പത്തനംതിട്ട – ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന ഫെഡറലിസം സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്ത്വമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. സുശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും എന്നതാണ് ഫെഡറലിസത്തിന്റെ കാതൽ. ധന ഫെഡറലിസവും ഫെഡറൽ തത്ത്വങ്ങളും കാത്തുസൂക്ഷിക്കേണ്ടത് അനിവാര്യമാണ്. പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് മൈതാനത്ത് നടന്ന 77-ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ ദേശീയ പതാക ഉയർത്തി സന്ദേശം നൽകുകയായിരുന്നു മന്ത്രി.
പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗത്തിന് നീതിയും അവസരസമത്വവും ഉറപ്പാക്കണം. ഭരണഘടന ഉറപ്പുനൽകുന്ന അവകാശം ഒരാളുടെയും ഔദ്യാര്യമല്ല. ഇന്ത്യ എന്ന മഹാരാജ്യം നാനാത്വങ്ങളുടെ വൈവിധ്യമാണ്. പല ഭാഷകൾ, സംസ്കാരങ്ങൾ, വിശ്വാസങ്ങൾ, ആചാരങ്ങൾ, രുചികൾ, കലകൾ ചേർന്നതാണ് ഇന്ത്യ. ഈ നാനാത്വങ്ങളാണ് ഇന്ത്യയെ മഹാരാജ്യമാക്കുന്നത്. നാനാത്വത്തിന്റെ സംരക്ഷണം ഭരണഘടന വിഭാവനം ചെയ്യുന്നു. ബഹുസ്വരത സംരക്ഷിക്കേണ്ടത് ഓരോ പൗരൻമാരുടെയും ഉത്തരവാദിത്വത്തമാണ്. രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്നവരെയും അഖണ്ഡതയും ഐക്യവും കാത്തുസംരക്ഷിക്കുന്നതിന് ഓരോ കാലഘട്ടത്തിലും പോരാട്ടം നയിച്ചവരെയും ഓർക്കാം. അതിർത്തി കാക്കുന്ന സൈനികരെയും വീരമൃത്യുവരിച്ചവരെയും വിവിധ സേനാ വിഭാഗങ്ങളെയും ആദരിക്കാനും ഈ അവസരം വിനിയോഗിക്കാം.
ഒരേ ലക്ഷ്യത്തിനായി തീവ്രമായി പ്രവർത്തിച്ചതിന്റെ ഫലമാണ് അതിദാരിദ്ര്യമുക്ത കേരളം. സൂക്ഷ്മ അടിസ്ഥാനത്തിൽ പ്രവർത്തനവും സർവേയും നടത്തി കേരളം രാജ്യത്തെ ആദ്യ അതിദാരിദ്യമുക്ത സംസ്ഥാനമായി. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലടക്കം സംസ്ഥാനം മികച്ച നേട്ടം കൈവരിച്ചു. അമേരിക്കൻ ഐക്യനാടുകൾ പോലുള്ള വികസിത രാജ്യങ്ങളേക്കാൾ കുറവാണ് സംസ്ഥാനത്തെ ശിശുമരണ നിരക്ക്. കേരളത്തിന്റെ ശിശുമരണ നിരക്ക് 5 ആണ്. ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കാണിത്. അമേരിക്കൻ ഐക്യനാടിന്റേത് 5.6 ആണ്. എല്ലാവരുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണിത്. ഈ കൂട്ടായ്മ തുടർന്നും മുന്നോട്ട് പോകണം.
അടിസ്ഥാന സൗകര്യവികസന മേഖലയിൽ പത്തനംതിട്ട ജില്ല വലിയ മുന്നേറ്റം കൈവരിച്ചു. റോഡുകൾ, സർക്കാർ സ്കൂളുകൾ, ആശുപത്രികൾ എല്ലാം വികസന പാതയിലായി. ജനറൽ, ജില്ലാ, താലൂക്ക് ആശുപത്രികളിൽ പുതിയ കാലഘട്ടത്തിന്റെ നിർമാണം സാധ്യമാക്കി. കേരളത്തിന്റെ സാമൂഹിക സാമ്പത്തിക വളർച്ചയിൽ നിർണായക പങ്കുവഹിച്ച പ്രവാസി സഹോദരങ്ങളെയും ഈ അവസരത്തിൽ ഓർക്കാം. റിപ്പബ്ലിക്ക്ദിന പരേഡിൽ നമ്മോടൊപ്പം ചേർന്ന കുട്ടികൾ നാളെയുടെ പ്രതീക്ഷയാണ്. രാജ്യം എങ്ങനെ മുന്നോട് പോകണം എന്ന് നിർണയിക്കുന്നത് അവരാണ്. സ്വപ്നങ്ങൾക്ക് വേണ്ടി മുന്നേറുവാനും പ്രയത്നിക്കാനും കുട്ടികൾക്കാകട്ടെ എന്നും മന്ത്രി ആശംസിച്ചു.
പത്തനംതിട്ട ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയ്, ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ, ജില്ലാ പൊലിസ് മേധാവി ആർ ആനന്ദ്, പത്തനംതിട്ട നഗരസഭ അധ്യക്ഷ സിന്ധു അനിൽ, എഡിഎം ബി ജ്യോതി,
ജനപ്രതിനിധികൾ, രാഷ്ട്രീയ-സാംസ്കാരിക-സാമൂഹിക രംഗങ്ങളിലെ പ്രമുഖർ, ഗാന്ധിയൻമാർ, വിദ്യാർഥികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് മൈതാനത്ത് നടന്ന 77-മത് റിപ്പബ്ലിക് ദിനാഘോഷം – വീഡിയോ


