കുളനടയിൽ വാഹനങ്ങളുടെ കൂട്ടയിടി : നിയന്ത്രണം വിട്ട ട്രെയിലർ ലോറി ട്രക്കിലേക്ക് പാഞ്ഞു കയറി

Pathanamthitta
Print Friendly, PDF & Email

കുളനട – നിയന്ത്രണം വിട്ട ട്രെയിലർ ലോറി ട്രക്കിലേക്ക് പാഞ്ഞു കയറി. പിന്നാലെ വന്ന രണ്ടു വാഹനങ്ങളും തകർത്ത് സമീപത്തെ കടയിൽ ഇടിച്ച് നിന്നു. മൂന്നു പേർക്ക് പരുക്കേറ്റു. സ്ഥിരം അപകട മേഖലയായ എം.സി റോഡിലെ കുളനടയിൽ ഇന്ന് രാവിലെ ഏഴു മണിയോടെയാണ് അപകടം. കുളനട ജങ്ഷന് സമീപമാണ് നാലു വാഹനങ്ങൾ കൂട്ടയിടിച്ചത്. പന്തളം ഭാഗത്തേക്ക് പോകുകയായിരുന്ന ട്രക്കിൽ എതിർ ഭാഗത്ത് നിന്നും വന്ന നാഷണൽ പെർമിറ്റ് ട്രെയിലർ ലോറി ഇടിച്ചു സമീപത്തെ കടയിലേക്ക് പാഞ്ഞു കയറി. ലോറി വരുന്നത് കണ്ട് ട്രക്ക് ബ്രേക്കിട്ടെങ്കിലും ഇടിച്ചു തെറിപ്പിച്ചു. ട്രക്ക് തെറിച്ചു ചെന്ന് ഇടിച്ചാണ് പിന്നാലെ വന്ന രണ്ടു കാറുകൾ തകർന്നത്.

കുളനട ഇന്ത്യൻ ഓയിൽ പമ്പിന് സമീപം ആണ് അപകടം. അപകടത്തിൽ ലോറിയുടെയും ട്രക്കിന്റെയും കാറിന്റെ ഡ്രൈവർമാർ ഉൾപ്പെടെ മൂന്നു പേർക്ക് പരുക്കേറ്റു. രണ്ടു പേരെ അടൂർ ഗവ.ആശുപത്രിയിലും ഒരാളെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് എംസി റോഡിൽ ഡീസലും ഓയിലും പരന്നൊഴുകി. ഗതാഗതക്കുരുക്കും രൂക്ഷമായി.അടൂരിൽ നിന്നും അഗ്‌നിശമന സേനാ വിഭാഗം സ്ഥലത്തെത്തി റോഡ് കഴുകി വൃത്തിയാക്കി ഗതാഗതം പുനസ്ഥാപിച്ചു.

രാവിലെ പന്തളം ഭാഗത്തേക്ക് പോവുകയായിരുന്ന ട്രക്കിൽ ചെങ്ങന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന നാഷണൽ പെർമിറ്റ് ലൊറി ഇടിച്ച ശേഷം സമീപത്തെ കടയിലേക്ക് പാഞ്ഞു കയറി. ഈ സമയം ട്രക്കിന് പിന്നിൽ വന്ന രണ്ട് കാറുകൾ ഒന്നിന് പിന്നിൽ ഒന്നായി ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ട്രെയിലർ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്ന് സംശയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *