ഭരണസമിതി നേതൃത്വം നൽകിയത്. കേരള ഖര മാലിന്യ പരിപാലന പദ്ധതി യുടെ ഭാഗമായി നഗരത്തിൽ നടന്നുവരുന്ന പ്രവർത്തനങ്ങൾ മാലിന്യസംസ്ക‌രണ രംഗത്തെ ശാസ്ത്രീയ ഇടപെടലുകളാണ്. പരിമിതികളെ മറികടന്ന് ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിച്ചിരിക്കുന്നു. ഉറവിടങ്ങളിലെ മാലിന്യ സംസ്‌കരണത്തിന് മികച്ച മാതൃകയാണ് നഗരത്തിൽ ആക്ഷേപരഹിതമായി പ്രവർത്തിക്കുന്ന പോർട്ടബിൾ ബയോ ബിന്നുകൾ. മാലിന്യ കൂനകൾ നീക്കി വഴിയോരങ്ങൾ സൗന്ദര്യവൽക്കരിച്ചത് നഗരത്തിന് പുതുജീവൻ നൽകി. പാതയോരങ്ങളിൽ പുച്ചെടികൾ സ്ഥാപിക്കുന്നതിനൊപ്പം പരിപാലനം ഉറപ്പാക്കുന്നതിനും ഭരണസമിതി ക്കായി. എൻ്റെ മാലിന്യം എൻ്റെ ഉത്തരവാദിത്വം എന്ന തിരിച്ചറിവ് ജനങ്ങൾക്ക് പകർന്നു നൽകുന്നതി നൊപ്പം എംസിഎഫ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ വ്യാപിപ്പിക്കുന്നതിന് ജനപ്രതിനിധി കളുടെ കാര്യക്ഷമമായ ഇടപെടലുകൾ അനിവാര്യമാണ്. സുഗമമായ നഗര ജീവിതത്തിനായി സീവേജ്, സെ‌പ്റ്റേജ് മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ സ്ഥാപിക്കാൻ ശക്തമായ നിലപാടുകൾ സ്വീകരിക്കേണ്ടതുണ്ട്. സങ്കുചിതമായ താല്‌പര്യങ്ങൾക്ക് മുകളിൽ പൊതുജന നന്മയെ ലക്ഷ്യം വയ്‌ക്കേണ്ടതുണ്ട്.

നഗരസഭാ ഭരണസമിതിയുടെ സാംസ്‌കാരിക രംഗത്തെ തിളക്കമാർന്ന അധ്യായമാണ് ജില്ലാ ആസ്ഥാനത്ത് മൂന്ന് ദിവസങ്ങളിലായി കൗൺസിൽ സംഘടിപ്പിച്ച പത്തനംതിട്ട അന്താരാഷ്ട്ര ചലച്ചിത്രോത്സവം. ശ്രീ ചിത്തിരതിരുനാൾ സ്മാരക ടൗൺ ഹാളിൻ്റെയും നഗരസഭാ കോൺഫറൻസ് ഹാളിൻറേയും നിർമ്മാണം സാംസ്‌കാരിക അക്കാദമിക്ക് രംഗത്ത് മുതൽക്കൂട്ടാണ്. നല്ല സിനിമകളെ നാടിന് പരിചയപ്പെടുത്താൻ ലൂമിയർ ഫിലിം സൊസൈറ്റിയുമായി സഹകരിച്ച് നഗരസഭ കൗൺസിൽ തുടങ്ങിവച്ച സംരംഭം കാലത്തിന്റെ വെല്ലുവിളികളെ നേരിടാൻ കൗൺസിലിൻ്റെ ഭാവനാപൂർണ്ണമായ കാഴ്‌ചപ്പാടിന്റെ ദൃഷ്ടാന്തമാണ്. മഹാനായ ആൽബർട്ട് ഐൻസ്റ്റീൻ നിരീക്ഷിച്ചത് പോലെ “വിദ്യാഭ്യാസം വസ്‌തുതകളുടെ പഠനം അല്ല, മറിച്ച് ചിന്തിക്കാൻ മനസ്സിനെ ശീലിപ്പിക്കലാണ്” കൗമാരക്കാർക്കിടയിൽ വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങളും അച്ചടക്കം ഇല്ലായ്മയും നിയന്ത്രിക്കുന്നതിനും അവരെ നല്ല സംസ കാരമുള്ളവരാക്കി മാറ്റുന്നതിനും, പശ്ചാത്തലമൊരുക്കേണ്ടത് പൊതുസമൂഹ ത്തിന്റെ ഉത്തരവാദിത്വമാണ്. മാനവികതയുടെയും പ്രചോദനത്തിന്റെയും വഴികളിലൂടെ ഫലാധിഷ്‌ഠിത വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ അങ്കണവാടികൾ ക്കുള്ള പങ്ക് ഭരണസമിതി തിരിച്ചറിഞ്ഞിട്ടുണ്ട്. നഗരസഭചരിത്രത്തിൽ ആദ്യമായി സ്ഥലം വാങ്ങി അങ്കണവാടികൾ നിർമ്മിക്കാൻ തുടങ്ങിയത് ഈ ഭരണസമിതിയുടെ കാലത്താണ്. ആധുനിക കാലഘട്ടത്തിന്റെ ആവശ്യകതകൾ നിർവഹിക്കാൻ അങ്കണവാടികളെ ശാക്തീകരിക്കേണ്ടതുണ്ട്.
സ്മാർട്ട് അങ്കണവാടികൾ ഈ ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പുകൾ ആണ്. നഗരസഭ ഒമ്പതാം വാർഡിൽ അങ്കണവാടി നാടിന് സമർപ്പിച്ചു. ആറാം വാർഡിൽ പുതിയ അങ്കണവാടി ഉടൻ ഉദ്ഘാടനം ചെയ്യും. 22-ാം വാർഡിൽ കെട്ടിടത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു.

പൊതു വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ സമാനതകളില്ലാത്ത ഇടപെടലുകളാണ് നഗരസഭ കൗൺസിൽ നടത്തിയത്. വിസ്താര ഭയത്താൽ വിവരണങ്ങളിലേക്ക് കടക്കുന്നില്ല. നഗരത്തിലെ സർക്കാർ മേഖലയിലുള്ള ഏക ഹയർസെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്ഥാപനമായ തൈക്കാവ് സ്‌കൂളിൻ്റെ ഭാവി വികസനത്തിന് പ്രത്യേക പദ്ധതിക്ക് രൂപം നൽകി. പതിറ്റാണ്ടുകളുടെ പഴക്കമുള്ള സ്‌കൂളിലെ കുടിവെള്ള പ്രശ്‌നത്തിന് അമൃത് പദ്ധതിയിലൂടെ ഡെഡിക്കേറ്റഡ് പൈപ്പ് ലൈൻ സ്ഥാപിച്ച് പരിഹാരമുണ്ടാക്കി. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ഏറെ മുന്നോട്ടു പോകാനായി. സംസ്ഥാനത്തെ ഏറ്റവും മികച്ച വിദ്യാലയങ്ങളിൽ ഒന്നായി സ്‌കൂളിനെ ഉയർത്താനാണ് ലക്ഷ്യം വയ്ക്കുന്നത്. നഗരം നേരിടുന്ന ഏറ്റവും രൂക്ഷമായ പ്രതിസന്ധി വർദ്ധിച്ചുവരുന്ന കുടിവെള്ള ക്ഷാമമാണ്. ജില്ലാ ആസ്ഥാനത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്‌തമായ നിലയിൽ ശുദ്ധജലം ലഭ്യമല്ല എന്നതാണ് യഥാർത്ഥ പ്രശ്നം. ഇതിനുള്ള ശാശ്വത പരിഹാരമാണ് അമൃത് കുടിവെള്ള പദ്ധതി. സമയബന്ധിതമായി പുരോഗമിക്കുന്ന പദ്ധതിയാണ് അമൃത് സമ്പൂർണ്ണ കുടിവെള്ള പദ്ധതി. ആദ്യ രണ്ട് ഘട്ടങ്ങൾ പൂർത്തിയാക്കി ശുദ്ധീകരണ പ്ലാന്റിന്റെ നിർമ്മാണത്തിലേക്ക് കടന്നിരിക്കുകയാണ് പദ്ധതി പ്രവർത്തനങ്ങൾ. 27 കോടി രൂപ ചിലവിൽ നടപ്പാക്കുന്ന പദ്ധതി 2026 ൽ പൂർത്തീകരിക്കാൻ ആകുമെന്ന പ്രതീക്ഷയിലാണ് കൗൺസിൽ, അമൃത് 2.0 പദ്ധതിയിൽ ആധുനിക ശുദ്ധീകരണ പ്ലാന്റ് നാടിന് സമർപ്പിക്കുന്നതോടെ നിലവിൽ നഗരത്തിൽ വിതരണം ചെയ്യുന്ന 60 ലക്ഷം ലിറ്റർ വെള്ളത്തിൻ്റെ അളവ് ഇരട്ടിയായി മാറും. ഇതോടെ ശുദ്ധജലക്ഷാമം നഗരത്തിൽ പഴങ്കഥയാകും. നഗരസഭാ ഫണ്ട് ഉപയോഗിച്ച് ജല അതോറിറ്റി നടപ്പിലാക്കിയ കോട്ടപ്പാറ കുടിവെള്ള പദ്ധതിക്ക് പുറമേ മണ്ണുങ്കൽ, പേങ്ങാട്ടുമുരിപ്പ്, അഞ്ചക്കാല,ഒറ്റുകൽ, ഊപ്പമല, വലഞ്ചുഴി തുടങ്ങി നിരവധി സമാന്തര കുടിവെള്ള പദ്ധതികളും യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞത് നിലവിലെ ഭരണസമിതിയുടെ ഇച്ഛാശക്തി ഒന്നുകൊണ്ടു മാത്രമാണ്.

