ശബരിമല ∙ സന്നിധാനത്തെ പൂജാ ആവിശ്യങ്ങൾക്കായും, പൂക്കളാൽ മനോഹരമാക്കാനും ഉദ്ദേശിച്ചു “ദേവഹരിതം” പദ്ധതിയുടെ ഭാഗമായി ശബരിമല സന്നിധാനത്ത് പുതിയ പൂന്തോട്ടങ്ങൾ തയ്യാറാക്കാനുള്ള നടപടികൾ ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് തൈകൾ നട്ടുകൊണ്ട് നിർവ്വഹിച്ചു. ഹൈബ്രിഡ് ഇനത്തിലുള്ള തെറ്റി, മുല്ല തുടങ്ങിയ പൂച്ചെടികളാണ് സന്നിധാനത്തിന്റെ വിവിധ ഭാഗങ്ങളിലെ പൂന്തോട്ടങ്ങളിൽ ഒരുങ്ങുക. 45 ദിവസം കൊണ്ട് പൂക്കൾ ലഭിക്കുന്ന ഹൈബ്രിഡ് ഇനത്തിലുള്ള തൈകളാണ് നടുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം എ.അജികുമാർ, ദേവസ്വം കമ്മിഷണർ സി.വി.പ്രകാശ്, ചീഫ് എൻജിനീയർ രഞ്ജിത് ശേഖർ, ശബരിമല എക്സിക്യൂട്ടീവ് ഓഫിസർ മുരാരി ബാബു എന്നിവർ പങ്കെടുത്തു.



