ട്രിപ്പിൾ വിൻ പദ്ധതി : ജർമ്മനിക്ക് പോകാൻ നഴ്‌സുമാർക്ക് വർക്ക് പെർമിറ്റ് കൈമാറി

Kerala Trivandrum

തിരുവനന്തപുരം – സംസ്ഥാനത്ത് നിന്നുളള നഴ്‌സിംഗ് പ്രൊഫഷണലുകൾക്ക് ജർമ്മനിയിൽ തൊഴിലവസരമൊരുക്കുന്ന മികച്ച രാജ്യാന്തര മാതൃകയായ നോർക്ക ട്രിപ്പിൾ വിൻ പദ്ധതിയുടെ നാലാമത് ബാച്ചിൽ ആദ്യഘട്ട പരിശീലനം പൂർത്തിയാക്കിയവർക്ക് വർക്ക് പെർമിറ്റ് കൈമാറി. തിരുവനന്തപുരം, കൊച്ചി ഗോയ്‌ഥേ സെന്ററുകളിൽ ജർമ്മൻ ഭാഷാ പഠനത്തിന്റെ എ1, എ2, ബി 1 കോഴ്‌സുകൾ പാസായവർക്കുള്ള വർക്ക് പെർമിറ്റ് നോർക്ക സെന്ററിൽ നടന്ന ചടങ്ങിൽ നോർക്ക സിഇഒ അജിത് കോളശേരി കൈമാറി. ഇവർ മൂന്നുമാസത്തിനുള്ളിൽ ജർമ്മനിയിൽ എത്തും. അസിസ്റ്റന്റ് നഴ്‌സായി ജോലി ചെയ്യുന്നതിനൊപ്പം ബി 2 ഭാഷാ പരിശീലനം ജർമ്മനിയിൽ പൂർത്തിയാക്കണം. അംഗീകൃത പരീക്ഷകൾ പാസായതിനു ശേഷം ജർമ്മനിയിൽ രജിസ്‌ട്രേഡ് നഴ്‌സായി സേവനമനുഷ്ഠിക്കാൻ സാധിക്കും.

ട്രിപ്പിൾ വിൻ പദ്ധതിയുടെ ഭാഗമായി മികച്ച പരിശീലനവും പിന്തുണയുമാണ് നോർക്ക റൂട്ട്‌സ് നൽകുന്നതെന്ന് സിഇഒ അജിത് കോളശേരി പറഞ്ഞു. ആദ്യഘട്ടം പൂർത്തിയാക്കിയവർ ജർമ്മനിയിൽ എത്തിയ ശേഷവും ഭാഷാ ഉപയോഗ ശേഷി മെച്ചപ്പെടുത്താൻ പരിശ്രമിക്കണം. ജർമ്മൻ സംസ്‌കാരത്തെ ബഹുമാനിക്കുകയും ആ രാജ്യത്തെ രീതികളോട് യോജിച്ചു പ്രവർത്തിക്കാൻ തയാറാവുകയും ചെയ്യണം. ഇതുവരെ 600 പേരെ ട്രിപ്പിൾ വിൻ പദ്ധതിയുടെ ഭാഗമായി ജർമ്മനിയിൽ എത്തിക്കാൻ നോർക്ക റൂട്ട്‌സിനായി. വരുന്ന വർഷത്തോടെ ഇത് ആയിരമായി ഉയരുമെന്നും അദ്ദേഹം പറഞ്ഞു. നോർക്ക റൂട്ട്‌സ് നൽകിയ പിന്തുണ സംബന്ധിച്ചും ട്രിപ്പിൾ വിൻ പദ്ധതി സംബന്ധിച്ചുമുള്ള അനുഭവങ്ങളും അഭിപ്രായങ്ങളും വർക്ക് പെർമിറ്റ് ലഭിച്ചവർ പങ്കുവച്ചു. നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് മാനേജർ പ്രകാശ് പി ജോസഫ്, സെക്ഷൻ ഓഫീസർ ബി. പ്രവീൺ എന്നിവരും പങ്കെടുത്തു. നോർക്ക റൂട്ട്‌സും ജർമ്മൻ ഫെഡറൽ എംപ്ലോയ്‌മെന്റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇന്റർനാഷണൽ കോ- ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് പദ്ധതിയാണ് ട്രിപ്പിൾ വിൻ പദ്ധതി.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *