കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി കൂടിയായ അഭിരാജ് തന്നെ കുടുക്കിയതാണെന്ന് മാധ്യമങ്ങളോട്

Crime Eranakulam
Print Friendly, PDF & Email

കൊച്ചി: കളമശ്ശേരിയിലെ ഗവ.പോളിടെക്നിക് കോളേജ് മെൻസ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് ശേഖരം പിടികൂടിയ സംഭവത്തിൽ പ്രതികളിൽ ഒരാൾ എസ്എഫ്ഐ നേതാവും കൂടി ഉൾപ്പെട്ടതോടെ കഞ്ചാവു കേസിൽ അതിവേഗ ജാമ്യവും പ്രതികൾക്ക് കിട്ടി, വിദ്യാർത്ഥി സംഘടനകൾ തമ്മിലുള്ള പോർവിളിയായി വിഷയവും മാറി.. ഈ കഞ്ചാവു കേസിൽ പിടിയിലായ കരുനാഗപ്പള്ളി സ്വദേശി അഭിരാജ് എസ്എഫ്‌ഐയുടെ കോളേജ് യൂണിയൻ സെക്രട്ടറിയാണ്. ഹരിപ്പാട് സ്വദേശി ആദിത്യൻ, കരുനാഗപ്പള്ളി സ്വദേശി അഭിരാജ് എന്നിവരെ പോലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. അക്കാദമിക് കൗൺസിൽ കൂടി പിടിയിലായ കുട്ടികൾക്കെതിരേ നടപടി സ്വീകരിക്കുമെന്ന് പ്രിൻസിപ്പൽ വ്യക്തമാക്കിയിട്ടുണ്ട്. റെയ്ഡ് നടന്നപ്പോൾ ഓടിയൊളിച്ച കെഎസ്‌യു വിദ്യാർത്ഥികളാണ് യഥാർത്ഥ പ്രതികളെന്ന് എസ്എഫ്ഐ ജില്ലാ നേതൃത്വം.

ഹോളി ആഘോഷത്തിനായി ആണ് രണ്ട് കിലോഗ്രാം കഞ്ചാവ് ഹോസ്റ്റലിൽ എത്തിച്ചെതെന്നാണ് വിവരം. ഈ വിവരം കിട്ടിയ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ ആണ് കഞ്ചാവും, പ്രതികളും കുടുങ്ങിയത്. ഹോസ്റ്റൽ മുറിയിലെ ഷെൽഫിൽ പോളീത്തീൻ ബാഗിൽ സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു കഞ്ചാവ് പിടിച്ചെടുത്തത്. കഞ്ചാവ് കൂടാതെ മദ്യകുപ്പികളും ഗർഭനിരോധന ഉറകളും മുറികളിൽ നിന്ന് പോലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. അതേസമയം താനൊന്നും അറിഞ്ഞില്ലെന്നാണ് എസ്എഫ്‌ഐ നേതാവിന്റെ വാദം.

എസ്എഫ്ഐ യൂണിയൻ സമ്മേളനം നടക്കാനിരിക്കെ, കൊടിതോരണങ്ങൾ കെട്ടുന്ന തിരക്കിനിടയിലായിരുന്നു തങ്ങളെന്നും ഈ സമയത്ത് കരുതിക്കൂട്ടി ആരോ മുറിയിൽ കഞ്ചാവ് കൊണ്ടുവന്ന് വെച്ചതാണെന്നാണ് കരുതുന്നതെന്നുമാണ് പിടിയിലായ കോളേജ് യൂണിയൻ സെക്രട്ടറി കൂടിയായ അഭിരാജ് പോലീസിന് മൊഴി നൽകിയത്.

ഹരിപ്പാട് സ്വദേശി ആദിത്യൻ, കരുനാഗപ്പള്ളി സ്വദേശി അഭിരാജ് എന്നിവരുടെ മുറികളിൽനിന്ന് ഒമ്പത് ഗ്രാം കഞ്ചാവാണ് പിടികൂടിയത്. കുളത്തൂപ്പുഴ സ്വദേശിയായ ആകാശിന്റെ മുറിയിൽനിന്ന് 1.9 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. ഇവർക്കെതിരേ പോലീസ് കേസെടുത്തു. അതേസമയം ആദിത്യൻ, അഭിരാജ് എന്നിവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിട്ടുണ്ട്.

അതേസമയം കളമശ്ശേരി ഗവ. പോളിടെക്നിക് കോളേജ് മെൻസ് ഹോസ്റ്റലിൽ നിന്നും വൻ കഞ്ചാവ് ശേഖരം പിടികൂടിയ സാഹചര്യത്തിൽ കൊച്ചിയിലെ കോളേജ് ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കുമെന്ന് കൊച്ചി പോലീസ് കമ്മിഷണർ പുട്ട വിമലാദിത്യ പറഞ്ഞു. മറ്റ് കോളേജ് ഹോസ്റ്റലുകളിലേക്കും സമാനമായ രീതിയിൽ കഞ്ചാവ് എത്തിക്കുന്നുണ്ടോയെന്നും വിതരണം ചെയ്യുന്നുണ്ടോയെന്നും വിശദമായ പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *