ഒരിടവേളക്ക് ശേഷം കലാനിലയം രാമചന്ദ്രൻ തിരക്കിലാണ് !!

Pathanamthitta Alappuzha Idukki India Kerala Kollam Music Special Trivandrum
Print Friendly, PDF & Email

പത്തനംതിട്ട – വർഷങ്ങൾക്ക് ശേഷം കലാനിലയം സ്ഥിരം നാടകവേദി വീണ്ടും പത്തനംതിട്ടയിലെത്തി. ഇലവുംതിട്ട സ്വദേശിയായ കലാനിലയം രാമചന്ദ്രൻ എന്നറിയപ്പെടുന്ന അഭിനയമെന്ന കല ജീവിതമാർഗ്ഗമായി സ്വീകരിച്ച കലാകാരൻ വീണ്ടും നാടക സംഘത്തോടൊപ്പം സജീവമായി. ഇപ്പോഴത്തെ പ്രായം അഭിനയിക്കാനും നാടക സംഘത്തോടൊപ്പം യാത്രകൾ ചെയ്യാനും ബുദ്ധിമുട്ടായിരിക്കെ തനിക്ക് പറ്റുന്ന പോലെ നാടക സംഘത്തോടൊപ്പം പലവിധ ജോലികൾ ചെയ്തുകൊണ്ട് രാമചന്ദ്രൻ ഒപ്പമുണ്ട്. വീണ്ടും പത്തനംതിട്ടയിലെത്തിയപ്പോൾ കലാനിലയം കൃഷ്ണൻ നായരുടെ മകനായ ഇപ്പോഴത്തെ നാടകസംഘത്തെ നയിക്കുന്ന അനന്തപദ്മനാഭന്റെ ക്ഷണം കിട്ടിയത് തന്നെ തനിക്കുള്ള അംഗീകാരമായി രാമചന്ദ്രൻ കരുതുന്നു.

സ്‌കൂൾ കാലഘട്ടം മുതൽ തന്നെ കലാരംഗത്ത് സജീവമായിരുന്ന രാമചന്ദ്രൻ 197O കളിൽ ഇലവുംതിട്ടയിൽ നിന്ന് സജീവമായിരുന്ന ആസാദ് ക്ലബ്ബിന്റെ പ്രൊഫഷണൽ നാടക സംഘത്തിനൊപ്പവും, അയത്തിൽ നിന്നും എന്റെ അച്ഛന്റെ നേതൃത്വത്തിൽ ഉണ്ടായിരുന്ന ശിവശക്തി ബാലെ സംഘത്തോടൊപ്പവും മെഴുവേലിയിൽ നിന്ന് വിശ്വംഭരന് നേതൃത്വത്തിൽ ഉണ്ടായിരുന്ന നാടക സംഘത്തോടൊപ്പവും പിന്നീട് പല നാടക വേദിക്കൊപ്പവും സഹകരിച്ചു. ശിവശക്തി ബാലെ ആദ്യമായി ആറന്മുള ക്ഷേത്രത്തിൽ വെച്ച് അരങ്ങിലെത്തിയപ്പോൾ കൊച്ചു മാർക്കണ്ഡേയനായി വേഷമിട്ട ഞാൻ സ്റ്റേജിൽ കയറാതെ പേടിച്ചു കരഞ്ഞുകൊണ്ട് നിന്നപ്പോൾ സ്റ്റേജിനു പിറകിൽ മിഠായി വാങ്ങിത്തന്നു സ്റ്റേജിൽ കയറ്റിയ, ആ ബാലെയിൽ ഹാസ്യ നടനായി അഭിനയിച്ചിരുന്ന രാമചന്ദ്രനാശാനെ ഇന്നലത്തെപ്പോലെ ഞാൻ ഓർക്കുന്നു. ആ സമയത്താണ് കലാനിലയം സ്ഥിരം നാടകവേദി രൂപം കൊള്ളുന്നതും തന്റെ ജീവിതം അതിനോടൊപ്പം ചേർത്തുവെക്കാൻ രാമചന്ദ്രന് അവസരം ലഭിച്ചതും. അന്നും ഇന്നും കലാനിലയത്തിലെ നാടക സംഘത്തിലെ ഓരോ അംഗവും വെറും അഭിനേതാക്കൾ മാത്രമല്ല. നാടകത്തിനു ആവിശ്യമായ എല്ലാ പ്രവർത്തനങ്ങളിലും അവർ സഹകരിക്കുന്നുണ്ട്. കർട്ടൻ വലിക്കുന്നത് ഉൾപ്പടെ. പഴയകാലത്തെ കലാനിലയം നാടക സംഘത്തിലുണ്ടായിരുന്ന മറ്റുപലരെയും പോലെ രാമചന്ദ്രനും തന്റെ കുടുംബത്തിലേക്ക് മടങ്ങി വന്നതുപോലെയുള്ള സന്തോഷത്തിലാണ്. രാവിലെ തന്നെ നാടക അനൗൺസ്‌മെന്റ് വാഹനത്തോടൊപ്പം രാമചന്ദ്രൻ സജീവമാണ്. നാടകം അവസാനിക്കുന്നത് വരെ മറ്റു പല പ്രവർത്തനങ്ങളിലും.

