ഏഷ്യയിലെ ഏറ്റവും വലിയ സനാതന ധർമ്മ മേളയായ ചെറുകോൽപ്പുഴ ഹിന്ദുമത കൺവൻഷൻ ഇന്ന് വൈകിട്ട് ഗവർണർ ഉദ്ഘാടനം ചെയ്യും

Kerala Pathanamthitta
Print Friendly, PDF & Email

അയിരൂർ: ചെറുകോൽപ്പുഴ ഹിന്ദുമത മഹാമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ 113-ാമത് ഹിന്ദുമത പരിഷത്ത് ഇന്ന് പമ്പാ മണൽപ്പുറത്ത് ശ്രീ വിദ്യാധിരാജ നഗറിൽ ആരംഭിക്കും. ഒരുക്കങ്ങൾ പൂർത്തിയായി. കൊല്ലം പത്മന ആശ്രമത്തിൽ നിന്നുമുള്ള വിദ്യാധിരാജ ജ്യോതിയും എഴുമറ്റൂർ ശ്രീ പരമ ഭട്ടാരക ആശ്രമത്തിൽ നിന്നുമുള്ള ഛയാ ചിത്രവും അയിരൂർ പുതിയകാവിൽ നിന്നുമുള്ള പതാകയും വഹിച്ചുള്ള ഘോഷയാത്രകളും സദാനന്ദപുരം അവധുതാശ്രമത്തിൽ നിന്നും എത്തുന്ന പദയാത്രയും സ്മൃതി മണ്ഡപത്തിൽ ഇന്ന് രാവിലെ 11 ന് എത്തിച്ചേരും. വാദ്യമേളങ്ങളുടെ അകമ്പടിയോടു കൂടി ശ്രീവിദ്യാധിരാജ നഗറിലേക്ക് സ്വീകരിച്ചാനയിക്കും.

തുടർന്ന് വേദിയിൽ ഭദ്രദീപം തെളിച്ച് ഛയാചിത്ര പ്രതിഷ്ഠ നടത്തി പ്രസിഡന്റ് പി.എസ്. നായർ പതാക ഉയർത്തുന്നതോടെ പരിഷത്തിന് തുടക്കമാകും. വൈകിട്ട് നാലിന് പെരുംകുളം ചെങ്കോൽ ആധീനം സ്വാമി ശിവപ്രകാശ മഹാസന്നിധിയുടെ സാന്നിദ്ധ്യത്തിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ഹിന്ദുമത പരിഷത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായർ അധ്യക്ഷത വഹിക്കും. വാഴൂർ തീർത്ഥ പാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീർത്ഥപാദർ, സദാനന്ദപുരം അവധൂതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദ ഭാരതി എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും. മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ആമുഖ പ്രഭാഷണവും പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ, ജലവിഭവ മന്ത്രി റോഷി ആഗസ്റ്റിൻ എന്നിവർ മുഖ്യപ്രഭാഷണവും നിർവഹിക്കും. രാത്രി 7 30 ന് മീനങ്ങാടി നരനാരായണ അദൈ്വതാശ്രമം മഠാധിപതി സ്വാമി ഹംസാനന്ദപുരി പ്രഭാഷണം നടത്തും.

