കോഴഞ്ചേരി: നിയന്ത്രണം വിട്ട സ്‌കൂൾ വാൻ മറിഞ്ഞ് കുട്ടികൾക്കും ആയയ്ക്കും ഡ്രൈവർക്കും നിസാര പരുക്ക്. അയിരൂർ ജ്ഞാനാനന്ദ ഗുരുകുലം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ബസാണ് മറിഞ്ഞത്. ഡ്രൈവർ വിഷ്ണു, കുട്ടികളുടെ സഹായി ഷീല, കാർത്തിക, ഗംഗാലക്ഷ്മി, കാശിനാഥ്, ആദിശങ്കർ, ആദികേശവ്, അദൈ്വത്, അഭിമന്യു, വൈഷ്ണവ് എന്നീ വിദ്യാർഥികൾക്കുമാണ് പരുക്കേറ്റത്. രാവിലെ ഒൻപത് മണിയോടെ പുത്തേഴം മുളവേലിക്കുഴി ഭാഗത്താണ് അപകടം നടന്നത്. ഇറക്കത്തിൽ വണ്ടിയുടെ ബ്രേക്ക് നഷ്ടപ്പെട്ടതോടെ വശത്തെ തിട്ടയിൽ ഇടിച്ചു നിർത്തിയെങ്കിലും വാൻ മറിയുകയായിരുന്നു. ബഹളം കേട്ട് ഓടിക്കൂടിയവർ കുട്ടികളെ വാഹനത്തിനു പുറത്തെത്തിച്ചു. പത്ത് കുട്ടികൾ ഉണ്ടായിരുന്നവരിൽ പരിക്ക് പറ്റിയ എട്ടു പേരെയും വിഷ്ണുവിനെയും ഷീലയെയും കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ചികിത്സ നൽകി എല്ലാവരെയും ഡിസ്ചാർജ് ചെയ്തു.