ഗിന്നസ് റെക്കാഡ് നേടിയ പ്രമോദ് പയ്യന്നൂർ തിരക്കഥയെഴുതി, വിജീഷ് മണി സംവിധാനം നിർവഹിച്ച സിനിമയായ വിശ്വഗുരു എന്ന ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള ചിത്രത്തിൽ കുമാരനാശാന്റെ റോളിൽ അഭിനയിക്കാൻ രാമചന്ദ്രന് അവസരം ലഭിച്ചു. 40 വർഷത്തോളം നാടക സംഘത്തോടൊപ്പവും, സിനിമയിലും ഒക്കെ തിളങ്ങിയ ഈ നടനെ ഇലവുംതിട്ടയെന്ന സ്വന്തം നാടും, ചെന്നൈയിൽ അടക്കമുള്ള മറുനാടൻ സംഘടനകളുമൊക്കെ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. വരുംകാലങ്ങളിൽ നമ്മുടെ നാട്ടിലെ നാടകക്കളരികളിൽ അഭിനയം പഠിപ്പിക്കാൻ അദ്ദേഹത്തിന് സാധിക്കട്ടെ എന്നാശംസിക്കുന്നു.

51 കൊല്ലം മുൻപാണ് രക്തരക്ഷസ് എന്ന നാടകം കലാനിലയം കൃഷ്‌ണൻ നായരുടെ നേതൃത്വത്തിൽ ആദ്യമായി അരങ്ങിലെത്തിയത്. മലയാള നാടകത്തിന്റെ മുഖഛായ തന്നെ മാറ്റി എഴുതിയ നാടകമായിരുന്നു അന്നത്തെ രക്തരക്ഷസും, കടമറ്റത്ത് കത്തനാരും, നാറാണത്ത് ഭ്രാന്തനുമൊക്കെ. 1980 ൽ കലാനിലയം കൃഷ്ണൻ നായരുടെ മരണത്തോടെ സ്ഥിരം നാടകവേദിക്ക് കർട്ടൻ വീണു. ജഗതി എൻ.കെ. ആചാരി ആയിരുന്നു രക്തരക്ഷസിന് നാടകരൂപം നൽകിയത്. 2003 ൽ കലാനിലയം കൃഷ്ണൻ നായരുടെ മകൻ അനന്തപത്മനാഭനും ജഗതി എൻ.കെ. ആചാരിയുടെ മകൻ ജഗതി ശ്രീകുമാറും ചേർന്ന് കലാനിലയം സ്ഥിരം നാടകവേദി പുനരുജ്ജിവിപ്പിച്ചു. രക്തരക്ഷസും കടമറ്റത്ത് കത്തനാരും വീണ്ടും അരങ്ങിലെത്തി. 2012 ൽ ജഗതി ശ്രീകുമാറിന് കാർ അപകടത്തെ തുടർന്ന് ഗുരുതര പരുക്കേറ്റതോടെ കലാനിലയത്തിന്റെ നടത്തിപ്പ് അനന്തപത്മനാഭൻ ഒറ്റയ്ക്കായി.