ഹിന്ദു മത പരിഷത്ത് സമ്മേളന വേദിയിൽ സ്ഥാപിക്കുവാനുള്ള ശ്രീവിദ്യാധി രാജ സ്വാമികളുടെ ഛായാചിത്രം എഴുമറ്റൂർ പരമഭട്ടാരാശ്രമത്തിൽ വാഴൂർ തീർത്ഥ പാദാശ്രമം സെക്രട്ടറി സ്വാമി ഗരുഡധ്വജാനന്ദ തീർത്ഥപാദരിൽ നിന്നും ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്.നായർ, ഛായാചിത്രഘോഷയാത്ര കമ്മിറ്റി ജനറൽ കൺവീനർമാരായ അഡ്വ. പ്രകാശ് ചരളേൽ, അഡ്വ.കെ. ജയവർമ്മ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. സ്വാമി ബോധാനന്ദ തീർത്ഥ പാദർ, ഗോപാൽ കെ. നായർ, എസ്. രവീന്ദ്രൻ, ഹിന്ദുമത മഹാമണ്ഡലം ജനറൽ സെക്രട്ടറി എ.ആർ. വിക്രമൻ പിള്ള, വൈസ് പ്രസിഡന്റുമാരായ മാലേത്ത് സരളാദേവി, കെ.ഹരിദാസ്, കെ.കെ.ഗോപിനാഥൻ നായർ, ഖജാൻജി ടി.കെ.സോമനാഥൻ നായർ, സെക്രട്ടറി ജി. രാജ്കുമാർ, ശ്രീജിത്ത് അയിരൂർ, വി.കെ. രാജഗോപാൽ, ജി. ഉണ്ണികൃഷ്ണൻ, രാജീവ് മഠത്തിൽ, അനിരാജ് ഐക്കര, എം അയ്യപ്പൻകുട്ടി, അനിൽ പൈക്കര, ആർ. സുരേഷ്, സുദർശൻ കുമാർ, രവീന്ദ്രൻ നായർ, രാധ എസ്. നായർ, ഗിരിജാ കുമാരി, ദീപ എസ്. നായർ എന്നിവർ പ്രസംഗിച്ചു. ഘോഷയാത്ര പ്രയാണം ആദ്യ ദിവസം റാന്നിയിൽ സമാപിച്ചു.

തിരുവല്ല തിരുമൂലപുരത്തു നിന്നും രണ്ടാം ദിവസത്തെ പര്യടനം ആരംഭിച്ച ജ്യോതി പ്രയാണം വൈകിട്ട് കിടങ്ങന്നൂർ എത്തിച്ചേർന്നു. വിജയാനന്ദ ആശ്രമത്തിൽ രണ്ടാം ദിവസം സമാപന സമ്മേളനത്തിൽ എം.എ കബീർ പ്രഭാഷണം നടത്തി. ഇന്നലെ രാവിലെ 6.30 ന് കിടങ്ങന്നുരിൽ മൂന്നാം ദിവസ പര്യടനം മാതാജി കൃഷ്ണാനന്ദ പൂർണ്ണിമാമയി ഉദ്ഘാടനം ചെയ്തു. ഇന്ന് രാവിലെ നാലാം ദിവസ പര്യടനം മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായർ നെടുംപ്രയാർ തേവലശേരി ദേവി ക്ഷേത്രത്തിൽ ഉദ്ഘാടനം ചെയ്യും.

കൊട്ടാരക്കര സദാനന്ദപുരം അവധൂത ആശ്രമത്തിൽ നിന്നും ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിലേക്ക് ആരംഭിച്ച പദയാത്ര ആർ.എസ്.എസ് ദക്ഷിണ ക്ഷേത്രീയ കാര്യവാഹക് എം. രാധകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനസഭയ്ക്ക് കെ.പി.എം.എസ് സംസ്ഥാന ട്രഷറർ ജി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. സ്വാമി സദാനന്ദയുടെ പ്രതിമയോട് കൂടിയ രഥത്തിൽ അവധൂത ആശ്രമം മഠാധിപതി സ്വാമി ചിദാനന്ദ ദീപ പ്രോജ്വലനം നടത്തിയതോടു കൂടി പദയാത്ര ആരംഭിച്ചു. കൊട്ടാരക്കര ഗണപതി ക്ഷേത്രം, പള്ളിക്കൽ ദേവി ക്ഷേത്രം, മൈലം ദേവി ക്ഷേത്രം, താമരക്കുടി മഹാദേവർ ക്ഷേത്രം, പട്ടാഴി ദേവി ക്ഷേത്രം തുടങ്ങിയ പുണ്യ സ്ഥാനങ്ങളിൽ സ്വീകരണം ഏറ്റ് വാങ്ങി എനാത്ത് മഹാദേവർ ക്ഷേത്രം വഴി പത്തനംതിട്ട ജില്ലയിൽ പ്രവേശിച്ചു. ഇന്ന് രണ്ടിന് ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിൽ എത്തിച്ചേരും.

Leave a Reply

Your email address will not be published. Required fields are marked *