പത്തനംതിട്ട – ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷൻ അംഗീകാര നിറവിൽ ഇലന്തൂർ പട്ടികജാതി വികസന ഓഫീസ്. ഐ എസ് ഒ 9001:2015 നേട്ടം കൈവരിക്കുന്ന ജില്ലയിലെ ആദ്യ പട്ടികജാതി വികസന ഓഫീസാണിത്. ഇലന്തൂർ ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകളുടെയും പത്തനംതിട്ട നഗരസഭയിലെയും വികസന പ്രവർത്തനങ്ങളാണ് ഓഫീസ് മുഖേന നടപ്പാക്കുന്നത്.
പൊതുജന സേവനങ്ങളിൽ അതിവേഗ തീർപ്പ് കൽപിക്കുന്നതും ആനുകൂല്യ വിതരണത്തിലെ നടപടികളും ഐഎസ്ഒ ഓഡിറ്റ് വിഭാഗം വിലയിരുത്തി. പൊതുജനങ്ങളുടെ അഭിപ്രായവും ശേഖരിച്ചു. സർക്കാർ സേവനവകാശ നിയമത്തിൽ നിഷ്‌കർഷിച്ച സമയ പരിമിതിക്കുള്ളിൽ പൊതുജനങ്ങൾക്ക് സേവനങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കി. 15 മിനിറ്റിനുള്ളിൽ തീർപ്പാക്കിയ നടപടികളും ശ്രദ്ധ നേടി.
ഓരോ ഫയലുകളും അതിവേഗം കണ്ടെത്തി കൃത്യതയും പ്രവർത്തന ക്ഷമതയും തെളിയിച്ചു. മികവാർന്ന ഫ്രണ്ട് ഓഫീസും ദിനപത്രം, ടെലിവിഷൻ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ആവശ്യങ്ങൾ രേഖപെടുത്തുന്നതിനായി പ്രത്യേക രജിസ്റ്ററുണ്ട്. സ്ഥിരമായി രജിസ്റ്റർ പരിശോധിക്കും. വാട്‌സ്ആപ് ഗ്രൂപ്പ്, മൊബൈൽ നമ്പർ, ഇമെയിൽ എന്നിവ പ്രവർത്തന സജ്ജമാണ്. എക്‌സൈസ് വകുപ്പുമായി ചേർന്ന് ലഹരി വിരുദ്ധ സെമിനാറുകളിൽ സ്ഥിരപങ്കാളിത്തമുണ്ട്. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കായി കുട്ടികളുൾപ്പെടുന്ന സേവ് ക്ലബും രൂപീകരിച്ചു.
പരാതിപരിഹാര പ്രവർത്തനങ്ങളിലും സമയബന്ധിതമായി സേവനങ്ങൾ നൽകുന്നതിലും പൊതുജനങ്ങൾക്കൊപ്പം നിലകൊള്ളുമെന്ന് ഇലന്തൂർ പട്ടികജാതി വികസന ഓഫീസർ എസ് ആനന്ദ് പറഞ്ഞു.
What do you feel about this post?
Like
Love
Happy
Haha
Sad