കോവിഡ് വന്നതോടെ നാടകവേദിയുടെ പ്രവർത്തനം വീണ്ടും മുടങ്ങി. പിന്നീട് ഏരിസ് കമ്പനി ഉടമ സോഹൻ റോയിയുമായി അനന്തപത്മനാഭൻ ചർച്ച നടത്തുകയും കലാനിലയം ഏരീസുമായി സഹകരിച്ച് പ്രദർശനം വീണ്ടും ആരംഭിക്കാൻ തീരുമാനിക്കുകയുമായിരുന്നു. അങ്ങനെ ഏരീസ് കലാനിലയം ആർട്‌സ് ആൻഡ് തീയറ്റർ പ്രൈവറ്റ് ലിമിറ്റഡ് രൂപം കൊണ്ടു. ആദ്യമായി അവതരിപ്പിക്കുന്നത് രക്തരക്ഷസ് ആണ്. പൂർണമായും ശീതീകരിച്ച നാടകശാലയിൽ പഴമയും പുതുമയും കോർത്തിണക്കിയാണ് ഇപ്പോൾ നാടകം അരങ്ങേറുന്നത്. 10,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് വേദി ഒരുക്കിയിരിക്കുന്നത്. സദസിൽ 600 പേർക്ക് ഇരിക്കാം. 7.1 ഡിജിറ്റൽ ശബ്ദമികവാണ് ഇപ്പോഴത്തെ നാടകത്തിന്. മലയാളക്കര നെഞ്ചേറ്റിയ “സൽക്കലാ ദേവിതൻ ചിത്രഗോപുരങ്ങളിൽ”… എന്ന അവതരണ ഗാനം ശ്രവ്യമികവോടെ ഇപ്പോഴും നാടകത്തിൽ ഉപയോഗിച്ചിട്ടുണ്ട്. വേദിയിൽ പടുകൂറ്റൻ ജംബോ ജറ്റ് വിമാനം പറന്നിറങ്ങും. കാറുകൾ ചീറിപ്പായും. സിനിമയെ വെല്ലുന്ന സെറ്റിങ്‌സുകളാണ് ഒരുക്കിയിരിക്കുന്നത്. ഇവയൊന്നും ഡിജിറ്റൽ സഹായത്തോടെ അല്ല, സെറ്റാണെന്നും അനന്തപത്മനാഭൻ പറഞ്ഞു.

ഒരുമാസം പത്തനംതിട്ടയിൽ ഈ നാടകസംഘം ഉണ്ടാകും. രാവിലെ മുതൽ തുറന്നിരിക്കുന്ന ടിക്കറ്റ് കൗണ്ടറിൽ നിന്നും, ഓൺലൈനിലും ഒക്കെ ടിക്കറ്റ് എടുക്കുവാനുള്ള സൗകര്യമുണ്ട്. സ്‌കൂളിൽ വിദ്യാർത്ഥികൾക്കായി പ്രത്യേക പ്രദർശനം ഒരുക്കുമെന്നും അനന്തപദ്മനാഭൻ അറിയിച്ചു.
ടിക്കറ്റുകൾ ഓൺലൈനിലും പകൽ സമയങ്ങളിൽ തുറന്നിരിക്കുന്ന കൗണ്ടറിൽ നിന്നും ഒക്കെ ബുക്ക് ചെയ്യുവാനുള്ള സൗകര്യമുണ്ട്. https://arieskalanilayam.com/shows/
അന്വേഷണങ്ങൾക്ക് – 8714088850

ടീം പത്തനംതിട്ടക്ക് വേണ്ടി, ജിബു വിജയൻ ഇലവുംതിട്ട
ചിത്രം – ആയുഷ് വിജയൻ

Leave a Reply

Your email address will not be published. Required fields are marked *