പത്തനംതിട്ട – ജില്ലയിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കൊതുക് മുട്ടയിടാൻ സാധ്യതയുളള ചിരട്ട, ടയർ, കുപ്പി, പാത്രങ്ങൾ, ചട്ടികൾ തുടങ്ങിയവ നീക്കം ചെയ്യുകയോ കമിഴ്ത്തി വയ്ക്കുകയോ ചെയ്യണം. ഫ്രിഡ്ജിന്റെ പിറകിലെ ട്രേ, ചെടിച്ചട്ടിക്കടിയിൽ വയ്ക്കുന്ന പാത്രങ്ങൾ, കൂളറിന്റെ ഉൾവശം ഇവയിൽ നിന്നും ആഴ്ചയിലൊരിക്കൽ വെളളം നീക്കം ചെയ്യണം. വെളളം ശേഖരിക്കുന്ന പാത്രങ്ങളും, ടാങ്കുകളും കൊതുക് കടക്കാത്ത വിധം മൂടി വയ്ക്കണം. റബ്ബർപാൽ ശേഖരിക്കുന്ന ചിരട്ട, കപ്പ് ഇവ ആവശ്യത്തിനുശേഷം കമിഴ്ത്തിവയ്ക്കണം. സെപ്റ്റിക് ടാങ്ക് വെന്റ് പൈപ്പിന്റെ മുകൾ ഭാഗത്ത് കൊതുകുവല ചുറ്റണം. വീടിനുളളിലും പരിസരത്തും വെളളം കെട്ടിനിൽക്കുന്ന സാഹചര്യം ഒഴിവാക്കി ആഴ്ചയിലൊരിക്കൽ ഡ്രൈ ഡേ ആചരിക്കണമെന്ന് ഡിഎംഒ ഡോ. എൽ അനിതകുമാരി അറിയിച്ചു.