നഗരസഭയുടെ അധീനതയിലുള്ള ഗ്രന്ഥശാലയെ സാംസ്കാരിക കേന്ദ്രമാക്കി വളർത്തിയെടുക്കാൻ കഴിഞ്ഞു എന്നത് ഭരണസമിതിയുടെ നേട്ടമാണ്. ലോകം ഡിജിറ്റൽ പാതയിലൂടെ അതിവേഗം നീങ്ങുമ്പോൾ നഗരസഭ ലൈബ്രറിയെ ഓട്ടോമേറ്റഡ് ലൈബ്രറി ആക്കി കാലത്തിനൊപ്പം നീങ്ങുകയാണ് ഭരണസമിതി. സംരംഭക വർഷം അടക്കമുള്ള സംസ്ഥാന സർക്കാർ പദ്ധതികൾ നഗരത്തിൽ പുത്തൻ സാധ്യതകൾ തുറന്നിട്ടുണ്ട്.

സംരംഭക സൗഹ്യദ അന്തരീക്ഷത്തെ പരമാവധി ഉപയോഗപ്പെടുത്തി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ നഗരസഭാ കൗൺസിൽ ഉദ്ദേശിക്കുന്നു. അഭ്യസ്ത വിദ്യരായ ചെറുപ്പക്കാർക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് നാട്ടിലും വിദേശത്തും തൊഴിൽ സമ്പാദിക്കാൻ അവസരം നൽകുന്ന വിജ്ഞാന പത്തനംതിട്ട പദ്ധതിക്ക് ജോബ്സ്റ്റേഷൻ കേന്ദ്രം ഒരുക്കി നഗരസഭാ കൗൺസിൽ മാത്യകയായി. കൗൺസിൽ വിഭാവനം ചെയ്യുന്ന എ ഐ ടെക് ടവറും, ഐടി നിർമ്മിത ബുദ്ധി അധിഷ്‌ഠിത സംരംഭങ്ങളും പത്തനംതിട്ടയുടെ സാമ്പത്തിക തൊഴിൽ രംഗങ്ങൾക്ക് പുതിയ ഊർജ്ജം പകരും.

