പത്തനംതിട്ടയിലെ പോലീസ് നരനായാട്ട് : എസ്‌ഐ ജിനു അടക്കം മൂന്നു പോലീസുകാർക്കും സസ്പെൻഷൻ

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ടയിലെ പോലീസ് നരനായാട്ട് : എസ്‌ഐ ജിനു അടക്കം മൂന്നു പോലീസുകാർക്കും സസ്പെൻഷൻ

പത്തനംതിട്ട: അർദ്ധരാത്രിയിൽ സ്ത്രീകൾ അടക്കമുള്ള വിവാഹപ്പാർട്ടിയെ തല്ലിച്ചതച്ച സംഭവത്തിൽ എസ്.ഐ അടക്കം മൂന്നു പോലീസുകാരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. പത്തനംതിട്ട സ്‌റ്റേഷനിലെ എസ്.ഐ ജെ.യു. ജിനു, സി.പി.ഓമാരായ ജോബിൻ ജോസഫ്, അഷ്ഫാക് എന്നിവർക്കെതിരേയാണ് നടപടി. മൂന്നു പേർക്കുമെതിരെ കേസും എടുത്തിട്ടുണ്ട്. എസ്‌ഐയെ രാവിലെ തന്നെ ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് മാറ്റിയിരുന്നു.

മുണ്ടക്കയം പുഞ്ചവയൽ കുളത്താശേരിയിൽ ശ്രീജിത്ത് (34), ഭാര്യ എരുമേലി നോർത്ത് തുലാപ്പളളി ചെളിക്കുഴിയിൽ സി.ടി. സിതാര മോൾ (31), ആലപ്പുഴ നെഹ്‌റു ട്രോഫി വാർഡിൽ ഷിജിൻ (35) എന്നിവരെയാണ് ഇന്നലെ രാത്രി പതിനൊന്നു മണിയോടെ അബാൻ ജങ്ഷനിൽ വച്ച് പോലീസ് സംഘം ഓടിച്ചിട്ടു തല്ലിയത്. പോലീസ് ഡ്രൈവർ സംഭവത്തിൽ ഉൾപ്പെട്ടിട്ടില്ലാത്തതിനാൽ നടപടിയിൽ നിന്നൊഴിവാക്കി.

അടൂരിൽ സിതാരയുടെ സഹോദരന്റെ മകളുടെ വിവാഹ സൽക്കാര ചടങ്ങിൽ പങ്കെടുത്ത് ട്രാവലറിൽ മടങ്ങിയ സംഘത്തിന് നേരെയായിരുന്നു പോലീസ് അതിക്രമം. ഇവർക്കൊപ്പമുണ്ടായിരുന്ന മലയാലപ്പുഴ പുതുക്കുളം സ്വദേശിയെ കൂട്ടിക്കൊണ്ടു പോകാൻ ഭർത്താവ് എത്തി അബാൻ ജങ്ഷനിൽ കാത്തു നിന്നിരുന്നു. ഇവരെ ഇറക്കി വിടാൻ വേണ്ടി വണ്ടി നിർത്തിയപ്പോൾ യുവതി അടക്കം അഞ്ചു പേർ പുറത്തിറങ്ങി നിന്നു. സെൽഫി എടുപ്പും മറ്റുമായി റോഡരികിൽ നിന്ന ഇവരെ പാഞ്ഞെത്തിയ പോലീസ് വാഹനത്തിൽ നിന്ന് മഫ്തി വേഷത്തിൽ ചാടിയിറങ്ങിയ എസ്.ഐയും സംഘവും പൊതിരെ തല്ലുകയായിരുന്നു. ഓടെടാ എന്ന് പറഞ്ഞ് പിന്നാലെ ചെന്ന് എല്ലാവരെയും തല്ലി. ഇതിനിടെ സിതാരയക്ക് മർദനം ഏൽക്കാതിരിക്കാൻ സഹോദരനായ ഷിജിൻ ശ്രമിച്ചു. പോലീസിനെ ഭയന്നോടിയ സിതാര ഇതിനിടെ വീണു. സിതാരയെ നിലത്തിട്ട് ബൂട്ടിട്ട് ചവിട്ടിയെന്നും പറയുന്നു. ഷിജിനെയും പൊതിരെ തല്ലി. എന്തിനാണ് വെറുതെ നിന്നവരെ തല്ലുന്നത് എന്ന് ചോദിച്ച ശ്രീജിത്തിനും അടി കിട്ടി. ഏതാനും മിനുട്ടുകൾ നീണ്ട മിന്നലാക്രമണത്തിന് ശേഷം പോലീസ് വന്ന വഴിക്ക് പോയി. പരുക്കേറ്റവരെ അവർ വന്ന വാഹനത്തിൽ തന്നെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. സിതാരയുടെ തോളെല്ലിന് പൊട്ടലേറ്റു. ശ്രീജിത്തിന്റെ തലയ്ക്കാണ് പൊട്ടൽ. ഷിജിന് മേലാസകലം അടിയേറ്റു. സിസിടിവി ദൃശ്യങ്ങൾ പുറത്തു വരുന്നതു വരെ ലാത്തിച്ചാർജിനെ പോലീസ് നിസാരവൽക്കരിക്കുകയാണ് ഉണ്ടായത്. എന്നാൽ, ദൃശ്യങ്ങൾ പുറത്തു വന്നതോടെ പോലീസ് ബാക്ഫുട്ടിലായി.

