വെച്ചൂച്ചിറ – ഓട്ടോമാറ്റിക് സാനിറ്ററി പാഡ് വെൻഡിങ് മെഷീൻ ആൻഡ് ഇൻസിനിനേറ്റർ സ്ഥാപിച്ച് ഹൈടെക് നേട്ടവുമായി വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത്. മാലിന്യമുക്ത നവകേരളം കാമ്പയിന്റെയും ‘ക്ലീൻ വാട്ടർ ക്ലീൻ വെച്ചുച്ചിറ’ പ്രോജക്ടിന്റെയും ഭാഗമായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ മെഷീനുകൾ സ്ഥാപിച്ചു.
വെച്ചൂച്ചിറ ബസ് സ്റ്റാൻഡ് ശൗചാലയം, പഞ്ചായത്ത് കാര്യാലയം, സെന്റ് തോമസ് ഹൈസ്‌കൂൾ, എസ് എൻ ഡി പി ഹൈസ്‌കൂൾ, എസ് എൻ ഡി പി ഹയർസെക്കൻഡറി സ്‌കൂൾ, കുന്നം എം ടി വി എച്ച് എസ് എസ്, മണ്ണടിശ്ശാല സർക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ, കൊല്ലമുള ലിറ്റിൽ ഫ്ളവർ പബ്ലിക് സ്‌കൂൾ എന്നിവിടങ്ങളിൽ മെഷീന്റെ സേവനം ലഭിക്കും.
മെഷീനുകൾ സ്ഥാപിക്കാൻ ആറു ലക്ഷം രൂപ വിനിയോഗിച്ചു. നാണയം ഉപയോഗിച്ച് സാനിറ്ററി പാഡുകൾ വാങ്ങാനും ഉപയോഗിച്ചത് കത്തിച്ചുകളയാനും കഴിയുന്ന യൂണിറ്റുകളാണ്. ആർത്തവ സമയത്തെ വെല്ലുവിളികളിൽ ഒന്നാണ് ഉപയോഗിച്ച സാനിറ്ററി പാഡുകളുടെ ശരിയായ സംസ്‌ക്കരണം. ഓഫീസുകളിലും വിദ്യാലയങ്ങളിലും പൊതു ഇടങ്ങളിൽ യാത്ര ചെയ്യുമ്പോഴും ഇവ വലിയ ചോദ്യചിഹ്നമാണ്. ആർത്തവ ശുചിത്വത്തിലുണ്ടാകുന്ന ശ്രദ്ധക്കുറവ് നിരവധി ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും. ആർത്തവ ശുചിത്വ ശീലങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം പ്രചരിപ്പിക്കുക, ആർത്തവ ഉൽപന്നങ്ങൾ, ആർത്തവ വിദ്യാഭ്യാസം, ശുചിത്വ സൗകര്യങ്ങൾ എന്നിവയുടെ ലഭ്യതയെക്കുറിച്ചുള്ള അറിവുകൾ സമൂഹത്തിൽ വളർത്തുക എന്ന ലക്ഷ്യത്തിലാണ് പഞ്ചായത്ത് പദ്ധതി നടപ്പാക്കിയത്.
വീടുകളിലും സ്ഥാപനങ്ങളിലും നിന്നും സാനിറ്ററി പാഡ്, കുട്ടികളുടെയും മുതിർന്നവരുടെയും നാപ്കിനുകൾ എന്നിവ ശേഖരിച്ച് സംസ്‌കരിക്കുന്നതിന് 85 ലക്ഷം രൂപ ചെലവഴിച്ച് കമ്മ്യൂണിറ്റി ഇൻസിനേറ്റർ സ്ഥാപിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ ജെയിംസ് പറഞ്ഞു.
What do you feel about this post?
Like
Love
Happy
Haha
Sad

