പന്തളം – നാടിന്റെ വികസനപ്രക്രിയയിൽ കൂടുതൽ പ്രാധാന്യം ഉൽപ്പാദന മേഖലയ്ക്ക് നൽകണമെന്ന് നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. പന്തളം ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൃഷി അനുബന്ധ മേഖലയിൽ ഉൽപാദന മികവ് പുലർത്തണം. കാർഷിക മേഖലയ്ക്കൊപ്പം സേവന-പശ്ചാത്തല വികസനത്തിലും കൂടുതൽ പുരോഗതി കൈവരിക്കണം. ജില്ലാ- ബ്ലോക്ക്- ഗ്രാമ പഞ്ചായത്തുകളുടെ സംയോജിത ഇടപെടലുകൾ ജില്ലയിൽ കൂടുതൽ വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ കഴിയുമെന്ന് ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ 2022-2024 വാർഷിക പദ്ധതി പ്രകാരം ബ്ലോക്കിലെ അഞ്ചു ഗ്രാമപഞ്ചായത്തുകളിൽ ആരംഭിച്ച ‘ഒത്തു ചേരാം നമുക്ക് മുമ്പേ നടന്നവർക്കായി’ വയോജന സർവേ റിപ്പോർട്ട് ഡെപ്യൂട്ടി സ്പീക്കർ പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന സെമിനാറിൽ പ്രസിഡന്റ് ബി എസ് അനീഷ് മോൻ അധ്യക്ഷനായി. ബ്ലോക്കിലെ വിവിധ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കാൻ കഴിഞ്ഞതായി പ്രസിഡന്റ് പറഞ്ഞു. മുൻ എംഎൽഎ കെ സി രാജഗോപാൽ, വൈസ് പ്രസിഡന്റ് അശ്വതി വിനോജ്, ക്ഷേമകാര്യ സ്റ്റാൻഡിഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലാലി ജോൺ, അംഗങ്ങളായ പോൾ രാജൻ, രേഖാ അനിൽ, രജിത കുഞ്ഞുമോൻ, ജൂലി ദിലീപ്, ജോൺസൺ ഉള്ളന്നൂർ, സന്തോഷ് കുമാർ, ആസൂത്രണ സമിതി വൈസ് ചെയർമാൻ സജികുമാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ റോണി സക്കറിയ, പിങ്കി ശ്രീധർ തുടങ്ങിയവർ പങ്കെടുത്തു.
What do you feel about this post?
Like
Love
Happy
Haha
Sad