നഗരസഭ രൂപീകൃതമായതിനു ശേഷം പശ്ചാത്തല മേഖലയിൽ മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്ത നിലയിൽ വികസന പ്രവർത്തനങ്ങൾക്ക് നഗരം സാക്ഷ്യം വഹിച്ചു. പട്ടണത്തിൻ്റെ പൊതുവായ വികസന ആവശ്യങ്ങൾ നിർവഹിച്ചതോടൊപ്പം ലഭ്യമായ വിഭവങ്ങൾ വാർഡുകളുടെ ആവശ്യകതകൾക്ക് അനുസൃതമായി കക്ഷിരാഷ്ട്രീയത്തിന് അതീതമായി വിതരണം ചെയ്യാനായത് വികസനത്തിൽ രാഷ്ട്രീയമില്ല എന്ന കൗൺസിലിന്റെ കാഴ്‌ചപ്പാടിന് അടിവരയിടുന്നു. 32 വാർഡുകളിലും ഭരണസമിതി നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളുടെ നേർചിത്രം ജനങ്ങളിൽ എത്തിക്കാൻ ധവളപത്രം ഇറക്കും.

തീർത്ഥാടക ലക്ഷങ്ങൾ സന്ദർശിക്കുന്ന ശബരിമലയുടെ പ്രധാന ഇടത്താവളം ആണ് നഗരസഭയുടേത്. 2020 മകരവിളക്ക് കാലയളവ് മുതൽ ഭരണ നേതൃത്വത്തിന്റെ നേരിട്ടുള്ള ഇടപെടലിലൂടെ കുറ്റമറ്റ നിലയിലും കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയും തീർത്ഥാടന കാലത്തെ വരവേറ്റത് എല്ലാവരുടെയും പ്രശംസയ്ക്ക് ഇടയാക്കി. ജപ്ത‌ി നടപടികളെ നേരിട്ടിരുന്ന ഇടത്താവളത്തെ വ്യവഹാരങ്ങളിൽ നിന്ന് മോചിപ്പിച്ച് ബാധ്യതാരഹിതമായി നിലനിർത്താനായത് ഭരണസമിതിക്ക് അഭിമാനിക്കാവുന്ന വസ്‌തുതയാണ്. നഗര ഹൃദയത്തിലെ അഞ്ചേക്കർ ഭൂമി ശ്രീ അയ്യപ്പ കൺവെൻഷൻ സെൻ്ററും ഹെലിപ്പാട് അടക്കമുള്ള ആധുനിക സൗകര്യങ്ങളും ഒരുക്കാൻ കഴിയുന്ന തീർത്ഥാടന കേന്ദ്രമാക്കി മാറ്റാനാണ് നഗരസഭ ഉദ്ദേശിക്കുന്നത്. ഇതിനായി കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹായം പ്രതീക്ഷിക്കുന്നു.

കായികലോകത്തിൻ്റെ ഭൂപടത്തിൽ പത്തനംതിട്ടയെ അടയാള പ്പെടുത്തുന്ന കെ കെ നായർ അന്താരാഷ്ട്ര സ്റ്റേഡിയം യാഥാർത്ഥ്യമാവുകയാണ്. സംസ്ഥാന സർക്കാർ കിഫ്ബി യിലൂടെ അനുവദിച്ച 50 കോടി രൂപ ഉപയോഗിച്ച് നിർമ്മാണം പുരോഗമിക്കുന്ന സ്റ്റേഡിയം പ്രതിസന്ധികളെയും തടസ്സങ്ങളെയും അതിജീവിക്കാനുള്ള ഭരണസമിതിയുടെ കരുത്തിൻ്റെ മാത്രം ഉൽപ്പന്നമാണ്. മേൽപ്പാല നിർമ്മാണം വേഗതയിൽ ആക്കാൻ നഷ്ടപരിഹാരത്തിന് കാത്തു നിൽക്കാതെ നഗരസഭാ ഭൂമിയുടെ മുൻകൂർ കൈവശം വിട്ടുനൽകി വികസന പ്രവർത്തനങ്ങളിൽ മാതൃകയായി ഭരണസമിതി.

നഗരത്തിലെ കൃഷി ചെയ്യാതെ തരിശുകിടക്കുന്ന നെൽപ്പാടങ്ങളും പുരയിടങ്ങളും ആധുനിക കാഴ്‌ചപ്പാടുകൾക്ക് അനുസൃതമായി ഉപയോഗിക്കാൻ ആകണം. ഇതിനായി നിരവധി നിർദ്ദേശങ്ങൾ ബഡ്‌ജറ്റിൽ ഉണ്ട്.