സമീപത്തെ ബാറിൽ നിന്ന് കിട്ടിയ പരാതി അനുസരിച്ചാണ് പോലീസ് എത്തിയതെന്ന് പറയുന്നു. ബാർ സമയം കഴിഞ്ഞും ചിലർ വന്ന മദ്യം ആവശ്യപ്പെട്ട് കണ്ണാടി വാതിലിൽ ഇടിച്ചപ്പോൾ സഹായത്തിനെ പോലീസിനെ വിളിച്ചുവെന്ന് ബാർ ജീവനക്കാർ പറയുന്നുണ്ട്. ഇത് പ്രകാരമെത്തിയ പോലീസ് റോഡിൽ നിന്ന യുവതിയെ അടക്കം ഒരു പ്രകോപനവുമില്ലാതെ മർദിക്കുകയായിരുന്നു. ആളു മാറിയാണ് മർദനം നടന്നതെന്ന് പോലീസ് സമ്മതിക്കുന്നുണ്ട്. പത്തനംതിട്ട ഡിവൈ.എസ്.പി എസ്. നന്ദകുമാറിന്റെ നേതൃത്വത്തിൽ പരുക്കേറ്റ സിതാരയുടെ മൊഴി രേഖപ്പെടുത്തിയാണ് എസ്.ഐ അടക്കമുള്ളവരെ പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്തത്.

ഇതിന് പിന്നാലെ എസ്.ഐ ജിനുവിന് ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് മാറ്റി. വൈകിട്ടോടെ മൂന്നു ഉദ്യോഗസ്ഥരെയും സസ്‌പെൻഡ് ചെയ്തു കൊണ്ടുള്ള ഉത്തരവും വന്നു. അതേ സമയം, പോലീസുകാരെ സഹായിക്കുന്ന തരത്തിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പരുക്കേറ്റവർ ആരോപിച്ചു. മാരകമായ പരുക്കുണ്ടായിട്ടും വധശ്രമം ചുമത്തിയിട്ടില്ല. പോലീസുകാർക്കെതിരേ പട്ടികജാതി/വർഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും സർവീസിൽ നിന്ന് പിരിച്ചു വിടണമെന്നും സിതാര ആവശ്യപ്പെട്ടു.

സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പത്തനംതിട്ട സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തി. കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കണമെന്ന് സി.പി.എമ്മും ഡി.വൈ.എഫ്.ഐയും ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *