ശബരിമലയുടെ 2050 വരെയുള്ള വികസന സാദ്ധ്യതകളെയാണ് മുന്നിൽ കാണുന്നതെന്ന് മുഖ്യമന്ത്രി:

Kerala Pathanamthitta
Print Friendly, PDF & Email

പമ്പ – ശബരിമലയുടെ ഏതാണ്ട് 2050 വരെയുള്ള വികസന സാധ്യതകൾ മുന്നിൽക്കണ്ടു കൊണ്ടാണ് കാര്യങ്ങൾ നീക്കുന്നതെന്ന് ആഗോള അയ്യപ്പസംഗമം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശബരിമല, പമ്പ, പരമ്പരാഗത പാത, നിലയ്ക്കൽ എന്നിവയുടെ സമഗ്ര വികസനമാണ് ശബരിമല മാസ്റ്റർപ്ലാൻ ലക്ഷ്യമിടുന്നത്.

ശബരിമല സന്നിധാനത്തിന്റെ ആത്മീയവും സാംസ്‌കാരികവുമായ പൈതൃകത്തെ മാനിച്ചുകൊണ്ടാണ് ലേ ഔട്ട് പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്. എന്നാൽ അതോടൊപ്പം സുരക്ഷയും സൗന്ദര്യാത്മക മെച്ചപ്പെടുത്തലുകളും ലേ ഔട്ട് പ്ലാൻ ഉറപ്പാക്കുന്നുണ്ട്. കേരളത്തിന്റെ പരമ്പരാഗത വാസ്തുവിദ്യാ ശൈലിക്ക് അനുസൃതമായ മാർഗ്ഗനിർദ്ദേശങ്ങളും സവിശേഷതകളും ലേ ഔട്ട് പ്ലാൻ മുന്നോട്ടുവെക്കുന്നുണ്ട്.

ശബരിമല സന്നിധാനത്തന്റെ വികസനത്തിനായി 2022-27 വരെയുള്ള ആദ്യ ഘട്ടത്തിന് 600.47 കോടി രൂപയും, 2028-2033 വരെയുള്ള രണ്ടാം ഘട്ടത്തിന് 100.02 കോടി രൂപയും 2034-2039 വരെയുള്ള മൂന്നാം ഘട്ടത്തിന് 77.68 കോടി രൂപയും ഉൾപ്പെടെ, ആകെ 778.17 കോടി രൂപയാണ് ലേ ഔട്ട് പ്ലാൻ പ്രകാരം ചെലവ് കണക്കാക്കിയിരിക്കുന്നത്.

ശബരിമല തീർത്ഥാടനത്തിനുള്ള ഒരു ട്രാൻസിറ്റ് ക്യാമ്പായിട്ടാണ് പമ്പയെ ലേ ഔട്ട് പ്ലാനിൽ വിഭാവനം ചെയ്തിട്ടുള്ളത്. തീർത്ഥാടകർക്ക് സന്നിധാനത്തേക്ക് കയറുന്നതിനും സന്നിധാനത്തു നിന്നു തിരിച്ചിറങ്ങുന്നതിനും ഒരു പ്രത്യേക സർക്കുലേഷൻ റൂട്ട് പിന്തുടരുന്നുവെന്ന് ഉറപ്പാക്കി അതുവഴി ഭാവിയിൽ ഉണ്ടായേക്കാവുന്ന തിരക്ക് ഒഴിവാക്കുവാനുതകുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്.

ലേ ഔട്ട് പ്ലാൻ പ്രകാരം പമ്പയുടെ വികസനത്തിനായി 2022-2027 വരെയുള്ള ആദ്യ ഘട്ടത്തിന് 184.75 കോടി രൂപയും 2028-2033 വരെയുള്ള രണ്ടാം ഘട്ടത്തിന് 22.73 കോടി രൂപയും ഉൾപ്പെടെ ആകെ 207.48 കോടി രൂപയും, ട്രെക്ക് റൂട്ടിന്റെ വികസനത്തിനായി 2022-2025 വരെയുള്ള ആദ്യ ഘട്ടത്തിന് 32.88 കോടി രൂപയും 2024-2026 വരെയുള്ള രണ്ടാം ഘട്ടത്തിന് 15.09 കോടി രൂപയും ഉൾപ്പെടെ ആകെ 47.97 കോടി രൂപയുമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.

സന്നിധാനം, പമ്പ, ട്രെക്ക് റൂട്ട് എന്നിവയുടെ വികസനത്തിനായി ലേ ഔട്ട് പ്ലാനുകൾ പ്രകാരം ആകെ ചെലവ് കണക്കാക്കിയിരിക്കുന്നത് 1,033.62 കോടി രൂപയാണ്. ശബരിമല മാസ്റ്റർപ്ലാനിൽ ഉൾപ്പെടുത്തി 20252030 കാലയളവിൽ 314.96 കോടി രൂപയുടെ പദ്ധതികളാണ് ശബരിമല തീർത്ഥാടകർക്കുള്ള സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുവേണ്ടി ആവിഷ്‌കരിച്ചിട്ടുള്ളത്.

പമ്പ ഗണപതിക്ഷേത്രം മുതൽ പമ്പ ഹിൽടോപ്പ് വരെ പമ്പാ നദിക്കുകുറുകെ നിർമ്മിക്കുന്ന സുരക്ഷാപാലം, നിലയ്ക്കൽ ഇടത്താവളത്തിലെ കോർ ഏരിയയുടെ വികസനം. കുന്നാറിൽ നിന്നും ശബരിമല സന്നിധാനത്തേക്കുള്ള കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കൽ, നിലയ്ക്കൽ ഇടത്താവളത്തിലെ റോഡുകളുടെയും അനുബന്ധ പാലങ്ങളുടെയും നിർമ്മാണം, ശബരിമല സന്നിധാനത്തെ തീർത്ഥാടന സൗകര്യ കേന്ദ്രം, തന്ത്രിമഠം, പ്രസാദ നിർമ്മാണവിതരണ സമുച്ചയം എന്നിവയുടെ നിർമ്മാണം, ശബരിമല സന്നിധാനത്ത് അഗ്‌നിശമന സംവിധാനങ്ങൾ ഏർപ്പെടുത്തുന്ന പ്രവൃത്തി, കൂടാതെ ശബരിമല സന്നിധാനത്തെ തീർത്ഥാടക നിർഗമന പാലം, നിലയ്ക്കൽ ഇടത്താവളത്തിലെ ജലസ്രോതസ്സുകളുടെ സംരക്ഷണവും പരിപാലനവും എന്നിവയ്ക്കായി വിശദമായ പദ്ധതിരേഖ തയ്യാറാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചുവരികയാണ്.

ഇത്തരം കാര്യങ്ങളെപ്പറ്റി ഒരു തുറന്ന ചർച്ച നടത്തുന്നതിൽ, ശബരിമലയുടെ വികസനം ആഗ്രഹിക്കുന്നവർ എതിർപ്പു പ്രകടിപ്പിക്കേണ്ട വല്ല കാര്യവുമുണ്ടോ? അപ്പോൾ എതിർക്കുന്നവരുടെ ഉള്ളിലിരുപ്പ് എന്താണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. എല്ലാവരുടേയും അഭിപ്രായങ്ങൾ കേട്ടും, അവരെ ഉൾക്കൊണ്ടും, അവരെയെല്ലാം ചേർത്തുപിടിച്ചുമാണ് നമ്മൾ ശബരിമലയുടെ വികസനം ഉറപ്പാക്കുന്നത്. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് ഈ അയ്യപ്പസംഗമവും നടത്തുന്നത് എന്നും പിണറായി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *