പ്രവാസികൾക്ക് നാട്ടിൽ ജോലി; 100 ദിന ശമ്പളവിഹിതം നോർക്ക നൽകും ; എംപ്ലോയർ രജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ചു.

Kerala Trivandrum
Print Friendly, PDF & Email

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സിന്റെ നോർക്കാ അസിസ്റ്റഡ് & മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ് അഥവ നെയിം (NAME) പദ്ധതിയിൽ എംപ്ലോയർ കാറ്റഗറിയിൽ രജിസ്റ്റർ ചെയ്യുന്നതിന് താൽപര്യമുളള സംസ്ഥാനത്തെ വ്യവസായ വാണിജ്യ സ്ഥാപനങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. തിരിച്ചെത്തിയ പ്രവാസി കേരളീയർക്ക് നാട്ടിലെ സംരംഭങ്ങളിൽ തൊഴിൽ ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് മുഖേന നടപ്പിലാക്കുന്ന പദ്ധതിയാണ് നെയിം. നോർക്ക റൂട്ട്സ് ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാർത്ഥികളിൽ നിന്നും തിരഞ്ഞെടുക്കുന്ന പ്രവാസികേരളീയരെ നിയമിക്കുന്ന തൊഴിലുടമയ്ക്ക് (എംപ്ലോയർ) പ്രതിവർഷം പരമാവധി 100 തൊഴിൽദിനങ്ങളിലെ ശമ്പളവിഹിതം (വേജ് കോമ്പൻസേഷൻ) പദ്ധതിവഴി ലഭിക്കും. സഹകരണ സ്ഥാപനങ്ങൾ, എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് (ഇഎസ്ഐ), എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് (ഇപിഎഫ്), ഉദ്യം രജിസ്ട്രേഷനുളള സ്വകാര്യ/പബ്ലിക് ലിമിറ്റഡ്/ എൽ.എൽ.പി കമ്പനികൾ, അംഗീകൃത സ്റ്റാർട്ടപ്പുകൾ എന്നിവയ്ക്ക് രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യുന്നതിനും വിശദവിവരങ്ങൾക്കും www.norkaroots.org വെബ്‌സൈറ്റ് സന്ദർശിക്കുകയോ 0471-2770523 എന്ന ഫോൺ നമ്പറിൽ (പ്രവ്യത്തി ദിവസങ്ങളിൽ, ഓഫീസ് സമയത്ത്) ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

ദിവസ വേതനത്തിന്റെ 50 ശതമാനം അല്ലെങ്കിൽ പരമാവധി 400 രൂപ, ഇതിൽ ഏതാണോ കുറവ് അതാണ് ശമ്പള വിഹിതമായി തൊഴിലുടമയ്ക്ക് ലഭിക്കുക. ഇക്കാര്യത്തിൽ നിബന്ധനകളും വ്യവസ്ഥകളും ബാധകമാണ്. ഒരു സ്ഥാപനത്തിന് പരമാവധി 50 പേരെ വരെ ശമ്പളവിഹിതം ലഭ്യമാക്കി നെയിം പദ്ധതിപ്രകാരം നിയമിക്കാനാകും. പ്രവാസികളുടെ തൊഴിൽ നൈപുണ്യവും അനുഭവപരിചയവും സംരംഭങ്ങൾക്ക് പ്രയോജനകരമാകുന്നതിനൊപ്പം തിരികെ എത്തിയ പ്രവാസികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. പ്രവാസി പുനരധിവാസത്തിനായുളള നോർക്കാ റൂട്ട്സിന്റെ എൻ.ഡി.പി.ആർ.ഇ.എം, പ്രവാസി ഭദ്രത എന്നീ സംരംഭകത്വ വികസന പദ്ധതികൾക്കു പുറമേയാണ് നെയിം പദ്ധതി നടപ്പിലാക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോൾ സർവീസ്) ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *