മലപ്പുറം: താനൂരിൽ നിന്ന് വിദ്യാർത്ഥിനികളെ കാണാതാവുകയും, മുംബയിൽ നിന്ന് കണ്ടെത്തുകയും ചെയ്ത സംഭവത്തിൽ കുട്ടികൾക്കൊപ്പം യാത്ര ചെയ്തിരുന്ന യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. എടവണ്ണ സ്വദേശിയായ ആലുങ്ങൽ അക്ബർ റഹീമിനെയാണ് താനൂർ പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടികളെ തട്ടിക്കൊണ്ടുപോകൽ, അവരെ പിന്തുടരൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്.
ശനിയാഴ്ച രാവിലെയോടെയാണ് യുവാവിനെ താനൂർ പോലീസ് കസ്റ്റഡിയിൽ എടുത്തത്. മുംബൈയിൽനിന്ന് തിരിച്ചെത്തിയ ഇയാളെ താനൂരിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. താനൂർ ഡിവൈ.എസ്.പി. പി. പ്രമോദിന്റെ നേതൃത്വത്തിൽ മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. യുവാവിന്റെ മൊഴി പ്രകാരം ഇൻസ്റ്റഗ്രാം വഴിയാണ് പെൺകുട്ടികളെ പരിചയപ്പെട്ടത്. വസ്ത്രങ്ങളുടെയും മറ്റും വ്യാപാരത്തിൽ ഇടപെട്ട് മുംബൈയിൽ നല്ല പരിചയമുള്ളയാളാണ് യുവാവ്. കുട്ടികളുടെ നിർബന്ധം കൊണ്ടാണ് ഒപ്പം കൂടിയതെന്നാണ് യുവാവ് പറഞ്ഞത്.
ബുധനാഴ്ച ഉച്ചയ്ക്ക് പരീക്ഷയ്ക്കായി സ്‌കൂളിലേക്ക് പോയ പെൺകുട്ടികളെ കാണാതാവുകയായിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങളും ടവർ ലൊക്കേഷനും കേന്ദ്രീകരിച്ച് പോലീസ് നടത്തിയ തിരച്ചിലിലാണ് കുട്ടികൾ മുംബൈയിലേക്ക് കടന്നതായി കണ്ടെത്തിയത്. അവിടെനിന്ന് ചെന്നൈ എഗ്മോർ എക്സ്പ്രസിൽ യാത്രചെയ്യുമ്പോഴാണ് പുണെയ്ക്കടുത്ത് ലോനാവാലയിൽവെച്ച് പ്രാദേശിക മലയാളി സംഘടനകളുടെ സഹായത്തോടെ പെൺകുട്ടികളെ ആർ.പി.എഫ്. കണ്ടെത്തിയത്.
What do you feel about this post?
Like
Love
Happy
Haha
Sad

