അടൂർ: പെട്രോൾ പമ്പിന് സമീപമുള്ള സ്റ്റുഡിയോയ്ക്കുള്ളിൽ തീ ആളിപ്പടരുന്നു. തൊട്ടടുത്തുള്ള പോലീസ് സ്‌റ്റേഷനിൽ നിന്ന് ഓടിയിറങ്ങി വന്ന പോലീസ് ഇൻസ്‌പെക്ടർ പിന്നെ ഒന്നും നോക്കിയില്ല. ഒന്നാം നിലയിലേക്ക് കയറിയ അദ്ദേഹം സ്റ്റുഡിയോയ്ക്ക് വെളിയിൽ നിന്ന് തീ അണയ്ക്കാനുള്ള ശ്രമം തുടങ്ങി. താഴെയുള്ള കടയുടെ ദുർബലമായ മേൽക്കൂരയിൽ കയറി നിന്നായിരുന്നു അദ്ദേഹത്തിന്റെ രക്ഷാപ്രവർത്തനം. പൂട്ടിയിട്ടിരുന്ന സ്റ്റുഡിയോയുടെ ജനാല ഗ്ലാസ് അടിച്ചു പൊട്ടിച്ച് അകത്തേക്ക് വെള്ളമൊഴിച്ച് തീ കെടുത്താനായിരുന്നു ശ്രമം.
അടൂർ ഏനാത്ത് എസ്എച്ച്ഓ അമൃത സിംഗ് നായകമാണ് വൻ അഗ്നിബാധ കണ്ടിട്ടും സമചിത്തത കൈവിടാതെ കർത്തവ്യ നിർവ്വഹണം മാത്രം ആലോചിച്ച് തീ അണയ്ക്കാൻ ശ്രമിച്ചത്. ജനാലച്ചില്ല് ഫൈബർ ആണെന്ന് കരുതിയാകണം അദ്ദേഹം കൈകൊണ്ടാണ് അടിച്ചു പൊട്ടിക്കാൻ ശ്രമിച്ചത്. ചില്ലു കൊണ്ട് കൈ ആഴത്തിൽ മുറിഞ്ഞു. അതൊന്നെും വകവയ്ക്കാതെ ഒരു ചുറ്റിക കൊണ്ടു വന്ന് ജനാലച്ചില്ല് തകർത്തു. താഴെ ഇതെല്ലാം കണ്ടുനിന്ന നാട്ടുകാർ ബക്കറ്റിൽ ആക്കിക്കൊടുത്ത മുകളിലേക്ക് കൊടുത്ത വെള്ളം ജനാലവഴി അദ്ദേഹം അകത്തേക്ക് ഒഴിച്ചു.
ഏനാത്ത് പെട്രോൾ പമ്പിന് സമീപം മണി എന്ന് വിളിക്കുന്ന ദാസ് നടത്തുന്ന ചെല്ലം സ്റ്റുഡിയോക്കാണ് ഇന്നലെ വൈകിട്ട് തീ പിടിച്ചത്. ബക്കറ്റിൽ വെള്ളം നിറച്ച് അതിവേഗം അകത്തേക്ക് ഒഴിച്ചതിനാൽ വൻ തോതിൽ തീ പടർന്ന് വലിയ അപകടം ഉണ്ടായില്ല. തുടർന്ന്, അഗ്‌നിശമനസേന എത്തി തീ പൂർണമായും കെടുത്തി.