അനന്തമായ ടൂറിസം സാധ്യതകളാണ് നഗരത്തിൽ ഉള്ളത്. മനോഹരമായ ചുട്ടിപ്പാറയും, വഞ്ചികപൊയ്‌ക വെള്ളച്ചാട്ടവും, ദേശാടന പ്പക്ഷികളുടെ ആവാസ കേന്ദ്രമായ കൊടുന്തറ ചാലും നഗരത്തിൻ്റെ പുത്തൻ സാധ്യതകളാണ്. വിശദ നഗര ആസൂത്രണ പദ്ധതികളിലൂടെ തദ്ദേശസ്വയംഭരണ പ്ലാനിങ് വിഭാഗം രൂപകൽപ്പന ചെയ ഇക്കോളജിക്കൽ പാർക്കുകളും, വെൻഡിങ് സ്ട്രീറ്റുകളും, റിക്രിയേഷൻ സ്പേസുകളും ഈ ദിശയിലേക്കുള്ള ക്രിയാത്മക നിർദ്ദേശങ്ങൾ ആണ്.

കൗൺസിലിന്റെ നിർദ്ദേശാനുസരണം പ്ലാനിംഗ് വിഭാഗം തയ്യാറാക്കിവരുന്ന മാസ്റ്റർ പ്ലാനിൽ വിഭാവനം ചെയ്യുന്ന പദ്ധതികൾ പത്തനംതിട്ട നഗരത്തെ ജില്ലയുടെ ആകർഷണ കേന്ദ്രമാകും. ഒപ്പം ജില്ലയുടെ സാമ്പത്തിക കേന്ദ്രമായി നഗരം വളരും. വരും വർഷങ്ങളിൽ ഈ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കാൻ ആവശ്യമായ പിന്തുണ ബഡ്‌ജറ്റിൽ നൽകും.

Dream, dream, dream. Dreams transform into thoughts and thoughts result in actions. ഡോ. എപിജെ അബ്ദുൽ കലാമിൻ്റെ വാക്കുകളിൽ സ്വപ്‌നങ്ങളാണ് പ്രവർത്തികളിലേക്ക് നയിക്കുന്നത്. സ്വയം സ്വപ്‌നങ്ങൾ കാണുന്നതിനൊപ്പം മറ്റുള്ളവരെ സ്വ‌പ്നങ്ങൾ കാണാൻ പ്രേരിപ്പിക്കുക കൂടി വേണം. നഗരത്തിന്റെ വികസന സ്വ‌പ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ കഴിയുമെന്ന് തെളിയിച്ച ഭരണസമിതിയാണ് നാലു വർഷങ്ങൾ പിന്നിടുന്നത്. ആമുഖ പ്രസംഗത്തിന്റെ തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ വരുംകാല പ്രവർത്തനങ്ങളുടെ മാർഗനിർദ്ദേശക രേഖ കൂടിയാണ് ഈ സാമ്പത്തിക വർഷത്തെ ബഡ്‌ജറ്റ്. ബഡ് ജറ്റ് മുന്നോട്ടുവെക്കുന്ന ആശയങ്ങളും ലക്ഷ്യങ്ങളും കേവലം ഒരു സാമ്പത്തിക വർഷം കൊണ്ട് പൂർത്തീകരിക്കാൻ കഴിയുന്നവയല്ല. നഗരസഭ കൗൺസിലുകളുടെ നേതൃത്വവും, വിവിധ വകുപ്പുകളുടെ ഏകോപനവും സഹകരണവും, എല്ലാ തലങ്ങളിലുമുള്ള ജനപ്രതിനിധികളുടെ നിർലോഭമായ പിന്തുണയും സമ്പൂർണ്ണ നഗര വികസനത്തിന് അനിവാര്യമാണ്. ഇതിനായി ഒറ്റമനസ്സോടെ നമുക്ക് പ്രയത്നിക്കാം.

സ്നേഹപൂർവ്വം,
നഗരസഭയ്ക്കുവേണ്ടി,
അഡ്വ.റ്റി. സക്കീർഹുസൈൻ
(ചെയർമാൻ, പത്തനംതിട്ട നഗരസഭ)
#Budget2025
#pathanamthitta

Leave a Reply

Your email address will not be published. Required fields are marked *