ചിറ്റാർ – സ്‌നേഹം നടിച്ച് പതിനാറുകാരിയെ കടത്തിക്കൊണ്ടുപോയി ലൈംഗികാതിക്രമം കാട്ടിയ കേസിൽ പതിനെട്ടുകാരനെ പോലീസ് പിടികൂടി. കഴിഞ്ഞവർഷം മാർച്ച് 15 നാണ് സംഭവം. അന്ന് ഇയാൾക്ക് പ്രായപൂർത്തിയായിട്ടില്ല എന്ന് കണ്ടെത്തിയതിനാൽ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കി തുടർനടപടികൾ കൈക്കൊണ്ടു. കഴിഞ്ഞ 10 നാണ് ഇതുസംബന്ധിച്ച് പോലീസ് സേ്റ്റഷനിൽ പരാതി ലഭിച്ചത്. ബി.എൻ.എസ് പ്രകാരവും പോക്‌സോയിലെ ബന്ധപ്പെട്ട വകുപ്പുകൾ അനുസരിച്ചും പോലീസ് കേസെടുത്തു.
കുട്ടിയെ സ്‌കൂളിൽ നിന്നും കടത്തിക്കൊണ്ടു പോയി സുഹൃത്തിന്റെ വീട്ടിലെത്തിച്ച ശേഷം ദേഹത്ത് കടന്നുപിടിച്ച് ലൈംഗികാതിക്രമം കാട്ടുകയായിരുന്നു. പിന്നീട് കുട്ടിയെ നിരന്തരം ഫോണിൽ വിളിച്ച് ശല്യം ചെയ്യുകയും ചെയ്തു. പോലീസ് ഇൻസ്‌പെക്ടർ ബി. രാജഗോപാലിന്റെ നേതൃത്വത്തിൽ പ്രതിയെ കണ്ടെത്തി. രക്ഷിതാക്കൾ ജനന സർട്ടിഫിക്കറ്റ് സേ്റ്റഷനിൽ ഹാജരാക്കിയത് പരിശോധിച്ചതിൽ സംഭവം നടക്കുന്ന കാലയളവിൽ ഇയാൾക്ക് പ്രായപൂർത്തിയായിട്ടില്ലായെന്നു പോലീസിന് വ്യക്തമായി. തുടർന്ന്, കുറ്റം പറഞ്ഞു ബോധ്യപ്പെടുത്തി നിയമനടപടികൾക്ക് വിധേയനാക്കിയശേഷം ജുവനൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കി.


