ആറന്മുള – ഇന്ന് പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ ചേർന്ന പൊതുയോഗ തീരുമാനപ്രകാരമാണ് പ്രതിഷേധം. ദേവസ്വം ബോർഡ് പദ്ധതി നടപ്പാക്കാൻ ശ്രമിച്ചാൽ കൂടുതൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു: തിരുവിതാംകൂർ ദേവസ്വം ബോർഡ് 250 രൂപ നിരക്കിൽ ടിക്കറ്റ് വച്ച് വള്ളസദ്യ നടത്താൻ തീരുമാനിച്ചതാണ്, വള്ളസദ്യകളുടെ സംഘാടകരായ പള്ളിയോട സേവാസംഘത്തിൻ്റെ പ്രതിഷേധത്തിന് കാരണമായത്.
ആറന്മുള വള്ളസദ്യകൾക്ക് വ്യക്തമായ ആചാരാനുഷ്ഠാനങ്ങളുണ്ടെന്നും വള്ളസദ്യകൾക്ക് പള്ളിയോടങ്ങൾ അനിവാര്യമാണെന്നും പള്ളിയോട സേവാസംഘം പ്രസിഡൻ്റ് കെ വി സാംബ ദേവൻ പറഞ്ഞു. ഇതൊന്നുമില്ലാതെ 250 രൂപ ഈടാക്കി, ഹോട്ടലുകളിൽ ചോറ് കൊടുക്കുന്നത് പോലെ ആറൻമുള ക്ഷേത്രത്തിൻ്റെ ഊട്ടുപുരയിൽ ഊണ് കൊടുക്കുന്നത് അതി ദരിദ്രമായ പരിപാടിയാണ്. സമ്പന്നമായ തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ ചരിത്രം തന്നെ മാറ്റിയെഴുതുന്ന വികലമായ പരിപാടിയുമായി മുന്നോട്ട് പോയാൽ, കൂടുതൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. 27 ന് ഒരു ദിവസത്തേക്ക് ദേവസ്വം ബോർഡ് പ്രത്യേകം നടത്തുന്ന വളളസദ്യ കുപ്പൺ എടുത്തവർക്ക് പള്ളിയോട സേവാ സംഘം, വളളസദ്യകളിൽ ഉൾപ്പെടുത്തി സൗജന്യമായി സദ്യ നൽകാൻ തയ്യാറാണ്.
പള്ളിയോട സേവാസംഘം കെ എസ് ആർ ടി സി യുമായി സഹകരിച്ച് നടത്തുന്ന പഞ്ച പാണ്ഡവ ക്ഷേത്ര ദർശന പാക്കേജിൽ ഉൾപ്പെട്ടവർക്ക് നടത്തുന്ന വള്ളസദ്യയെ ദേവസ്വം ബോർഡ് പ്രഖ്യാപിച്ച പദ്ധതിയുമായി താരതമ്മ്യപ്പെടുത്താൻ കഴിയില്ല. കെ എസ് ആർ ടി സി പാക്കേജിൽ എത്തുന്നവർക്കായി ക്ഷേത്രത്തിന് പുറത്ത് പാഞ്ചജന്യം ഓഡിറ്റോറിയത്തിലാണ് സദ്യ നടത്തുന്നത്. അടുത്ത വർഷം മുതൽ ഈ സദ്യയും ഉണ്ടാവില്ലെന്നും കെ വി സാംബദേവൻ പറഞ്ഞു. പള്ളിയോട സേവാസംഘം നടത്തിയ പ്രതിഷേധപരിപാടിക്ക് ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കെ വി സാംബദേവൻ.


