സംസ്ഥാനത്തെ സ്ഥിരം ടാർ മോഷ്ടാവും, മോഷണ മുതൽ വാങ്ങിയ കരാറുകാരനും അറസ്റ്റിൽ

Crime
Print Friendly, PDF & Email

തിരുവല്ല: സംസ്ഥാനത്തെ വിവിധ പോലീസ് സ്‌റ്റേഷനുകളിൽ ടാർ മോഷ്ടിച്ചു കടത്തിയതിനു കേസുകളുള്ള പ്രതി വീണ്ടും അറസ്റ്റിൽ. തിരുവൻവണ്ടൂർ ഇരമല്ലിക്കര ഓതറേത്ത് വീട്ടിൽ സുജേഷ് കുമാർ(44) ആണ് അറസ്റ്റിലായത്. കഴിഞ്ഞമാസം പതിനാലിനു രാത്രി എട്ടിനും പിറ്റേന്ന് രാവിലെ 8.30 നുമിടയിൽ മുനിസിപ്പൽ സ്റ്റേഡിയത്തിന് മുൻവശത്തെ പവലിയന് സമീപം തിരുവല്ല ടി കെ റോഡ് – പുഷ്പഗിരി റോഡ് ടാർ ചെയ്യാൻ സൂക്ഷിച്ചിരുന്ന 15 ടാർ വീപ്പകൾ ഇയാളും രണ്ടു സുഹൃത്തുക്കളും ചേർന്ന് പിക് അപ്പ് വാനിൽ കടത്തുകയായിരുന്നു. ഒന്നര ലക്ഷം രൂപ വില വരും. തുടർന്ന് സുഹൃത്തായ കരുനാഗപ്പള്ളിയിലെ ഒരു കരാറുകാരന് വിൽക്കുകയും ചെയ്തു.

തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് മജിസ്‌ട്രേറ്റ് കോടതിയിൽ ഇയാൾക്കെതിരെ എൽ.പി വാറന്റ് നിലവിലുണ്ട്. ഇയാളെ ചങ്ങനാശ്ശേരിയിൽ നിന്നും കഴിഞ്ഞ മൂന്നിന് അറസ്റ്റ് ചെയ്തു സേ്റ്റഷനിൽ എത്തിച്ചു. ചോദ്യംചെയ്തിലും അന്വേഷണത്തിലും പ്രതിക്ക് കോട്ടയം, ചങ്ങനാശ്ശേരി, ഉപ്പുതറ, മണ്ണാർക്കാട്, കൊടുവള്ളി, അയർകുന്നം, പാമ്പാടി തുടങ്ങിയ പോലീസ് സേ്റ്റഷനുകളിൽ മോഷണത്തിന് കേസ് ഉള്ളതായി മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ, പോലീസ് വിശദമായി ചോദ്യം ചെയ്തു. അപ്പോഴാണ് തിരുവല്ലയിൽ നിന്നും ടാർ കടത്തിയ കാര്യം പോലീസിനോട് വെളിപ്പെടുത്തിയത്. താമരശ്ശേരി, കോട്ടയം തുടങ്ങിയ സ്ഥലങ്ങളിലും പരിസരങ്ങളിലും നിന്നുമായി ടാർവീപ്പുകൾ കൂട്ടാളികൾക്കൊപ്പം മോഷ്ടിച്ച് കരുനാഗപ്പള്ളിയിലെ കരാറുകാരന് വിറ്റ് പണം വാങ്ങിയിട്ടുള്ളതായും സമ്മതിച്ചു. കൊടുവള്ളിയിൽ നിന്നും 18 വീപ്പ ടാർ കടത്തിയ അതേ വാഹനമാണ് തിരുവല്ലയിലും ടാർ കടത്താൻ ഉപയോഗിച്ചത്.

ഇയാളിൽ നിന്നും ടാർ വാങ്ങിയ കരുനാഗപ്പള്ളി പന്മന കിഴക്കേതിൽ വീട്ടിൽ മുഹമ്മദ് ഇക്ബാ (53)ലിനെ കേസിൽ നാലാം പ്രതിയായി ഉൾപ്പെടുത്തുകയും, പിറ്റേന്ന് പിടികൂടുകയും ചെയ്തു. നിരവധി സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കുകയും,,അവയ്ക്ക് പിന്നാലെ ദിവസങ്ങളോളം അന്വേഷണം തുടരുകയും, തെരച്ചിൽ വ്യാപകമാക്കുകയും ചെയ്തതിനെ തുടർന്ന് ശ്രമകരമായ ദൗത്യത്തിലാണ് പ്രതികൾ വലയിലായത്. കേസിലെ മറ്റ് രണ്ട് പ്രതികളായ കൊടുവള്ളി സ്വദേശികൾക്കായി അന്വേഷണം പോലീസ് വ്യാപിപ്പിച്ചു. ഡിവൈ.എസ്.പി എസ്. അഷാദിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. പോലീസ് ഇൻസ്‌പെക്ടർ ബി.കെ സുനിൽ കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ, എസ് ഐ ഡി ബിജു, എസ് സി പി ഓമാരായ അഖിലേഷ് , എം എസ് മനോജ് കുമാർ, എൻ സുനിൽ, സി പി ഓ അവിനാശ് വിനായകൻ എന്നിവരാണ് ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *