പത്തനംതിട്ട – പരിസ്ഥിതി സൗഹൃദ മത്സ്യ കൃഷിയെ കുറിച്ച് പഠനമൊരുക്കി ഫിഷറീസ് വകുപ്പ്. പത്തനംതിട്ട ശബരിമല ഇടത്താവളത്തിൽ എന്റെ കേരളം പ്രദർശന മേളയിലാണ് ‘പരിസ്ഥിതി സൗഹൃദ മത്സ്യ കൃഷി മാതൃകകൾ’ എന്ന വിഷയത്തിൽ ഫിഷറീസ് വകുപ്പ് സെമിനാർ സംഘടിപ്പിച്ചത്. ജില്ലാ ഫിഷറീസ് ഓഫീസർ ഡോ. പി എസ് അനിത വിഷയം അവതരിപ്പിച്ചു. ജില്ലയിൽ മത്സ്യകൃഷി ഉത്പാദന വ്യവസായത്തിൽ പുളിക്കീഴാണ് ഒന്നാമത്. പരമ്പരാഗത, ഊർജിത- അർധ ഊർജിത, സംയോജിത, ഏക-ബഹു വർഗ, സമ്മിശ്ര മത്സ്യകൃഷികളെ സെമിനാറിൽ പരിചയപ്പെടുത്തി. മത്സ്യത്തിന്റെ ആഹാരം, വളർത്തേണ്ട രീതി , ഗുണം, ,വളർച്ചയുടെ ഘട്ടം എന്നിവ വിശദീകരിച്ചു . പ്രകൃതി സൗഹൃദ മത്സ്യകൃഷിയിൽ കൃത്രിമ ഇടപെടൽ ആവശ്യമായതിനാൽ മണ്ണിന്റെയും ജലത്തിന്റെയും മലിനീകരണം കുറയ്ക്കുകയും ജൈവവൈവിധ്യം സംരക്ഷിക്കുകയും ചെയ്യണം. പാരിസ്ഥിതിക നേട്ടത്തിന് പുറമേ സംയോജിത കൃഷിയായ നെൽ-മത്സ്യകൃഷി കർഷകർക്ക് സാമ്പത്തിക ലാഭം നൽകുന്നു.
മാനുഷിക ഇടപെടൽ, കാലാവസ്ഥ വ്യതിയാനം തുടങ്ങിയവ മൂലം മത്സ്യഅളവ് കുറയുന്നു. മത്സ്യസമ്പത്ത് വർധിക്കേണ്ടത് ഭക്ഷ്യസുരക്ഷയ്ക്ക് ആവശ്യമാണ്. കൃഷി പ്രോത്സാഹനത്തിലൂടെ പോഷകസുരക്ഷയും ഭക്ഷ്യ സുരക്ഷയും കൈവരിക്കാനാകുമെന്നും ഫിഷറീസ് ഓഫീസർ പറഞ്ഞു. സെമിനാറിൽ പത്തനംതിട്ട ഫിഷറീസ് വകുപ്പിന്റെ പ്രവർത്തനങ്ങളുടെ ദൃശ്യാവിഷ്‌ക്കാരവും അവതരിപ്പിച്ചു. തുടർന്ന് സംശയ ദുരീകരണവും ചോദ്യത്തര വിജയികൾക്ക് സമ്മാനവും നൽകി.


