അടൂർ – കാറോടിക്കുമ്പോൾ ഗൂഗിൾ മാപ്പ് നോക്കി വന്ന് അപകടത്തിൽപ്പെട്ടു. ശനിയാഴ്ച രാത്രി 11 മണിയോടെ ഏഴംകുളം ട്രാഫിക് സിഗ്നലിലാണ് അപകടം ഉണ്ടായത്. കൈപ്പട്ടൂർ – ഏഴംകുളം റോഡിലൂടെ കൊല്ലത്തിന് പോകാനായി വന്ന യാത്രികനായിരുന്നു. വഴി നിശ്ചയമില്ലാത്തിനാൽ ഗൂഗിൾ മാപ്പ് നോക്കിയായിരുന്നു ഡ്രൈവിംഗ്. അടുത്തിടെ പണി തീർന്ന് കിടന്ന റോഡിലൂടെ വന്ന യാത്രികന് ഏഴംകുളത്ത് നാലു റോഡുകൾ സംഗമിക്കുന്ന കവലയുണ്ടെന്ന് മനസിലായില്ല. കൊടുമൺ ഭാഗത്ത് നിന്ന് വേഗതയിൽ വന്ന് കെ.പി റോഡിലേക്ക് കയറിയ വാഹനത്തിൽ പത്തനാപുരം റൂട്ടിൽ വന്ന തമിഴ്‌നാട് രജിസ്‌ട്രേഷൻ ലോറിയിലേക്ക് ഇടിക്കുകയായിരുന്നു. ഉപ റോഡിൽ നിന്ന് വന്നു കയറിയ വാഹനം കണ്ട് ലോറി ഡ്രൈവർ പെട്ടെന്ന് ബ്രേക്കിട്ടെങ്കിലും കാറിൽ ഇടിച്ചാണ് നിന്നത്. ഇടയുടെ ആഘാതത്തിൽ കാർ വട്ടം കറങ്ങി നിന്നു. മൂൻഭാഗം തകരുകയും ചെയ്തു. കൈപ്പട്ടൂർ -ഏഴംകുളം റോഡിൽ നിന്ന് കെ.പി റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് സിഗ്നൽ പ്രവർത്തന രഹിതമായിരുന്നു. ഇവിടെ നേരത്തേ വേഗ നിയന്ത്രണത്തിന് ഹമ്പ് ഉണ്ടായിരുന്നു. റോഡ് നവീകരിച്ചതോടെ ഹമ്പ് ഇല്ലാതായി സിഗ്നൽ ബോർഡുകളും സ്ഥാപിച്ചു വരുന്നതേയുളളൂ. ഇതാണ് കഴിഞ്ഞ ദിവസത്തെ അപകടത്തിന് കാരണമായത്.


