ലൈംഗിക വിദ്യാഭ്യാസം അനിവാര്യം: ജില്ലാ കലക്ടർ

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – കൗമാരക്കാർക്ക് ലൈംഗിക വിദ്യാഭ്യാസം നൽകേണ്ടത് അനിവാര്യമാണെന്ന് ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ. ലൈംഗിക വിദ്യാഭ്യാസ പദ്ധതിയായ പ്രൊജക്റ്റ് എക്‌സിന്റെ ജില്ലാതല ഉദ്ഘാടനം കോന്നി ജിഎച്ച്എസിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആധുനിക ലോകത്ത് ഇന്റർനെറ്റ്, സോഷ്യൽ മീഡിയയിലൂടെ കുട്ടികൾക്ക് എല്ലാ വിവരവും എളുപ്പത്തിൽ ലഭ്യമാണ്. കൗമാരക്കാരുടെ
ശാരീരിക, മാനസിക, സാമൂഹിക വളർച്ചയ്ക്കും സുരക്ഷയ്ക്കും ശരിയായ ലൈംഗിക വിദ്യാഭ്യാസം നേടുന്നത് സഹായിക്കും. അതിക്രമം, ഉപദ്രവം, ബാലപീഡനം എന്നിവ തിരിച്ചറിയാനും മറ്റുള്ളവരോട് പറയാനുമുള്ള ധൈര്യം ലഭിക്കാനും ലൈംഗിക വിദ്യാഭ്യാസത്തിലൂടെ കഴിയുമെന്ന് ജില്ലാ കലക്ടർ പറഞ്ഞു.

ജില്ലാ ഭരണകൂടം, വനിതാ ശിശു വികസനം, പൊതു വിദ്യാഭ്യാസ വകുപ്പ്, കനൽ ഇനോവേഷൻസ് എന്നിവ സംയുക്തമായാണ് എക്‌സ് പ്രോജക്ട് നടത്തുന്നത്. ജില്ലയിൽ 25 സർക്കാർ സ്‌കൂളിൽ പ്രോജക്ടിന്റെ ഭാഗമായി ക്ലാസ് സംഘടിപ്പിക്കും. ഒമ്പത് മുതൽ 12- ാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് സമഗ്ര ലൈംഗിക വിദ്യാഭ്യാസം നൽകുന്നത്.

കുട്ടികൾക്കുള്ള ലൈംഗിക വിദ്യാഭ്യാസത്തിന്റെ കൈപുസ്തകം ജില്ലാ വനിതാ ശിശു വികസന ഓഫീസർ കെ വി ആശാ മോളിൽ നിന്നും ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ ഏറ്റുവാങ്ങി പ്രകാശനം ചെയ്തു. കനൽ ഇനോവേഷൻസ് ഡയറക്ടർ അഡ്വ. ആൻസർ പി ഡി അലക്‌സാണ്ടർ, ചൈൽഡ് വെൽഫെയർ അസോസിയേറ്റ് ഷെൽസി പിയൂസ്, സ്‌കൂൾ പി ടി എ പ്രസിഡന്റ് അഡ്വ. പേരൂർ സുനിൽ, പ്രിൻസിപ്പൽ ജി സന്തോഷ്, ഹെഡ്മിസ്ട്രസ് എച് ഫെബിൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *