പത്തനംതിട്ട : കൊടുമൺ, പന്തളം പോലീസ് സ്റ്റേഷനുകളിലെ രണ്ട് പോക്സോ കേസുകളിൽ പ്രതികൾക്ക് കഠിനതടവ് ശിക്ഷയും, പിഴയും വിധിച്ച് അടൂർ അതിവേഗകോടതി. ജഡ്ജി ടി മൻജിത്താണ് ഇരു കേസുകളിലും വിധി ഇന്ന് പ്രസ്താവിച്ചത്. കൊടുമൺ പോലീസ് 2022-ൽ രജിസ്റ്റർ ചെയ്ത, നാലര വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി കൊടുമൺ രണ്ടാംകുറ്റി ലതാ ഭവനിൽ വിദ്യാധര(71)നെ 30 വർഷം കഠിനതടവിനും 1,20,000 രൂപ പിഴയുമാണ് ശിക്ഷിച്ചത്. പിഴത്തുക കുട്ടിക്ക് നൽകണമെന്നും അടച്ചില്ലെങ്കിൽ ആറുമാസവും 20 ദിവസവും അധികകഠിനതടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു.
ജൂലൈ 25നാണ് പ്രതി ഇയാളുടെ വീട്ടിൽ വച്ച് കുട്ടിയെ ബലാൽസംഗം ചെയ്തത്. ഭാര്യ ബാങ്കിൽ പോയസമയം നോക്കി കിടപ്പുമുറിയിൽ എത്തിച്ചാണ് പീഡിപ്പിച്ചത്. ഭയന്നുപോയ കുട്ടി ശുചിമുറിയിൽ കയറി കുറ്റിയിട്ട് ഇരുന്നു. പിന്നീട് അമ്മയെത്തി കുട്ടിയെ കണ്ടെത്തുകയായിരുന്നു. അന്നത്തെ കൊടുമൺ എസ് എച്ച് ഓ ആയിരുന്ന വി എസ് പ്രവീൺ ആണ് കേസ് അന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സ്മിത പി ജോൺ ഹാജരായി. കോടതി വിചാരണവേളയിൽ പ്രോസിക്യൂഷൻ ഭാഗത്ത് 14 സാക്ഷികളെ വിസ്തരിക്കുകയും, 22 രേഖകൾ പരിഗണിക്കുകയും ചെയ്തു.
പന്തളം പോലീസ് സ്റ്റേഷനിൽ കഴിഞ്ഞവർഷം രജിസ്റ്റർ ചെയ്ത പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെയുള്ള ലൈംഗികഅതിക്രമക്കേസിലെ പ്രതി പന്തളം മങ്ങാരം കൂറ്റുവാളക്കുഴിയിൽ വീട്ടിൽ സോമ(58)നെ 26 വർഷവും ഒരുമാസം കഠിനതടവിനും, 1,20,000 രൂപ പിഴയുമാണ് ശിക്ഷിച്ചത്. ഭാര്യയുടെ അടുക്കൽ ട്യൂഷന് വേണ്ടി എത്തിയ കുട്ടിയെ പ്രതി വീട്ടിൽ വച്ച് ലൈംഗിക അതിക്രമത്തിന് വിധേയയാക്കുകയായിരുന്നു. കോടതി വിചാരണവേളയിൽ പ്രോസിക്യൂഷൻ ഭാഗത്ത് 11 സാക്ഷികളെ വിസ്തരിക്കുകയും, 20 രേഖകൾ പരിഗണിക്കുകയും ചെയ്തു. പിഴത്തുക കുട്ടിക്ക് നൽകണമെന്നും അടച്ചില്ലെങ്കിൽ ആറുമാസവും 20 ദിവസവും അധികകഠിനതടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. ഇരു കേസുകളിലും പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സ്മിത പി ജോൺ ഹാജരായി. പന്തളം പോലീസ് ഇൻസ്പെക്ടർ ടി ഡി പ്രജീഷ് കേസ് അന്വേഷണം നടത്തിയത്, അന്നത്തെ എസ് ഐ ആയിരുന്ന വി വിനുവാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
What do you feel about this post?
Like
Love
Happy
Haha
Sad

