പ്രളയ അറിയിപ്പ് സയറൺ മുഴങ്ങി… മോക്ഡ്രില്ലിന് തുടക്കമായി

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – പ്രളയ അറിയിപ്പ് സയറൺ മുഴങ്ങി… ഓടിയെത്തിയ എമർജൻസി റെസ്പോൺസ് ടീം താഴ്ന്ന പ്രദേശങ്ങളിൽ കുടുങ്ങിയവരെ കരയ്ക്ക് എത്തിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു. വീടുകളിൽ അകപ്പെട്ടവരെ അഗ്‌നിശമനസേന രക്ഷപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. പരുക്കേറ്റവരെയും കൊണ്ടു ആരോഗ്യപ്രവർത്തകർ നീങ്ങി. പൊലീസും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തെത്തി. നെടുംപ്രയാർ എം ടി എൽ പി സ്‌കൂളിൽ ക്യാമ്പ് തുറന്നു പ്രാഥമിക ചികിത്സ സൗകര്യവും ഭക്ഷണവും ഒരുക്കി. രക്ഷാപ്രവർത്തകരുടെ നിർദ്ദേശാനുസരണം വീടുകളിൽ നിന്ന് ക്യാമ്പിലേക്ക് മാറിയ പ്രദേശവാസികൾ പ്രളയസാഹചര്യത്തിൽ പാലിക്കേണ്ട കാര്യങ്ങൾ കേട്ടു മനസിലാക്കി.

ദുരന്തസമാന സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ജനങ്ങൾക്കും അറിവ് പകരുന്നതായിരുന്നു തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ് നെടുംപ്രയാർ (മാരാമൺ കൺവെൻഷൻ നടക്കുന്ന ഭാഗം)സമീപം സംഘടിപ്പിച്ച മോക്ഡ്രിൽ.
റീബിൽഡ് കേരള- പ്രോഗ്രാം ഫോർ റിസൾട്ട് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ രണ്ടാമത്തെ മോക്ഡ്രില്ലായിരുന്നു തോട്ടപ്പുഴശ്ശേരിയിലേത്.
കേന്ദ്ര -സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കിലയും സംയുക്തമായാണ് മോക്ഡ്രിൽ സംഘടിപ്പിച്ചത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ദുരന്ത തയ്യാറെടുപ്പും കാര്യശേഷിയും വർധിപ്പിക്കുക, സമൂഹാധിഷ്ഠിത ദുരന്തനിവാരണം സാധ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് മോക് ഡ്രിൽ സംഘടിപ്പിച്ചത്. തോട്ടപ്പുഴശ്ശേരി, അയിരൂർ, കോഴഞ്ചേരി, കോയിപ്രം, ആറന്മുള, മല്ലപ്പുഴശ്ശേരി, ചെറുകോൽ, റാന്നി പഴവങ്ങാടി, റാന്നി അങ്ങാടി, വടശ്ശേരിക്കര, നാറാണംമൂഴി, റാന്നി, കോട്ടാങ്ങൽ എന്നീ ഗ്രാമപഞ്ചായത്തുകളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള മോക്ഡ്രിൽ പരിശീലനമാണ് നടന്നത്.

തോട്ടപ്പുഴശ്ശേരിയിൽ പമ്പാ നദിക്ക് സമീപമുള്ള ഈ പ്രദേശത്തിന്റെ നൂറു മീറ്റർ ചുറ്റളവിൽ താമസിക്കുന്ന എല്ലാ ആളുകളെയും വീടുകളിൽ നിന്നു ഒഴിപ്പിക്കുന്നതും രക്ഷാപ്രവർത്തനങ്ങളുമാണ് മോക് ഡ്രില്ലിലൂടെ ആവിഷ്‌ക്കരിച്ചത്.

പ്രളയ അറിയിപ്പ് ലഭിച്ച ഉടനെ താഴ്ന്ന പ്രദേശങ്ങളിൽ അറിയിപ്പ് നൽകി. എമർജൻസി കിറ്റ് തയ്യാറാക്കി. വെള്ളം ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് സ്‌കൂളിൽ ക്യാമ്പ് തയ്യാറാക്കി ആളുകളെ മാറ്റിപ്പാർപ്പിച്ചു. പ്രാഥമിക ചികിത്സ സൗകര്യവും ഭക്ഷണവും തുടങ്ങി അവശ്യസാധനങ്ങൾ ക്യാമ്പിൽ ഒരുക്കി.

ചെറിയ പരിക്കുകളുള്ള കുട്ടികൾക്ക് സ്‌കൂളിൽ പ്രാഥമിക ചികിത്സ നൽകി. പ്രത്യേക പരിഗണന ആവശ്യമുള്ള സ്ത്രീകൾ, കുട്ടികൾ, രോഗികൾ, വയോജനങ്ങൾ എന്നിവർക്ക് പ്രാഥമിക പരിഗണന നൽകി രക്ഷാപ്രവർത്തനം ഊർജിതമാക്കി. പഞ്ചായത്ത് അധികൃതരും സന്നദ്ധ പ്രവർത്തകരും പ്രദേശവാസികളും പങ്കു ചേർന്നു. റവന്യൂ, അഗ്നിശമനസേന, പോലിസ്, ആരോഗ്യം, ജലസേചനം, വിവര പൊതുജന സമ്പർക്കം, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകൾ , കെ.എസ്.ഇ.ബി, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ മോക്ക് ഡ്രില്ലിൽ പങ്കെടുത്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അഡ്വ. ആർ കൃഷ്ണകുമാർ, ഷീജ ടി ടോജി, ലതാ മോഹൻ, ഡി എം ഡെപ്യൂട്ടി കലക്ടർ ആർ രാജലക്ഷ്മി, കില എൻവിയോൺമെന്റ് സ്പെഷ്യലിസ്റ്റ് ഡോ. എസ് ശ്രീകുമാർ, തിരുവല്ല തഹസിൽദാർ സിനി മോൾ മാത്യു , കോഴഞ്ചേരി ജില്ലാ ആശുപത്രി സിഎംഒ ഡോ പ്രശാന്ത്, അഗ്‌നിശമനസേന സ്റ്റേഷൻ ഓഫീസർ ആർ അഭിജിത്, കോയിപ്രം പോലിസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ജി ഗോപകുമാർ, ഡി എം പ്ലാൻ കോർഡിനേറ്റർ ശ്രീനിധി രാമചന്ദ്രൻ, കില ജില്ലാ കോർഡിനേറ്റർ ഇ നീരജ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *