പഠനപ്രക്രിയ തടസപ്പെടുത്തുന്ന ബാഹ്യശക്തികളെ ക്യാമ്പസുകളിൽ അനുവദിക്കരുത്: മലങ്കര മാർത്തോമ്മാ മെത്രാപ്പോലീത്താ

Kerala Pathanamthitta
Print Friendly, PDF & Email

തിരുവല്ല: അറിവും അക്ഷരവും തേടി കാലാലയങ്ങളിലെത്തുന്ന ജീവിതങ്ങൾ അപായപ്പെടുന്നു എന്ന വാർത്ത ഞെട്ടലുളവാക്കുന്നതാണെന്ന് മാർത്തോമ്മ സഭ മെത്രാപ്പോലീത്ത ഡോ. തിയഡോഷ്യസ് മാർത്തോമ്മ. സഹപാഠികളായി സഹവർത്തിത്വത്തോടെ കഴിയേണ്ട വിദ്യാർ്ത്ഥികൾ രാഷ്ട്രീയമായി ചേരിതിരഞ്ഞ് തമ്മിലടിച്ചും പോരാട്ടവീര്യങ്ങളുയർത്തി തെരുവിലിറങ്ങിയും കൂട്ടുകാരന്റെ ജീവനെടുക്കുന്നത് പഠനകാലയളവിനെ ഇല്ലായ്മ ചെയ്യുന്നു എന്ന് മാത്രമല്ല, തലമുറകളിൽ കിരാത സംസ്‌ക്കാരത്തെ പ്രോത്സാഹിപ്പിക്കുകയാണ്. കലാലയ അന്തരീക്ഷം പരിപാവനമായിരിക്കണം. സംസ്‌കാര സമ്പന്നമായ തലമുറ വാർത്തെടുക്കുക എന്നതായിരിക്കണം വിദ്യാഭ്യാസത്തിന്റെ പരമ പ്രധാനമായ ലക്ഷ്യം. അതിനിടെ വന്ന് ചേരുന്ന തെറ്റായ സ്വാർത്ഥതാല്പര്യങ്ങൾ തലമുറകളെ നശിപ്പിക്കും.

പഠനപ്രക്രിയ തടസപ്പെടുത്തുകയോ, നിയന്ത്രിക്കുകയോ ചെയ്യുന്ന ബാഹ്യശക്തികളെ ക്യാമ്പസുകളിൽ അനുവദിക്കരുത്. അത് രാഷ്ട്രീയമായാലും ലഹരിയുടെ ഉപയോഗമായാലും ലൈംഗിക അതിക്രമങ്ങളായാലും ക്രൂരവിനോദങ്ങളായാലും അവയെ തിരിച്ചറിഞ്ഞ് തടയുകയാണാവശ്യം. ഇവിടെ അദ്ധ്യാപകർക്കും അനദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒരു പോലെ ഉത്തരവാദിത്വമുണ്ട്. സുഹൃത്തിനെ മർദ്ദിച്ചവശനാക്കുന്നത് നിസംഗതയോടെ നോക്കി നില്ക്കാനുള്ള മനസാന്നിദ്ധ്യം വിദ്യാർത്ഥികളിൽ കാണുന്ന ഏറ്റം ഹീനമായ പ്രവണത ഈ കാലഘട്ടത്തിലെ രൂപപ്പെടലിലെ വൈകല്യത്തെ അടയാളപ്പെടുത്തുന്നു. ക്രൂരതയ്ക്ക് മുന്നിൽ നിശബ്ദമാകുന്നതല്ല സാംസ്‌ക്കാര സമ്പന്നമായ സമൂഹത്തിന്റെ അടയാളം, മറിച്ച് ജീവനെ നിലനിർത്താനുള്ള നിലവിളിക്ക് മുന്നിൽ സത്യത്തിനും നീതിക്കും ഒപ്പം നിൽക്കുകയാണാവശ്യം.

പൂക്കോട് വെറ്റിനറി സർവ്വകലാശാല വിദ്യാർത്ഥി ജെ. എസ്. സിദ്ധാർത്ഥിന്റ ക്രൂരമായ കൊലപാതകം തികച്ചും അപലപനീയമാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നിയമ നടപടികളാണ് ആവശ്യം. കുറ്റവാളികളെ നിയമത്തിന് മുന്നൽ കൊണ്ടുവരണം. അതിൽ യാതൊരു തരത്തിലുള്ള രാഷ്ട്രീയ ഇടപെടലുകളും അനുവദിക്കരുത്. സിദ്ധാർത്ഥിന്റെ കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്ക് ചേരുന്നുവെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *