പത്തനംതിട്ടയിൽ ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കും

Food
Print Friendly, PDF & Email

പത്തനംതിട്ട – കുടിവെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും ഗുണനിലവാരം ഉറപ്പാക്കാൻ ആരോഗ്യ, ഭക്ഷ്യസുരക്ഷാ വകുപ്പുകളുടെ പരിശോധന കർശനമാക്കുമെന്ന് ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ. ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലാ കലക്ടറേറ്റ് കോൺഫൻസ് ഹാളിൽ ചേർന്ന പകർച്ചവ്യാധി പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങളുടെ അവലോകനയോഗത്തിൽ അധ്യക്ഷനായിരുന്നു അദ്ദേഹം.
ജലജന്യരോഗങ്ങൾക്കെതിരെ പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കും. സ്വയം ചികിത്സയുടെ അപകടത്തെ കുറിച്ച് ബോധവൽക്കരണം നടത്തും. എലിപ്പനി പ്രതിരോധമരുന്നിന്റെ ആവശ്യകത പ്രോൽസാഹിപ്പിക്കാൻ പ്രചാരണം സംഘടിപ്പിക്കാൻ കൃഷിവകുപ്പ് ഉദ്യോഗസ്ഥർക്ക് ജില്ലാ കലക്ടർ നിർദേശം നൽകി.

സ്‌കൂളുകൾ, വയോജന കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ ആരോഗ്യവകുപ്പ് പരിശോധന കർശനമാക്കും. പരിസരശുചിത്വം പ്രോൽസാഹിപ്പിക്കാനും ലഹരി ഉപയോഗത്തിനെതിരെയും അതിഥി തൊഴിലാളികൾക്ക് ബോധവൽക്കരണം നൽകും. മഴക്കാല പൂർവശുചീകരണ പ്രവർത്തനം ആസൂത്രണം ചെയ്യാനും തീരുമാനമായി.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ അനിതാ കുമാരി ആരോഗ്യമേഖലയിലെ സ്ഥിതിവിവരം വിശകലനം ചെയ്തു. ഡോ. സി.എസ്. നന്ദിനി, ഡോ. ഐപ് ജോസഫ്, ഡോ. ശ്യാം കുമാർ, ജില്ലാ മാസ് മീഡിയാ ഓഫീസർ എസ് ശ്രീകുമാർ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *