വേനൽ ചൂട് വർദ്ധിക്കുന്നു; ശ്രദ്ധിക്കുക

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – വേനൽ ചൂട് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.എൽ.അനിതകുമാരി അറിയിച്ചു. സൂര്യാഘാതവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ യഥാസമയം കണ്ടെത്തി ചികിത്സ ഉറപ്പാക്കണം. രാവിലെ 11 മുതൽ വൈകിട്ട് 3 വരെ നേരിട്ട് കൂടുതൽ സമയം സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. പ്രായമായവർ, ചെറിയകുട്ടികൾ, ഗർഭിണികൾ, ഗുരുതര രോഗം ഉള്ളവർ, വെയിലത്ത് ജോലിചെയ്യുന്നവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഡി.എം.ഒ അറിയിച്ചു.

സൂര്യാഘാത ലക്ഷണങ്ങൾ
വളരെ ഉയർന്ന ശരീരതാപം, വറ്റിവരണ്ട ചുവന്നു ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, ഓക്കാനം, ചെറിയ തലകറക്കം, സാധാരണയിലധികമായി വിയർക്കുക.

സൂര്യാതപം
സൂര്യാഘാതത്തെക്കാൾ കുറച്ചുകൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് സൂര്യാതപം. കൂടുതൽ സമയം വെയിലത്ത് ജോലിചെയ്യുന്നവരിൽ നേരിയ വെയിൽ ഏൽക്കുന്ന ശരീര ഭാഗങ്ങൾ ചുവന്നു തടിക്കുകയും വേദനയും പൊള്ളലും ഉണ്ടാവുകയും ചെയ്യാം. ഇങ്ങനെയുള്ളവർ ഉടൻ ചികിത്സ തേടേണ്ടതാണ്. പൊള്ളലേൽക്കുന്ന ഭാഗത്തുണ്ടാകുന്ന കുമിളകൾ പൊട്ടിക്കുവാൻ പാടുള്ളതല്ല.

സൂര്യാതപം ലക്ഷണങ്ങൾ
ക്ഷീണം, തലകറക്കം, തലവേദന, ഓക്കാനവും ഛർദിയും, അസാധാരണമായ വിയർപ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറഞ്ഞ് കടും മഞ്ഞ നിറം ആവുക, ബോധക്ഷയം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ

പ്രതിരോധ മാർഗങ്ങൾ
വേനൽക്കാലത്തു ദാഹം തോന്നിയില്ലെങ്കിൽ പോലും ധാരാളം വെള്ളം കുടിയ്ക്കുക.
ധാരാളം വിയർക്കുന്നവർ ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം എന്നിവ ധാരാളമായി കുടിക്കുക.
വെള്ളം, ധാരാളം അടങ്ങിയിട്ടുള്ള പഴങ്ങളൂം, പച്ചക്കറി സാലഡുകളും ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുക. ശരീരം മൂടുന്ന അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കരുത്. കാറ്റ് കടന്നു ചൂട് പുറത്തു പോകത്തക്ക രീതിയിൽ വീടിന്റെ വാതിലുകളൂം ജനാലകളും തുറന്നിടുക. വെയിലത്ത് പാർക്ക് ചെയ്യുന്ന കാറിലും മറ്റും, കുട്ടികളെ ഇരുത്തിയിട്ട് പോകരുത്. യാത്ര ചെയ്യുന്നവർ വെള്ളം കയ്യിൽ കരുതുക. വെള്ളം കുറച്ചു കുടിക്കുന്നവർ, വെയിലത്തും തുറസായ സ്ഥലങ്ങളിലും പണിയെടുക്കുന്നവർ, മദ്യപാനികൾ എന്നിവരും അപകട സാധ്യത കൂടിയവരിൽപ്പെടുന്നു. അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക. ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക.

Leave a Reply

Your email address will not be published. Required fields are marked *